ഏട്ടത്തിയമ്മ ഒരുനാൾ എന്നെ ഫോണിൽ വിളിച്ചു. അമ്മയാണ് ഗൾഫിലെ നമ്പർ കൊടുത്തത്. ബാലൂ.. ഞാൻ സാറ.. വിതുമ്പുന്ന സ്വരം… എനിക്കാളെ പിടികിട്ടിയില്ല. എന്നാലെന്നെ ബാലൂന്നു വിളിക്കുന്നു!
മനസ്സിലായില്ല… ഞാൻ ക്ഷമാപണത്തിന്റെ സ്വരത്തിൽ പറഞ്ഞു. മോനേ ഞാൻ നിന്റെ ഏട്ടത്തിയമ്മയാണ്. ചേട്ടന് ക്യാൻസറാണ്.. പിന്നെയൊരു പൊട്ടിക്കരച്ചിലായിരുന്നു..
ഞാനാകപ്പാടെ വല്ലാതായി. ഭാഗ്യത്തിന് ആ മാസം നല്ല സെയിൽസായിരുന്നു. നാട്ടിൽ പെട്ടെന്നു പോകണ്ട ആവശ്യമുണ്ടെന്നും പറഞ്ഞ് ഞാൻ അടുത്ത ഫ്ലൈറ്റിൽ കേറി. എന്റെ കാര്യത്തിൽ ഒരു താല്പര്യവുമില്ലാത്ത ഭാര്യ അന്നാണ് ഒരാശ്വാസമായിത്തോന്നിയത്.
വീട്ടിൽ ചെന്നപ്പോൾ മൂപ്പിലാൻ പിടികൂടി. അമ്മയിൽ നിന്നും വിവരങ്ങൾ ചോർത്തിയിരുന്നു.
അവനെ ഞാനീപ്പടിക്കു പുറത്താക്കിയതാണ്. ആരുമങ്ങോട്ടു പോവുന്നത് എനിക്കിഷ്ട്ടമല്ല. ഉച്ചത്തിലുള്ള സ്വരം.
കുറച്ചു വർഷങ്ങളായി ധാരാളം ആളുകളും, ബോസുമാരും, കസ്റ്റമർമ്മാരും, കീഴിൽ പണിയെടുക്കുന്നവരും ആയി ഇടപഴകിയ എനിക്ക് ആദ്യമായി മൂപ്പിലാനെ മനസ്സിലായി. വെറും വേഷം കാട്ടി മറ്റുള്ളവരെ ഭയപ്പെടുത്താൻ ശ്രമിക്കുന്ന ഒരു ഭീരു!
ഞാനച്ഛന്റെയടുത്തേക്കു ചെന്നു. മൂപ്പിലാൻ പെട്ടെന്ന് ഞെട്ടിമാറി.
അച്ഛാ.. അധികം ഉപദേശമൊന്നും വേണ്ട. ഞാൻ എനിക്കു തോന്നുന്നതു ചെയ്യും. എന്നെ അനുസരിപ്പിക്കാൻ വരല്ലേ. വയസ്സുകാലത്ത് അടങ്ങിയൊതുങ്ങി അവടിരുന്നോണം! പിന്നെ ഇതും പറഞ്ഞ് പാവമമ്മേടെ മെക്കട്ടുകേറിയെന്നെങ്ങാനും ഞാനറിഞ്ഞാൽ! സ്വരം കടുത്തിരുന്നു. ഒരക്ഷരമുരിയാടാതെ മൂപ്പിലാൻ സ്ഥലം കാലിയാക്കി. അങ്ങേരു കേൾക്കെത്തന്നെ ഞാനൊന്നു കാർക്കിച്ചു തുപ്പി.
ചേട്ടനെക്കണ്ടു ഞാൻ ഞെട്ടിപ്പോയി! കരളിനെ ബാധിച്ച ക്യാൻസർ! എല്ലും തോലുമായി.. എന്റെ സുന്ദരനായ ചേട്ടൻ! ഏറിയാൽ ഒരാഴ്ച! പാവം സംസാരിക്കാൻ കഷ്ട്ടപ്പെടുന്നു! ഒന്നുമാലോചിക്കാതെ ഞാൻ നേരെ ബോസിനെ വിളിച്ചു കാര്യം പറഞ്ഞു. പുള്ളി അവധി നീട്ടാൻ അനുവദിച്ചു.
ആദ്യമായാണ് ഏടത്തിയമ്മയെ കാണുന്നത്. ചേട്ടൻ വീണുപോയതിൽ ആശ്ചര്യമൊന്നുമില്ല. ക്ഷീണിച്ചെങ്കിലും സങ്കടപ്പെട്ടിരുന്നെങ്കിലും അതൊന്നും ആ സൗന്ദര്യം മറച്ചില്ല. രണ്ടു സുന്ദരിപ്പെൺകുട്ടികൾ. മൂത്തത് കരുണ. ചാർട്ടേർഡ് അക്കൗണ്ടന്റാവാൻ കൊമേഴ്സിനു പഠിക്കുന്നു. ഇളയവൾ ഷെർലി. എന്റെ മോളുടെ പ്രായം.