“ഇങ്ങള് എന്തിനാണ് ഇങ്ങോട്ട് ബന്നത്..ഈ മനുസനെ കൊലയ്ക്ക് കൊടുക്കാനോ..ഞമ്മക്ക് ഒന്നും അറിഞ്ഞൂടാന്ന് അന്നേ പറഞ്ഞതല്ലേ..ഇങ്ങള് പിന്നേം പിന്നേം എന്തിനാ ഇങ്ങോട്ട് ബരുന്നത്..പോ..ഇബട നില്‍ക്കണ്ട..പോ…” അവര്‍ ഹിസ്റ്റീരിയ പിടിച്ചതുപോലെ ചീറി. ഡോണ അവരുടെ പെരുമാറ്റം കണ്ടു ചെറുതായി പകച്ചു.
“ഇത്താ ഈ ചേച്ചി ടിവിയില്‍ വരുന്നതാ”
സമീറ അത്ഭുതത്തോടെ അവളെ നോക്കി സുറുമിയുടെ കാതില്‍ മന്ത്രിച്ചു. ബക്കര്‍ ഡോണയെ നോക്കുന്നതേയില്ലായിരുന്നു. സുറുമി വേഗം ഇറങ്ങി ഡോണയുടെ അരികില്‍ ചെന്നു.
“ചേച്ചി..ഉമ്മ വെറുതെയല്ല ദേഷ്യപ്പെടുന്നത്. അല്‍പ്പം മുന്‍പ് കുറെ ഗുണ്ടകള്‍ ഇവിടെ വന്ന് എന്റെ വാപ്പച്ചിയെ തല്ലി ഭീഷണിപ്പെടുത്തി ഞങ്ങളോട് വൃത്തികേടും പറഞ്ഞിട്ട് അങ്ങോട്ട് പോയതെ ഉള്ളു. ചേച്ചി വന്നു വല്ലതും ചോദിച്ചാല്‍ ഒരക്ഷരം പറയരുത് എന്നാണ് അവര് പറഞ്ഞത്….ദയവു ചെയ്ത് നിങ്ങള്‍ ഞങ്ങളെ വെറുതെ വിട്ടേക്ക്..ഞങ്ങള്‍ക്ക് വാപ്പച്ചി മാത്രമേ ഉള്ളു ചേച്ചി..”
നിറകണ്ണുകളോടെ അവള്‍ ഡോണയുടെ മുന്‍പില്‍ കൈകള്‍ കൂപ്പി. ഡോണയുടെ മുഖം വലിഞ്ഞു മുറുകി. അവളുടെ മനസ്സില്‍ കണക്കുകൂട്ടലുകള്‍ നടക്കുകയായിരുന്നു.
“അവര്‍ ഇപ്പോള്‍ പോയതെ ഉള്ളോ” ഡോണ ചോദിച്ചു.
“അതെ..”
ഡോണ ബക്കറിന്റെ അരികിലെത്തി.
“വാപ്പച്ചി..ഞാന്‍ കാരണം അവര്‍ വാപ്പച്ചിയെ തല്ലിയെങ്കില്‍, ഞാന്‍ മാപ്പ് ചോദിക്കുന്നു..വാപ്പച്ചി പേടിക്കണ്ട..അവരെ ഞാന്‍ വെറുതെ വിടില്ല..”
അവള്‍ വേഗം വന്നു ബൈക്കില്‍ കയറി.
“വാസു..വണ്ടി വിട്..നമുക്ക് പോയിട്ട് വരാം..” അവള്‍ പറഞ്ഞു.
“എങ്ങോട്ട്..”
“നമ്മള്‍ ട്രീസ ടീച്ചറിനെ കണ്ടിട്ടല്ലേ വരുന്നത്..അവരും ഇതേപോലെ തന്നെ പെരുമാറിയത് നീ കണ്ടല്ലോ..ഇവിടെ വന്ന ഗുണ്ടകളെ ഡെവിള്‍സ് അയച്ചതാണ്. നമ്മള്‍ ഷാജിയെ പിടികൂടി തെളിവ് എടുത്ത വിവരം അറിഞ്ഞ അവന്മാര്‍ നമുക്ക് മുന്‍പേ പണി തുടങ്ങിക്കഴിഞ്ഞു..ഇവരെ വിരട്ടി നിര്‍ത്തി സത്യം പറയിക്കാതിരിക്കാന്‍ ഉള്ള ശ്രമം ആണ് ഇപ്പോള്‍ നടന്നത്. അവന്മാര്‍ മിക്കവാറും നേരെ ട്രീസ ടീച്ചറെ കാണാന്‍ ആകും പോയിട്ടുണ്ടാകുക..അങ്ങനെ ആണെങ്കില്‍ നമുക്ക് ഉടന്‍ അവിടെത്തണം..ഞാന്‍ ഇച്ചായനെ ഒന്ന് വിളിച്ചു വിവരം പറയാം..നീ വണ്ടി എടുക്ക്”
അവള്‍ തിടുക്കത്തോടെ പറഞ്ഞു. വാസുവിന്റെ കാല്‍ കിക്കറില്‍ അമര്‍ന്നു. ഹെല്‍മറ്റ് ധരിച്ചുകൊണ്ട് അവന്‍ ബൈക്ക് തിരിച്ചു.
——————–