മൃഗം 26 [Master]

Posted by

അതിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഭേരു എന്ന കന്നടക്കാരന്‍ ഇരിപ്പുണ്ടായിരുന്നു. കൈയില്‍ ഉണ്ടായിരുന്ന മദ്യക്കുപ്പിയില്‍ നിന്നും ഒരുകവിള്‍ മദ്യം ഇറക്കിയ ശേഷം ഭേരു വണ്ടി ഒന്നാം ഗിയറില്‍ ഇട്ടു മുന്‍പോട്ടെടുത്തു. അല്‍പ്പം മുന്‍പിലായി മെല്ലെ പൊയ്ക്കൊണ്ടിരുന്ന ഷാജിയുടെ ബൈക്കിലേക്ക് നോക്കിക്കൊണ്ട് ഭേരു ഒരു സിഗരറ്റിനു തീ കൊളുത്തി.
സന്ധ്യയുടെ കുളിര്‍മ്മയില്‍, പിതാവിന്റെ മടിയില്‍ ഇരുന്നുകൊണ്ട് നിഷ്കളങ്കമായ സന്തോഷത്തോടെ കാഴ്ചകള്‍ കണ്ടു നീങ്ങുകയായിരുന്ന സഫിയ എന്ന കുരുന്ന്, തൊട്ടുപിന്നാലെയുള്ള മരണദൂതന്റെ വരവ് അറിയുന്നുണ്ടായിരുന്നില്ല. തങ്ങളെ യമപുരിയിലേക്ക്‌ യാത്രയാക്കാന്‍ കാലന്‍ ഭേരുവിന്റെ രൂപത്തില്‍ ആ വലിയ വാഹനത്തില്‍ ഇരിക്കുന്നത് ഷാജിയും അറിഞ്ഞില്ല. സഫിയയുടെ നിഷ്കളങ്ക മുഖത്ത് കളിയാടിയിരുന്നത് പൂവിനെ വെല്ലുന്ന പാല്‍പ്പുഞ്ചിരി ആയിരുന്നു. മകള്‍ക്ക് അല്‍പ്പം പോലും അലോസരമുണ്ടാകാതിരിക്കാന്‍ ഡെവിള്‍സ് തീറ്റിപ്പോറ്റുന്ന ഒന്നാം നമ്പര്‍ ഗുണ്ടയായ ഷാജി വളരെ ശ്രദ്ധിച്ചാണ് ബൈക്ക് ഓടിച്ചുകൊണ്ടിരുന്നത്.
സിഗരറ്റിന്റെ പുക വലിച്ചൂതി വിട്ടുകൊണ്ട് ഭേരു മുന്‍പിലേക്ക് നോക്കി. ബൈക്ക് ലേശം തിരക്കുള്ള സ്ഥലത്ത് കൂടിയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അവന്‍ അകലം വിട്ട് ക്രൂരമായ കണ്ണുകളോടെ ഗിയര്‍ മാറ്റി. അന്ന്, ഇതുപോലെ ഒരു ദിവസമാണ് അസീസിനെ കൊല്ലാനുള്ള കൊട്ടേഷനുമായി അവന്‍ കൊച്ചിയില്‍ എത്തിയത്. അന്ന് പക്ഷെ ഒരു പിഴവ് പറ്റി. ആരെയാണോ കൊല്ലാന്‍ ഉദ്ദേശിച്ചത്, അവന്‍ മരിച്ചില്ല; മരിച്ചത് അവന്റെ ഭാര്യയായിരുന്നു. അതിന്റെ പേരില്‍ അറേബ്യന്‍ ഡെവിള്‍സ് അവനെ എടുത്തിട്ടു പെരുമാറിയില്ല എന്നെ ഉള്ളു; ബാക്കി എല്ലാം അവര്‍ ചെയ്തു. ഇന്നത്തെ ദൌത്യം അതേപോലെ പരാജയപ്പെടരുത് എന്ന് ഭേരുവിന് നിര്‍ബന്ധമുണ്ടായിരുന്നു. പരാജയപ്പെട്ടാല്‍ തന്നെ തട്ടിക്കളയാന്‍ പോലും അവര്‍ മടിക്കില്ല. ലക്ഷങ്ങള്‍ ആണ് തനിക്ക് ഇതുപോലെയുള്ള ദൌത്യങ്ങള്‍ക്ക് അവരെണ്ണി നല്‍കുന്നത്. അവന്‍ മദ്യമെടുത്ത് അല്പം കൂടി കുടിച്ചു. ബൈക്ക് തിരക്കില്‍ നിന്നും ആളൊഴിഞ്ഞ ഭാഗത്തേക്ക് നീങ്ങിയപ്പോള്‍ ഭേരുവിന്റെ കണ്ണുകള്‍ വന്യമായി തിളങ്ങി. അവന്റെ കാല്‍ ആക്സിലേറ്ററില്‍ മെല്ലെ അമര്‍ന്നു.
“വാപ്പച്ചി..നമ്മള് വാസു മാമനെ കാണാന്‍ പോകുമ്പം ഉമ്മേം കൂടി കൊണ്ട് പോകാം” സഫിയ മുഖം തിരിച്ച് ഷാജിയോട് ചോദിച്ചു.
“ഉമ്മയെ എന്തിനാ മോളെ കൊണ്ട് പോകുന്നത്? നമ്മള്‍ രണ്ടാളും പോയാല്‍ പോരെ? ഉമ്മ വന്നാല്‍ പിന്നെ വീട്ടില്‍ ചോറൊക്കെ ആര് വക്കും”

Leave a Reply

Your email address will not be published. Required fields are marked *