“ഈ പെങ്കൊച്ചിന് ഇതെന്തിന്റെ സൂക്കേടാ?..അവന്മാര് ചെയ്ത തെറ്റിന്റെ ശിക്ഷ ദൈവം നല്‍കും..അല്ലാതെ ഈ കൊല്ലാനും കൊല്ലിക്കാനും നടക്കുന്നവന്റെ ഒക്കെ പിന്നാലെ രണ്ടും കല്‍പ്പിച്ച് ഇങ്ങനെ ഇറങ്ങുക എന്നൊക്കെ വച്ചാല്‍? ഇട്ടുമൂടാന്‍ സ്വത്തുള്ള വീട്ടിലെ ഏക പെണ്‍തരി ആണ്.. അവളുടെ അപ്പനെങ്കിലും ഇതിനെ ഒന്ന് ഉപദേശിച്ചു കൂടെ”
അസ്വസ്ഥതയോടെ ജോണി പറഞ്ഞു. അയാളും ഭാര്യ ട്രീസ ടീച്ചറും മകള്‍ ജാനറ്റും വൈകുന്നേരം വീടിന്റെ വരാന്തയില്‍ സമ്മേളിച്ചിരിക്കുകയായിരുന്നു. അവരെ കണ്ട ശേഷം വാസുവും ഡോണയും അബുബക്കറിന്റെ വീട്ടിലേക്ക് പോയ സമയത്ത് അവളെപ്പറ്റി സംസാരിക്കുകയായിരുന്നു അവര്‍ മൂവരും. അവളോട് സഹകരിക്കാന്‍ ടീച്ചര്‍ അന്നും തയാറായില്ല. ജോണിയാണ് പ്രധാനമായും ടീച്ചറെ അതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നത്. അറേബ്യന്‍ ഡെവിള്‍സിനെ അയാള്‍ക്ക് അത്രയ്ക്ക് ഭയമായിരുന്നു.
“ആ കൊച്ചിനെ കൊല്ലാന്‍ അവര്‍ പദ്ധതി ഇട്ടിട്ടുണ്ട് എന്നാണ് കേഴ്വി. അതിനാണ് ഇപ്പം കൂടെ വന്ന ആ പയ്യനെ അവളുടെ ബോഡി ഗാര്‍ഡ് ആയി വച്ചിരിക്കുന്നത്..പക്ഷെ അറേബ്യന്‍ ഡെവിള്‍സിന്റെ മുമ്പീ ഈ ചെക്കന്‍ ഒരു ചുക്കുമല്ല എന്ന് അറിയാവുന്നവര്‍ക്കല്ലേ അറിയൂ..എന്ത് വന്നാലും നീ അവര്‍ക്കെതിരെ ഒരക്ഷരം ഉരിയാടരുത്. നമുക്ക് കണ്ട വയ്യാവേലി തലയില്‍ കയറ്റി വയ്ക്കേണ്ട യാതൊരു കാര്യവുമില്ല..” ജോണി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തിക്കൊണ്ട് പറഞ്ഞു.
“ഞാനത് അതിനോട് അന്നേ പറഞ്ഞതാണ്; പക്ഷെ അവള്‍ അതിന്റെ പിന്നാലെ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുവല്ലേ..ഈ കൊച്ച് എന്നും പുറത്ത് പോകുന്നതാണ്..എന്തിനാണ് അതീ അപകടം പിടിച്ച പണി ചെയ്യുന്നത് എന്നെനിക്ക് മനസിലാകുന്നില്ല.. നമ്മള്‍ അവര്‍ക്കെതിരെ വല്ലതും പറഞ്ഞാല്‍, ഇവളെ ആയിരിക്കും അവന്മാര്‍ ആദ്യം ഉപദ്രവിക്കുക. കണ്ണില്‍ ചോര ഇല്ലാത്ത എന്തിനും പോന്ന അവന്മാരോട് നമുക്ക് എതിര്‍ക്കാനുള്ള ശേഷി ഉണ്ടോ”
ടീച്ചര്‍ ആശങ്കയോടെ അയാളെനോക്കി.
“ആ ചത്തുപോയ പെണ്ണ് ഇവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു..” ജോണി നടത്ത നിര്‍ത്തി ഇരുവരോടുമായി പറഞ്ഞു. പിന്നെ വീണ്ടും നടക്കാനാരംഭിച്ചു.
“ഇങ്ങനെ പേടിച്ച് ജീവിച്ചാലോ മമ്മി? ആ ചേച്ചി ശ്രമിക്കുന്നത് അവര്‍ മൂലം മരിച്ചുപോയ ഒരു പാവം പെണ്ണിന് നീതി വാങ്ങി കൊടുക്കാനല്ലേ..അവര്‍ക്കുള്ള അത്ര റിസ്ക് ഇതില്‍ നമുക്കില്ലല്ലോ..” ജാനറ്റ് ട്രീസയുടെ നിലപാട് ഇഷ്ടപ്പെടാത്ത മട്ടില്‍ ചോദിച്ചു.