“ഇങ്ങക്കും ഏതേലും ഒരു സ്ഥലത്തിരുന്നു കച്ചോടം ചെയ്തൂടെ..”
“അങ്ങനൊന്നും പറ്റൂല്ല..അയിനൊക്കെ എന്തോ പുതിയ നിയമങ്ങള്‍ ഒക്കെ ബരുന്നുണ്ട്..പോകുന്നടത്തോളം ഇങ്ങനെ പോട്ടെ..സ്ഥിരം ഞമ്മടെന്നു മീന്‍ മാങ്ങുന്ന കുറെ ബീട്ടുകാരുണ്ട്..അതുകൊണ്ട് കൊയപ്പമില്ല”
“സുറുമിയെ ആരുടെ കൂടെങ്കിലും പറഞ്ഞു ബിടണം..ഓള്‍ക്ക് പ്രായം ഇരുപത് കയിഞ്ഞ്..”
“ഉം..ജ്ജ് ബേജാറാകാണ്ട്..പടച്ചോന്‍ ഒരു ബയി കാണിക്കും..”
അയാള്‍ ദീര്‍ഘമായി നിശ്വസിച്ചു. ഭാര്യ ഉള്ളിലേക്ക് പോയപ്പോള്‍ ചായ കുടിച്ചു തീര്‍ന്ന അബുബക്കര്‍ പെട്ടി കഴുകാനായി എഴുന്നേറ്റു. അപ്പോഴാണ് ഒരു പഴയ ജീപ്പ് പൊടിപറത്തി അയാളുടെ വീടിന്റെ മുന്‍പിലെത്തി നിന്നത്. അതില്‍ നിന്നും ഗുണ്ടകളെപ്പോലെ തോന്നിക്കുന്ന ആറേഴുപേര്‍ ചാടിയിറങ്ങി അയാളുടെ വീട്ടിലേക്ക് കയറി.
“താനല്യോടോ അബുബക്കര്‍” അവരുടെ നേതാവ് അബു ബക്കറിന്റെ മുന്‍പിലെത്തി ചോദിച്ചു.
“അതെ..ആരാ..എന്താ ബല്ല കൊയപ്പോം..” അവരുടെ മട്ടിലും ഭാവത്തിലും പന്തികേട് മണത്ത അബുബക്കര്‍ ചോദിച്ചു.
“തനിക്ക് കുഴപ്പം ഒന്നും ഉണ്ടാകാതിരിക്കാനാ ഞങ്ങളിപ്പം ഇങ്ങോട്ട് വന്നത്”
ശബ്ദം കേട്ടു വീട്ടിലെ മറ്റ് അംഗങ്ങള്‍ അവിടേക്ക് വന്നു നോക്കി. ഇളം പ്രായത്തിലുള്ള സുറുമിയെയും സമീറയെയും കണ്ട ഗുണ്ടകള്‍ വികടച്ചിരിയോടെ അവരെ നോക്കി.
“നല്ല പരുവം പ്രായത്തിലുള്ള മക്കള്‍ ഉണ്ടല്ലോടോ തനിക്ക്..ങാ അതെന്തോ ആകട്ടെ..തന്നോട് ഡോണ എന്നോരുത്തി വന്നു ചിലതൊക്കെ ചോദിക്കും. തനിക്കറിയാം അവളെ..അവളിവിടെ മുന്‍പും വന്നിട്ടുണ്ട്. ഒരക്ഷരം താന്‍ അവളോട് ഉരിയാടിയാല്‍..ഈ നില്‍ക്കുന്ന രണ്ടെണ്ണത്തിനേം തന്റെ കണ്മുന്നില്‍ ഇട്ടു ഞങ്ങള്‍ പണിയും..ഓര്‍ത്തോണം”