“ഇങ്ങള് മര്യാദയ്ക്ക് സംസാരിക്കണം..(തിരിഞ്ഞു നോക്കി) ഉള്ളില്‍ പോ മക്കളെ ഈ ശെയ്ത്താന്‍മാരുടെ മുമ്പീ നിക്കാണ്ട്..(വീണ്ടും ഗുണ്ടകളുടെ നേരെ തിരിഞ്ഞ്)..ആരോട് എന്ത് പറേണമെന്നു ഞമ്മക്ക് അറിയാം..എറങ്ങിപ്പോ ഞമ്മടെ പൊരേന്ന്..” അബുബക്കര്‍ കോപത്തോടെ പറഞ്ഞു. സ്വന്തം മക്കളെ കുറിച്ച് അവന്‍ പറഞ്ഞത് അയാളെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.
“മൂപ്പില്‍സ് ആളു കൊള്ളാമല്ലോ? എടൊ വയസു കാലത്ത് ഈ തടി ഇല്ലായ്മ ആക്കല്ലേ..പറഞ്ഞത് ഓര്‍മ്മ ഉണ്ടല്ലോ? അവളോട് താന്‍ എന്തെങ്കിലും പറഞ്ഞെന്നറിഞ്ഞാല്‍, പിന്നെ തന്റെ മക്കളെ മാത്രമല്ല, ഈ രണ്ട് കാലുംകൂടി ഞങ്ങള്‍ ഇങ്ങേടുക്കും..പിച്ച തെണ്ടി ജീവിക്കും താന്‍ ശിഷ്ടകാലം…”
അവന്‍ പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു. അബുബക്കറിന്റെ ഭാര്യയും മക്കളും ഭയന്നു വിറച്ചു നില്‍ക്കുകയായിരുന്നു.
“അളിയാ ഇയാള് കേള്‍ക്കാതിരിക്കുന്നതാണ് നല്ലത്..അതിന്റെ പേരില്‍ ഈ പച്ചക്കരിമ്പുകളെ എടുത്തിട്ട് ഒരു പണി പണിയാമായിരുന്നു..” സമീറയെയും സുറുമിയെയും നോക്കി മറ്റൊരുവന്‍ വികൃതച്ചിരിയോടെ പറഞ്ഞു.
“കേറിപ്പോടീ അകത്ത്..” അബുബക്കര്‍ മക്കളെ നോക്കി അലറി. പിന്നെ ഗുണ്ടകളുടെ നേരെ തിരിഞ്ഞു “അനക്കൊക്കെ ബീട്ടില്‍ അമ്മേം പെങ്ങമ്മാരും ഇല്ലേടാ..അതോ നീയൊക്കെ ഓരുടെ കൂടെ ആണോ കെടപ്പ്..ഹറാം പെറപ്പുകളെ..എറങ്ങി പോടാ..” അയാള്‍ കോപം കൊണ്ട് ജ്വലിച്ചു.
“തന്തയില്ലാഴിക പറയുന്നോടാ കിഴവാ” ഗുണ്ടാ നേതാവ് അബുബക്കറിന്റെ കരണം തീര്‍ത്ത് പ്രഹരിച്ചുകൊണ്ട് അട്ടഹസിച്ചു. ബക്കര്‍ മറിഞ്ഞു പെട്ടിയുടെ മുകളിലേക്ക് വീണുപോയി. അയാളുടെ മക്കളും ഭാര്യയും നിലവിളിയോടെ അങ്ങോട്ട് അടുത്തപ്പോഴേക്കും അവന്‍ കത്തി എടുത്ത് അവര്‍ക്ക് നേരെ ചൂണ്ടി.
“അനങ്ങിപ്പോകരുത്..ഇയാളോട് പറഞ്ഞത് കേട്ടല്ലോ..അത് ഒന്ന് ഓര്‍മ്മിപ്പിച്ചു കൊടുത്തേക്ക്..” അവരെ രൂക്ഷമായി നോക്കി അങ്ങനെ പറഞ്ഞിട്ട് അവന്‍ പുറത്തേക്ക് നടന്നു. അവര്‍ ചെന്നു വണ്ടിയില്‍ കയറിപ്പോയപ്പോള്‍ ബക്കറിനെ ഭാര്യയും മക്കളും കൂടി പിടിച്ച് എഴുന്നേല്‍പ്പിച്ചു.
“പടച്ചോനെ..എന്തിനാ അവര് നിങ്ങളെ തല്ലിയത്”
കാര്യമറിയാതെ അയാളുടെ ഭാര്യ തിരക്കി. കുട്ടികള്‍ കരയുന്നുണ്ടായിരുന്നു.
“കരയാണ്ട് മക്കളെ..ഞമ്മക്കൊന്നും പറ്റീല്ല..” അയാള്‍ കവിളില്‍ തടവിക്കൊണ്ട് പറഞ്ഞു.
“ആരാ വപ്പച്ചി അവന്മാര്‍? എന്തിനാ അവര് ഇപ്പം ഇങ്ങോട്ട് വന്ന് ഇങ്ങനൊക്കെ ചെയ്തത്?” മൂത്തമകള്‍ സുറുമി വാപ്പയുടെ കവിളില്‍ മെല്ലെ തടവിക്കൊണ്ട് ചോദിച്ചു.