“ഞങ്ങള് പറയില്ല എന്ന് അന്നേ പറഞ്ഞതല്ലേ..പിന്നെന്താ ഇപ്പം വീണ്ടുമൊരു ഓര്‍മ്മപ്പെടുത്തല്‍? ഡോണ ഇപ്പോള്‍ വന്നിട്ട് പോയതെ ഉള്ളു..ഞങ്ങള്‍ അവളോട് കമാന്നൊരു അക്ഷരം പറഞ്ഞിട്ടില്ല..പറയുകയുമില്ല..നിങ്ങള്‍ ദയവു ചെയ്ത് പോണം” ജോണി അവരെ ഒഴിവാക്കാനുള്ള വ്യഗ്രതയോടെ പറഞ്ഞു.
“നല്ലത്..ടീച്ചര്‍ക്ക് ബുദ്ധി ഉണ്ട്..അപ്പൊ ഞങ്ങള് പോട്ടെ..മോളെ..ബൈ”
അവന്‍ ജാനറ്റിനെ നോക്കി കൈവീശി കാണിച്ച് തിരിഞ്ഞതും ഇടിമുഴക്കം പോലെ വാസുവിന്റെ ബുള്ളറ്റ് അവിടെത്തി നിന്നതും ഒരുമിച്ചായിരുന്നു. ഡോണ നിമിഷങ്ങള്‍ കൊണ്ട് അതില്‍ നിന്നും ചാടിയിറങ്ങി ഫ്ലാഷ് മിന്നിച്ച് പടപടാ നാലഞ്ച് ഫോട്ടോകള്‍ എടുത്തു. വാസു ഹെല്‍മറ്റ് ഊരി വച്ച ശേഷം ബൈക്കില്‍ ഇരുന്നുകൊണ്ട് തന്നെ അത് സ്റ്റാന്റില്‍ ഇട്ടു. ജോണിയും കുടുംബവും പുതിയ സംഭവവികാസങ്ങള്‍ ഞെട്ടലോടെ നോക്കി നില്‍ക്കുകയായിരുന്നു.
“ആരോട് ചോദിച്ചിട്ടാടീ ഫോട്ടോ എടുത്തത്?”
ഗുണ്ടാനേതാവ് ഡോണയുടെ നേരെ ചീറി. “ആ ക്യാമറ പിടിച്ചു വാങ്ങടാ” അവന്‍ അണികളോട് അലറി.
ഡോണ വീണ്ടും അവരുടെ ഫോട്ടോകള്‍ എടുത്തു. അവള്‍ക്ക് നേരെ ചെന്ന ഒരുത്തനെ വാസു തോളില്‍ പിടിച്ചു നിര്‍ത്തി.
“എങ്ങോട്ടാ മോന്‍? ഉം?” അവന്‍ ബൈക്കില്‍ ഇരുന്നുകൊണ്ട് ചോദിച്ചു.
“അടിക്കടാ നായിന്റെ മോനെ”
നേതാവ് അലറി. ജോണിയും ഭാര്യയും മകളെയും കൊണ്ട് വേഗം വീട്ടിനുള്ളില്‍ കയറി കതകടച്ചു. എന്നിട്ട് ജനലിലൂടെ ഭീതിയോടെ വെളിയിലേക്ക് നോക്കി. ഗുണ്ടകളില്‍ രണ്ടുപേര്‍ വാസുവിന് നേരെ കുതിച്ചു. തോളില്‍ വച്ചിരുന്ന കൈയുടെ ബലത്തില്‍ ബൈക്കില്‍ നിന്നും പൊന്തിയ വാസുവിന്റെ രണ്ട് കാലുകളും ആ രണ്ട് പേരുടെയും നെഞ്ചില്‍ത്തന്നെ പതിഞ്ഞു. വന്നതിനേക്കാള്‍ വേഗത്തില്‍ അവര്‍ പിന്നിലേക്ക് മലര്‍ന്നടിച്ചു വീണു. ജാനറ്റിന്റെ കണ്ണ് തള്ളിപ്പോയി അവന്റെ ആ പ്രകടനം കണ്ടപ്പോള്‍. പിന്നില്‍ നിന്നവനെ നോക്കി ഒന്ന് ചിരിച്ച ശേഷം വാസു അവനെ തട്ടി തോളില്‍ കയറ്റി ഒന്ന് കറക്കിയശേഷം നിലത്തടിച്ചു. പിന്നെ അവന്റെ നെഞ്ചില്‍ ചവുട്ടി ഗുണ്ടാ നേതാവിന്റെ അരികിലെത്തി അവന്റെ കണ്ണിലേക്ക് നോക്കി.
“നീ പ്രായമായ മനുഷ്യരെ വിരട്ടും..ങേ? നീ അവരെ തല്ലും..അല്ലേടാ..തല്‍ക്കാലം നീ ഇത് പിടി..”