ഇരുട്ടിന്റെ സന്തതികൾ
Eruttinte Santhathikal | Author : Alby
രാത്രി കനത്തിരിക്കുന്നു.എങ്ങും നിശാചര ജീവികളുടെ ശബ്ദം.
തിങ്കൾ കാഴ്ച്ചവിട്ട് മറഞ്ഞിരിക്കുന്ന ദിവസം.എങ്ങും രാത്രിയുടെ കറുപ്പ് വ്യാപിച്ചിരിക്കുന്നു.ചീവീടുകളുടെ മൂളൽ ശക്തിയോടെ കാതിൽ പതിയുന്നു.അടുക്കളപ്പുറത്തെന്തോ ശബ്ദം കേട്ടാണ് ജാനകിയുടെ ശ്രദ്ധ അങ്ങോട്ട് പതിഞ്ഞത്.കുഞ്ഞിനെ ഉറക്കുന്ന തിരക്കിൽ ആയിരുന്നു അവൾ,വേഗം തന്നെ അങ്ങോട്ടെത്തി
അടുക്കള ജനലിലൂടെ പുറത്തേക്ക് എത്തിനോക്കി.ഒന്നും കാണാതെ അവൾ വാതിലിന്റെ കുറ്റി തുറന്ന് പുറത്തേക്കിറങ്ങി.ആവോ തനിക്ക് തോന്നിയതാവും,അവൾ ചുറ്റും നോക്കി.ആരെയും കാണാതെ അവൾ അകത്തേക്ക് കയറാൻ തുനിഞ്ഞു.പെട്ടന്ന് അടുക്കളയോട് ചേർന്നുള്ള വിറകുപുരയുടെ വാതിൽ തുറന്നുകിടക്കുന്നത് അവളുടെ
ശ്രദ്ധയിൽപ്പെട്ടു.
അടച്ചിരുന്നതാണല്ലോ….അവളൊരു നെടുവീർപ്പോടെ അടക്കുവാനായി വീണ്ടും തിരികെയിറങ്ങി.
അടക്കുന്നത് മുന്നേ അവൾ അകത്തേക്കൊന്ന് കണ്ണോടിച്ചു.
അടക്കാൻ തുടങ്ങിവെ അവൾ അകത്തൊരു കാൽപ്പെരുമാറ്റം കേട്ട്
അവിടേക്ക് ശ്രദ്ധിച്ചു.വിറകുകൾ ഉരുണ്ട് നിലത്തേക്ക് ഉരുണ്ടുവീഴുന്ന
ശബ്ദം കേട്ട് അവൾ ഒരടി പിറകോട്ട്
നിന്നു.