“യെസ്..അപ്പൊ നീ മറന്നിട്ടില്ല. അന്ന് ഞങ്ങള്‍ പോലീസിനൊരു പ്രതിയെ നല്‍കി കേസ് തീര്‍ത്തു. അതോടെ എല്ലാവരുടെയും വായ്കളും അടഞ്ഞു. പക്ഷെ മോനെ ഒരു രാജവെമ്പാല മാത്രം അതില്‍ വീണില്ല. അവള്‍ക്ക് നന്നായി അറിയാമായിരുന്നു മുംതാസിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ നീയും ഞങ്ങളും ആണെന്ന്..അന്ന് മുതല്‍ അവള്‍ നമ്മളെ കുടുക്കാനുള്ള പ്രയത്നത്തില്‍ ആണ്. അവളെ തട്ടിക്കളയാന്‍ ഞങ്ങള്‍ ഇടയ്ക്ക് ആലോചിച്ചെങ്കിലും, വക്കീല്‍ പറഞ്ഞത് അവളെത്ര ശ്രമിച്ചാലും ഈ കേസ് ഇനിയും കുത്തിപ്പൊക്കാന്‍ പറ്റില്ല എന്നാണ്. കാരണം പോലീസ് ഇതുമായി സഹകരിക്കില്ല എന്നത് തന്നെ. അതുകൊണ്ട് അവള്‍ക്ക് ഞങ്ങള്‍ ആയുസിന്റെ കാര്യത്തില്‍ ഒരു ഡിസ്കൌണ്ട് നല്‍കി. അതിപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ പാരയായി മാറിയിരിക്കുകയാണ്. അന്ന് മുതല്‍ അവള്‍ ശ്രമം തുടര്‍ന്നുകൊണ്ടേഇരിക്കുകയാണ്… ഞങ്ങളുടെ ഭീഷണി കാരണം അവളുടെ തന്തപ്പടി എവിടുന്നോ ഒരു ഗജപോക്രിയെ അവളുടെ ബോഡി ഗാര്‍ഡ് ആയും ഇതിനിടെ വച്ചു. അവനാണ് നിന്റെ വീട്ടില്‍ കേറി മേഞ്ഞ വാസു..”
സ്റ്റാന്‍ലി പറഞ്ഞു നിര്‍ത്തിയിട്ട് ഗ്ലാസിലേക്ക് മദ്യം പകര്‍ന്നു. കബീര്‍ ഞെട്ടലോടെ ഇരിക്കുകയായിരുന്നു.
“അവനും കൂടി ഒപ്പമുള്ളത് കൊണ്ട് അവള്‍ക്കിപ്പോള്‍ ഭയം ലവലേശമില്ല. കൂടാതെ എ സി പി ഇന്ദുലേഖ അവളുടെ ക്ലാസ് മേറ്റും അടുത്ത കൂട്ടുകാരിയുമാണ്. അതും പോരാഞ്ഞ് കേരളാ പോലീസിലെ ഒന്നാം നമ്പര്‍ റൌഡി പൌലോസ് എന്ന എസ് ഐയെ പണി കൊടുക്കാന്‍ വേണ്ടി ഞങ്ങള് തന്നെ ഇങ്ങോട്ട് തട്ടിക്കുകയും ചെയ്തു. അതിപ്പോള്‍ എങ്ങാണ്ട് കിടന്ന മൂര്‍ഖനെ എടുത്ത് വേണ്ടാത്തിടത്ത് വച്ചതുപോലെയായി..അവളെ ഭീഷണിപ്പെടുത്തിയത് കൊണ്ട് വാസുവും, പണി കൊടുക്കാന്‍ ശ്രമിച്ചത് കൊണ്ട് പൌലോസും ഇവിടെത്തി എന്ന് സാരം. ഞങ്ങള്‍ക്ക് ഈയിടെയായി പറ്റുന്നത് മൊത്തം കുഴപ്പങ്ങള്‍ ആണ്..” അര്‍ജ്ജുന്‍ മുകളിലേക്ക് നോക്കി ആരോടെന്നില്ലാതെയാണ് അത് പറഞ്ഞത്.
“പൌലോസ് വന്നത് കൊണ്ട് നിങ്ങള്‍ക്കെന്ത് കുഴപ്പം? പോലീസുകാര്‍ അല്ലാതെ തന്നെ ഇവിടെ ഉള്ളതല്ലേ?” കബീര്‍ ചോദിച്ചു.
“മോനെ കബീറെ നിന്റെ വീട്ടില്‍ കേറി മേഞ്ഞ വാസുവില്ലേ? നീ പറഞ്ഞ മൂന്നു കട്ടകളെ തൂക്കി താഴെ അടിച്ചവന്‍? കൈയിലിരിപ്പിന്റെ കാര്യത്തില്‍ അവന്റെ ഏതാണ്ട് ചേട്ടനായി വരും ഈ പൌലോസ്..കൂടെ പോലീസ് ഉദ്യോഗോം ഉണ്ട്. അവനും അവള്‍ക്ക് കട്ട സപ്പോര്‍ട്ട് ആണ്..ലോകത്ത് ഒരുത്തനെയും പേടി ഇല്ലാത്ത രണ്ട് വേള്‍ഡ് ക്ലാസ് ഗുണ്ടകള്‍ അവള്‍ക്കൊപ്പം ഉണ്ടെന്നര്‍ത്ഥം. അതിലൊരു ഗുണ്ടയ്ക്ക് അടിക്കാനും പിടിക്കാനും സര്‍ക്കാര്‍ ലൈസന്‍സും കൊടുത്തിട്ടുണ്ട്..അവര്‍ ഉണ്ടാക്കിയ തന്ത്രത്തില്‍ കുരുങ്ങിയാണ് നീ ഇപ്പോള്‍, ഇവിടെ ഞങ്ങളുടെ മുന്‍പില്‍ ഇരിക്കുന്നത്..ഇപ്പോള്‍ വല്ലതും മനസിലായോ?” സ്റ്റാന്‍ലി ചോദിച്ചു.
കബീര്‍ വിയര്‍ത്ത് തുടങ്ങിയത് അവര്‍ ശ്രദ്ധിച്ചു.