“ഷാജി, ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നവനെ അവര്‍ വിദഗ്ധമായി കുടുക്കി ഞങ്ങള്‍ക്കെതിരെ തെളിവ് ഉണ്ടാക്കി..ഇത്രയും നാള്‍ ഭയപ്പെടുത്തി നിര്‍ത്തിയിരുന്ന രണ്ട് സാക്ഷികളെ ഭംഗിയായി കൈയിലെടുത്ത് അവരില്‍ നിന്നും മൊഴി എടുത്തു..ഇന്നലെ അവരെ വിരട്ടാന്‍ അയച്ച കുറെ ഊളന്മാരെ പൌലോസ് പിടിച്ചു കൊണ്ട് പോയിട്ടുണ്ട്..അതിനിടെ നിനക്ക് പകരം ജയിലില്‍ പോയ അസീസ് എന്നവന്‍ പരോളില്‍ വന്നപ്പോള്‍ എല്ലാം ഡോണയോട് തുറന്ന് പറഞ്ഞു. അവനെ തട്ടാന്‍ ഒരു തെണ്ടിയെ ഏര്‍പ്പാടാക്കി എങ്കിലും അവന്റെ ഭാര്യ മാത്രമേ ചത്തുള്ളൂ..അവനെ വീണ്ടും തട്ടാന്‍ ഒരുത്തിയെ പറഞ്ഞു വിട്ടു..അവളാണ് നീ ആദ്യം കേട്ട നായിക നാദിയ..അവളെക്കൊണ്ട് എസിപി സത്യം പറയിച്ചു. മാലിക്ക് ആണ് അവളെ ഏര്‍പ്പെടുത്തിയത് എന്ന മൊഴി പൊലീസിന് കിട്ടിക്കഴിഞ്ഞു..അങ്ങനെ മുംതാസ് കേസ് ഭംഗിയായി കഥ എഴുതുന്നത് പോലെ എഴുതി തെളിവ് സഹിതം കോടതിക്ക് നല്‍കാന്‍ ബാക്കി വേണ്ടിയിരുന്ന ഏക കണ്ണി നീ ആയിരുന്നു. ആ നീ വാസുവിന്റെ കഥ കേട്ടപാടെ കുറ്റിയും പറിച്ച് ഇങ്ങു വരികയും ചെയ്തു.നിന്നെ കൈയില്‍ കിട്ടിയാല്‍ പിന്നെ നമുക്ക് ഒരുമിച്ചു ഉണ്ട തിന്നാന്‍ ഉള്ള യോഗമാണ് മോനെ തെളിഞ്ഞു തെളിഞ്ഞു വരുന്നത്” അര്‍ജുന്‍ വീണ്ടും മദ്യം നിറച്ചുകൊണ്ട് പറഞ്ഞു.
“ഒരെണ്ണം എനിക്കൂടെ..”
ഏസിയുടെ കുളിര്‍മയിലും വിയര്‍ത്ത് തുടങ്ങിയ കബീര്‍ ഗ്ലാസ് നീട്ടിക്കൊണ്ടു പറഞ്ഞു. അര്‍ജുന്‍ ഒഴിച്ച സ്കോച്ച് വെള്ളം പോലും ചേര്‍ക്കാതെ കബീര്‍ വിഴുങ്ങി. അവന്‍ പരവേശത്തോടെ അവരെ നോക്കി.
“നിങ്ങള്‍ ഈ പറയുന്നതൊക്കെ സത്യമാണോ?”
“അല്ലടാ..ഞങ്ങള്‍ നിര്‍മ്മിക്കാന്‍ പോകുന്ന സിനിമയുടെ കഥ നിന്നോട് പറയുകയായിരുന്നു. നീ കുടുങ്ങിക്കഴിഞ്ഞു..ഇതില്‍ നിന്നും രക്ഷപെടാന്‍ ഒരൊറ്റ വഴിയെ ഉള്ളു…” സ്റ്റാന്‍ലി പറഞ്ഞു.
“പറ.എന്ത് വേണേലും ഞാന്‍ ചെയ്യാം”
“കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്തോളാം..പക്ഷെ ചിലവുണ്ട്..അമ്പത് ലക്ഷം രൂപ..അത് ഞങ്ങളുടെ അക്കൌണ്ടില്‍ ഏതെങ്കിലും എന്‍ ആര്‍ ഐ അക്കൌണ്ടില്‍ നിന്നും ക്രെഡിറ്റ് ആയാല്‍, നിനക്ക് ജയിലില്‍ പോകാതെ കഴിക്കാം..കേസ് ഞങ്ങള്‍ തീര്‍പ്പാക്കിക്കൊള്ളാം”
“എങ്ങനെ? തെളിവുകള്‍ എല്ലാം നിങ്ങള്‍ക്ക് എതിരെ അവര്‍ക്ക് കിട്ടിയ സ്ഥിതിക്ക്…”