മൃഗം 26 [Master]

Posted by

“അയ്യോ ക്ലോസ് കോടതിയല്ലേ ചെയ്തത്. ഇവിടിപ്പോ കോടതിയെക്കാള്‍ മുന്തിയ ഒരു സാധനം ഇറങ്ങിയിട്ടുണ്ട്..അവള്‍ അതിന്റെ മുക്കും മൂലയും കുത്തിപ്പൊക്കി നമ്മളെ അകത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിന്നെ ഇവിടേക്ക് എത്തിച്ചത്..മുംതാസ് കേസ് പൂര്‍വാധികം ശക്തിയോടെ ഉയിര്‍ത്ത് എഴുന്നേറ്റിരിക്കുന്നു മകനെ”
സ്റ്റാന്‍ലി മദ്യമെടുത്തു നുണഞ്ഞുകൊണ്ട് പറഞ്ഞു. കബീര്‍ പരിഭ്രാന്തനായി ഇരുവരെയും മാറിമാറി നോക്കി.
“എന്നെ എത്തിച്ചെന്നോ? ഞാന്‍ തനിയെ വന്നതല്ലേ? അര്‍ജ്ജുന്‍..എന്തൊക്കെയാണ് ഞാന്‍ കേള്‍ക്കുന്നത്? മുംതാസ് കേസ് വിധിയായി തീര്‍ന്നു എന്നല്ലേ നിങ്ങള്‍ എന്നോട് പറഞ്ഞിരുന്നത്? പ്രതിയെ കോടതി ശിക്ഷിക്കുകയും ചെയ്തു..പിന്നിപ്പോള്‍?” അവന്റെ ശബ്ദം ചെറുതായി വിറച്ചിരുന്നു.
“മുംതാസിന്റെ പ്രേതം രംഗത്തിറങ്ങി കബീര്‍..” അര്‍ജുന്‍ ചിരിച്ചു.
“ഏയ്‌..നിങ്ങള്‍ തമാശ കളയൂ..എന്താണ് സംഗതി എന്ന് പറയൂ..എനിക്കൊന്നും മനസിലാകുന്നില്ല” അവന്‍ പരിഭ്രാന്തിയോടെ രണ്ടുപേരെയും നോക്കി പറഞ്ഞു.
“സ്റ്റാന്‍ലി..പൌലോസ് പിടിച്ചുകൊണ്ട് പോയ ആ ഊളന്മാരും നമ്മുടെ പേര് പറയും എന്നാണല്ലോ തോന്നുന്നത്..അവന്മാരുടെ കാര്യത്തില്‍ എന്ത് ചെയ്യും” അര്‍ജുന്‍ കബീറിന് മറുപടി നല്‍കാതെ ചോദിച്ചു.
“മോനെ അര്‍ജുനാ..കഷ്ടകാലം അറബിക്കടല്‍ ഇളകി വരുന്നത് പോലെ നമ്മുടെ നേരെ വന്നുകൊണ്ടിരിക്കുകയാണ്. പൌലോസ് പിടിച്ച ഗുണ്ടകളെ നമ്മളിനി എന്ത് ചെയ്യാന്‍. അയാള്‍ അവന്മാരുടെ അപ്പൂപ്പന്മാരെക്കൊണ്ട് വരെ സത്യം പറയിക്കും. അവര് നമ്മുടെ പേര് പറയുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവും വേണ്ട…അതിനെ എങ്ങനെ മറികടക്കാം എന്ന് മാത്രം ചിന്തിച്ചാല്‍ മതി. തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ..നമുക്ക് ഇവന്റെ കാര്യം നമുക്കൊന്ന് പരിഗണിക്കാം..അപ്പൊ കബീറെ..നീ എന്താ ചോദിച്ചത്?”
“നിങ്ങള്‍ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല എന്ന്…”
“പറയാം. അന്ന് നീ ഇവിടുന്നു രായ്ക്ക് രാമാനം നാട് വിടേണ്ടി വന്നത് എന്തുകൊണ്ടാണ് എന്നോര്‍മ്മ ഉണ്ടോ?” സ്റ്റാന്‍ലി ചോദിച്ചു.
“ഉവ്വ്..ആ ടിവിക്കാരി പെണ്ണ് മുംതാസ് വിഷയം പ്രശ്നം ആക്കിയ സമയത്തല്ലേ ഞാന്‍ പോയത്..”

Leave a Reply

Your email address will not be published. Required fields are marked *