“നീയതെങ്ങോട്ട് പോവ്വാ?”
“അല്ല, ആ പെണ്ണ്??? അവക്കെന്തു പറ്റിയെന്ന് നോക്കണ്ടേ?”
“അതൊക്കെ അവര് നോക്കിക്കോളും. നീയിങ് വന്നേ…”
ജിന്റോ ജോജോയെ വിളിച്ചു മാറ്റി നിർത്തി.
“എടാ… ആ പെണ്ണ് വീണതെങ്ങിനെയാണെന്ന് നമുക്കറിഞ്ഞൂടാ. നമ്മള് മുകളിൽ കയറി വന്നപ്പോ അവൾ വീണു കിടക്കുന്നതാണ് കണ്ടത്.”
“അത് വേണോ ജിന്റോ? ആ കൊച്ചിന് വല്ലതും പറ്റിയാൽ?”
“ഒന്നും പറ്റത്തില്ല. ഈ ലോകത്ത് കൂട്ടി മുട്ടി മരിച്ച ആരെയും എനിക്കറിയില്ല.”
“എന്നാലും ജിന്റോ…”
“ഒരെന്നാലുമില്ല. നീ വാ. ആദ്യം വന്ന കാര്യം ചെയ്ത് തീർക്ക്. തിരിച്ചു വന്നിട്ട് നമുക്ക് ബാക്കി നോക്കാം. നിനക്കാ കൊച്ചിനെ കാണണോ? ഞാൻ കാട്ടിത്തരാം. ഇപ്പൊ നീ മുങ്ങ്.”
“ഏ???”
“അല്ല, വാ ഇന്റർവ്യൂന് പോവാം. ഞാനല്ലേ പറയണെ, ബാ…”
ജോജോ അകത്തേക്ക് എത്തി നോക്കിയപ്പോൾ ഒരു മേശപ്പുറത്ത് എഴുന്നേറ്റിരുന്ന് ആരോ കൊടുത്ത കുപ്പി വെള്ളം വാങ്ങിക്കുടിക്കുന്ന ആ പെണ്കുട്ടിയെ കണ്ടു. അവൾക്ക് കുഴപ്പമൊന്നും പറ്റിയില്ല എന്ന അറിവ് അവന്റെ മനസ്സിനെ തെല്ലൊന്നു തണുപ്പിച്ചു. അവൻ മനസ്സില്ലാ മനസോടെ ജിന്റോയുടെ കൂടെപ്പോയി.
“ഞാൻ പറഞ്ഞതല്ലേ മൈരേ ടൈ കെട്ടാന്ന്. നോക്ക്… എല്ലാ ഊളകളും ടൈ കെട്ടിയാ വന്നേക്കുന്നെ.”
ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പുറത്തു കാത്തിരിക്കുമ്പോൾ ജോജോ ജിന്റോയുടെ കാതിൽ പറഞ്ഞു. അവർക്ക് മുന്നേ വന്ന കുറച്ചു പേരും അവർക്ക് ശേഷം വന്നവരും ഇന്റർവ്യൂ റൂമിന് വെളിയിൽ നിരത്തിയിട്ടിരുന്ന കസേരകളിൽ ഇരിപ്പുറപ്പിച്ചിരുന്നു.
“ജിന്റോ… എനിക്ക് കുറേശെ പേടി തോന്നുന്നുണ്ട്.”
ഇന്റർവ്യൂ കഴിഞ്ഞിറങ്ങി വന്നൊരാൾ നിർവികാരനായി ഇറങ്ങിപ്പോകുന്നത് കണ്ട് ജോജോ ജിന്റോയുടെ കയ്യിൽ പിടിച്ചു.
“നീ പേടിക്കണ്ട. എന്തിനും ഞാനില്ലേ കൂടെ? പേടിക്കാതിരി.”
പെട്ടെന്ന് വാതിൽ തുറന്ന് പത്തു മുപ്പത് തോന്നിക്കുന്ന കോട്ടിട്ടൊരു ചേച്ചി പുറത്തു വന്നു.
“ജോജോ പീറ്റർ…. ജോജോ വന്നിട്ടുണ്ടോ?” അവർ വിളിച്ചു ചോദിച്ചു.
“ആ, ആ… വന്നിട്ടുണ്ട്. എണീക്കേടാ ജോജോ…” ജിന്റോ മിഴിച്ചിരുന്ന ജോജോയെ പിടിച്ചെണീപ്പിച്ചു.