സഫിയ ശരിയാണ് എന്ന് തലയാട്ടിക്കൊണ്ട് വീണ്ടും മുന്‍പിലേക്ക് നോക്കി. പിന്നില്‍ ലോറിയുടെ ഇരമ്പല്‍ കേട്ട ഷാജി അതിനു കയറിപ്പോകാന്‍ സൈഡ് നല്‍കിക്കൊണ്ട് ബൈക്ക് മെല്ലെ അരികിലേക്ക് അടുപ്പിച്ചു.
പെട്ടെന്ന് മിന്നല്‍ പോലെ ഒരു വെളിച്ചവും പാഞ്ഞടുക്കുന്ന ഏതോ വാഹനത്തിന്റെ സൈറനും ഷാജി കേട്ടു. ആംബുലന്‍സോ ഫയര്‍ വാഹനമോ എവിടെ നിന്നോ കുതിച്ചു വരുന്നുണ്ട് എന്ന് മാത്രം അവന് മനസിലായി. അറിയാതെ അവന്‍ വേഗത കൂട്ടി.
“വാപ്പച്ചി..നമ്മള്‍ എന്നാ വാസു മാമനെ കാണാന്‍ പോകുന്നത്…അയ്യോ വാപ്പച്ചി ലോറി..”
പിന്നിലേക്ക് അവനെ നോക്കി ചോദിച്ച സഫിയ തൊട്ടടുത്ത് എത്തിയ ലോറി കണ്ടു ഭയന്ന് നിലവിളിച്ചു. ബൈക്കിന്റെ കണ്ണാടിയില്‍ ലോറിയുടെ ഭീമാകാരരൂപം കണ്ട ഷാജി ഏതോ നിയോഗം പോലെ ഹാന്‍ഡിലില്‍ നിന്നും കൈകള്‍ മാറ്റി മകളെ ഇറുകെ കെട്ടിപ്പിടിച്ചു. തൊട്ടടുത്ത നിമിഷം ബൈക്ക് അവര്‍ക്കൊപ്പം മുകളിലേക്ക് ഉയര്‍ന്നു.