“അതൊക്കെ അവന്റെ ഓരോ തരികിടയാ മോളെ..അവനെ മോളിനി കാണണ്ട”
“ഹ്മം.എനിക്ക് കാണണം..മാമനെ എനിക്കൊത്തിരി ഇഷ്ടാ..” അവള്‍ ചിണുങ്ങി കരയാന്‍ തുടങ്ങി.
ഷാജി കുഴങ്ങി. ലോകത്ത് അവനേറ്റവും സ്നേഹിക്കുന്നത് അവന്റെ മകളെ ആണ്. അവളുടെ മനസ് വിഷമിക്കുന്നത് സഹിക്കാന്‍ പറ്റില്ല അവന്. അവള്‍ നിര്‍ബന്ധം പിടിച്ചു കരയാന്‍ തുടങ്ങിയപ്പോള്‍ അവന്റെ മനസലിഞ്ഞു.
“പൊന്നുമോള് കരയാതെ. നമുക്ക് വേറൊരു ദിവസം പോകാം. എനിക്കവന്റെ വീട് അറിയില്ല. അത് എവിടാണെന്ന് അറിഞ്ഞ ശേഷം വാപ്പച്ചി മോളെ കൊണ്ടുപോകാം..അതുപോരെ?”
അവളുടെ കുഞ്ഞുമുഖം സന്തോഷം കൊണ്ട് വിടര്‍ന്നു.
“മതി..നല്ല വപ്പച്ചി..ഉമ്മ്മ്മ” തിരിഞ്ഞ് അവന്റെ കവിളില്‍ ചുംബിച്ചുകൊണ്ട് സഫിയ പറഞ്ഞു.
“എന്നാല്‍ നമുക്ക് പോകാം? മോള്‍ക്ക് ഇനി വല്ലതും വേണോ?”
“ഒന്നും വേണ്ട..വാസു മാമനെ കാണാന്‍ പോകുമ്പം നമുക്ക് ചോക്കലേറ്റ് വാങ്ങിക്കണം..മാമന് കൊടുക്കാന്‍”
“വാങ്ങാം”
സഫിയ ചിരിച്ചു. അവളുടെ ആഗ്രഹം വാപ്പച്ചി സമ്മതിച്ചതിന്റെ സന്തോഷത്തിലുള്ള നിഷ്കളങ്കമായ ചിരി. ഷാജി ബൈക്ക് സ്റ്റാര്‍ട്ട് ആക്കി. കാറ്റില്‍ സഫിയയുടെ മുടികള്‍ ഇളകി പറന്ന് അവന്റെ മുഖത്തേക്ക് പതിഞ്ഞപ്പോള്‍ അവന്‍ അവളുടെ ശിരസില്‍ ചുംബിച്ചു.
ബൈക്ക് സിറ്റിയില്‍ നിന്നും ഉള്ളിലേക്കുള്ള വഴിയെ തിരിഞ്ഞു. കഷ്ടിച്ചു രണ്ട് വലിയ വണ്ടികള്‍ക്ക് പോകാന്‍ തക്ക വീതിയുള്ള റോഡിലൂടെ ഷാജി മെല്ലെ ബൈക്ക് ഓടിച്ചു. സാധാരണ നല്ല വേഗതയില്‍ വണ്ടി ഓടിക്കുന്ന അവന്‍ മകള്‍ കൂടെ ഉണ്ടെങ്കില്‍ വളരെ സൂക്ഷിച്ചു മാത്രമേ പോകൂ. റോഡില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിച്ചു തുടങ്ങിയിരുന്നു. നേരിയ തണുപ്പുള്ള ആ സായാഹ്നത്തിന്റെ മനോഹാരിത ആസ്വദിച്ചുകൊണ്ട് ഷാജി മെല്ലെ നീങ്ങി.
ഒരു വളവു തിരിഞ്ഞ് അവന്‍ മുന്‍പോട്ടു പോയപ്പോള്‍, അതുവരെ റോഡിന്റെ സൈഡില്‍ പാര്‍ക്ക് ചെയ്തിട്ടിരുന്ന മംഗലാപുരം രജിസ്ട്രേഷന്‍ ഉള്ള ഒരു അശോക് ലൈലാന്റ് ട്രക്ക് കറകറ ശബ്ദത്തോടെ സ്റ്റാര്‍ട്ട് ആയി.