മൃഗം 26 [Master]

Posted by

“മോളെ നീ ചെറുപ്പമാണ്..ഈ അറേബ്യന്‍ ഡെവിള്‍സ് ആരാണെന്നാ നിന്റെ വിചാരം? തനി ചെകുത്താന്മാരാണ് അവര്‍. ഈ കൊച്ചി നഗരത്തില്‍ അവര്‍ക്കെതിരെ സംസാരിക്കാനോ കളിക്കാനോ ഒരുത്തനും ധൈര്യപ്പെടില്ല. എവിടെയും അവരുടെ ചെവികളും കണ്ണുകളും ഉണ്ട്. പോലീസിലും രാഷ്ട്രീയക്കാരിലും മറ്റ് ഉദ്യോഗസ്ഥരിലും നല്ല സ്വാധീനവും. അവര്‍ക്കെതിരെ നീങ്ങുന്നതിലും നല്ലത് ട്രെയിനിന്റെ കീഴില്‍ തല വയ്ക്കുന്നതാണ്” ജോണി പറഞ്ഞു.
“അപ്പോള്‍ ആ ചേച്ചി രണ്ടും കല്‍പ്പിച്ചു ചെയ്യുന്നതോ?”
“മോളെ അവളുടെ അപ്പന്‍ പുന്നൂസ് ഒരു കോടീശ്വരന്‍ ആണ്. അത്യാവശ്യം പിടിപടൊക്കെ അയാള്‍ക്കും ഉണ്ട്. പക്ഷെ ഡെവിള്‍സിന് മുന്‍പില്‍ പുന്നൂസ് ഒരു ചുക്കുമല്ല. ഈ കൊച്ചിന്റെ ജീവിതം അപകടത്തിലാണ്..അത് നീ ഏറെ താമസിയാതെ അറിയും..അവനവന്റെ പണി നോക്കി ജീവിക്കാനുള്ളതിനു പകരം മരിച്ചുപോയ ഏതോ പെണ്ണിന് വേണ്ടി ജീവിതം തുലയ്ക്കാന്‍ നടക്കുന്ന വിഡ്ഢി..” അയാള്‍ അരിശത്തോടെ പറഞ്ഞു.
“ആ മരിച്ചുപോയ ചേച്ചിയുടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നു എങ്കിലും പപ്പാ ഇതുതന്നെ പറയുമായിരുന്നോ”
ജാനറ്റിന്റെ ആ ചോദ്യത്തിന് മുന്‍പില്‍ ജോണിയും ട്രീസയും പതറി.
“മോളെ നീ പപ്പയോടു തര്‍ക്കുത്തരം പറയാതെ അകത്ത് പോ. നമുക്ക് ഇതിവിടെ നിര്‍ത്താം. ഞാന്‍ ആരോടും ഒന്നും പറയാന്‍ പോകുന്നില്ല..അതെന്റെ ഉറച്ച തീരുമാനമാണ്..” ട്രീസ ടീച്ചര്‍ ശാസനാരൂപത്തില്‍ മകളോട് പറഞ്ഞു. ജാനറ്റ് മുഖം വീര്‍പ്പിച്ച് പോകാന്‍ എഴുന്നേറ്റതാണ്. അപ്പോഴാണ്‌ ഇരമ്പിയെത്തിയ ഒരു ജീപ്പ് വീട്ടുമുറ്റത്തേക്ക് കയറി ബ്രേക്കിട്ടത്. അവര്‍ നോക്കവേ, അതില്‍ നിന്നും അബുബക്കറിന്റെ വീട്ടിലെത്തിയ അതേ ഗുണ്ടകള്‍ ചാടിയിറങ്ങി ജോണിയുടെ അടുത്തേക്ക് എത്തി. ജാനറ്റ് ഭീതിയോടെ അവരെ നോക്കി.
“എന്തൊക്കെയുണ്ട് ടീച്ചറെ? സുഖമല്ലേ?” ഒരു വഷളച്ചിരിയോടെ ടീച്ചറെയും മകളെയും നോക്കി ഗുണ്ടാനേതാവ് ചോദിച്ചു.
ജോണിയും ടീച്ചറും മകളും ഞെട്ടലോടെ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു.
“ആരാ? എന്ത് വേണം?” ജോണി ധൈര്യം സംഭരിച്ചു ചോദിച്ചു. അവന്മാരുടെ വൃത്തികെട്ട നോട്ടം കണ്ട ജാനറ്റ് മുഖം ചുളിച്ചു.
“ഞങ്ങള്‍ ആരാണെന്ന് വഴിയെ അറിയും..തല്‍ക്കാലം ഒരു കാര്യം പറയാനാ വന്നത്. നിങ്ങളെ കാണാന്‍ ഡോണ എന്നൊരു ടിവിക്കാരി വരാന്‍ ഇടയുണ്ട്. ആളെ അറിയാമല്ലോ അല്ലെ? അവള്‍ ചോദിക്കുന്ന ഒരൊറ്റ ചോദ്യത്തിനും മറുപടി കൊടുത്തേക്കരുത്..കൊടുത്താല്‍..കളി ആരോടാണ് എന്നറിയാമല്ലോ.” (ജാനറ്റിനെ നോക്കി) “മോള്‍ ഏതു കോളജിലാ പഠിക്കുന്നത്?”

Leave a Reply

Your email address will not be published. Required fields are marked *