“ഉം..ഇനി പറ..എന്താണ് വീട്ടില്‍ നടന്നത്?” അര്‍ജുന്‍ ആദ്യത്തെ പെഗ് അടിച്ച ശേഷം ചോദിച്ചു. കബീര്‍ മദ്യം അല്‍പം നുണഞ്ഞ ശേഷം ഗ്ലാസ് വച്ചു.
“വാസു എന്നൊരുത്തന്‍ വീട്ടില്‍ കയറി വാപ്പയെ ആക്രമിച്ചു. വാപ്പയുടെ മൂന്ന് അനന്തിരവന്മാര്‍ അവിടെ ഉണ്ടായിരുന്നു. മൂന്നും തിന്നു കൊഴുത്ത് ജിമ്മില്‍ പോയി മസില്‍ ഉരുട്ടി നടക്കുന്ന കട്ടകള്‍ ആണ്. ആ മൂന്നിനെയും ഒറ്റയ്ക്ക് അടിച്ചു നിലത്തിട്ടു വാപ്പയേയും ഭീഷണിപ്പെടുത്തി ഒരാഴ്ചയ്ക്കകം എന്നെ നാട്ടില്‍ എത്തിച്ചോണം എന്ന് അവന്‍ താക്കീത് നല്‍കിയത്രേ. ഇല്ലെങ്കില്‍ വീണ്ടും അവന്‍ വീട്ടില്‍ ചെല്ലുമെന്ന് പറഞ്ഞതോടെ വാപ്പ അങ്കലാപ്പിലായി. അവന്‍ ജൂവലറിയില്‍ എങ്ങാനും കയറി പ്രശ്നം ഉണ്ടാക്കിയാല്‍ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകും. ഒപ്പം അത് ബിസിനസിനെയും ബാധിക്കും. വാപ്പ പോലീസില്‍ പരാതി നല്‍കിയിട്ടും അവര്‍ അന്വേഷിക്കാം എന്ന് പറഞ്ഞതല്ലാതെ ഒരു ചുക്കും ചെയ്തിട്ടില്ല. വാപ്പയ്ക്ക് വല്ല കുഴപ്പവും ഞാന്‍ കാരണം ഉണ്ടാകുമോ എന്ന ഭയം കൊണ്ടും, ആ നായിന്റെ മോനെ ഒന്ന് കാണാനും വേണ്ടിയുമാണ് ഞാന്‍ പെട്ടെന്ന് തന്നെ വന്നത്..നിങ്ങള്‍ക്ക് അവനെ അറിയാമോ?” കബീര്‍ തന്റെ ആഗമനോദ്ദേശം അവരെ അറിയിച്ചുകൊണ്ട് ചോദിച്ചു.
“ഓഹോ…അപ്പോള്‍ അവിടെ വരെയായി കാര്യങ്ങള്‍. അര്‍ജുന്‍, വക്കീല്‍ പറഞ്ഞത് ശരിയാണ്. അവര്‍ പണി തുടങ്ങിക്കഴിഞ്ഞു. ഇവനെ ഇങ്ങോട്ട് വരുത്തിയത് എന്തിനാണ് എന്നറിയാമല്ലോ? നമുക്കെതിരെ ഉള്ള ഏറ്റവും വലിയ സാക്ഷി ആണ് ഈ ഇരിക്കുന്ന കബീര്‍. സാക്ഷി മാത്രമല്ല, ഇവനാണ് മുംതാസ് കേസിലെ ഒന്നാം പ്രതിയും. രണ്ടാം സ്ഥാനത്ത് മാത്രമേ നമ്മള്‍ വരൂ..അങ്ങനെ വാസുവിന്റെ മിന്നല്‍ പ്രകടനത്തിലൂടെ കബീര്‍ നാട്ടിലെത്തി. എന്തായാലും ഇവന്‍ നേരെ ഇങ്ങോട്ട് തന്നെ വന്നത് നന്നായി..നീ എന്ത് പറയുന്നു?” സ്റ്റാന്‍ലി കബീറിന് മറുപടി നല്‍കാതെ അര്‍ജ്ജുനെ നോക്കി ചോദിച്ചു.
“ഇങ്ങനെയൊരു നീക്കം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. റാവുത്തര്‍ സാഹിബ് ഭയന്നു എങ്കില്‍ അതിനര്‍ത്ഥം അവനവിടെ നല്ലൊരു ഷോ തന്നെ നടത്തി എന്നതാണ്..നമ്മള്‍ വേഗം, അതിവേഗം പ്രവര്‍ത്തിക്കേണ്ട സമയം ആയിരിക്കുന്നു..” അര്‍ജുന്‍ പറഞ്ഞു.
അല്‍പ്പം മാറി നിന്നു ഫോണില്‍ സംസാരിക്കുകയായിരുന്ന മാലിക്ക് പരിഭ്രമത്തോടെ അവിടേക്ക് എത്തി.
“സ്റ്റാന്‍ലി..നാദിയ എന്റെ പേര്‍ ഇന്ദുലേഖയോട് പറഞ്ഞു. കരണ്ടി നേരത്തെ തന്നെ നമ്മളാണ് അവനെ അയച്ചത് എന്ന് പറഞ്ഞിരുന്നല്ലോ..ഇനിയിപ്പോ എന്ത് ചെയ്യും?” അവന്‍ രണ്ടുപേരെയും മാറിമാറി നോക്കി ചോദിച്ചു.
“നീ അവളെ വിളിച്ചത് സ്വന്തം മൊബൈലില്‍ നിന്നുമായിരുന്നോ?” അര്‍ജ്ജുന്‍ ചോദിച്ചു.
“അല്ല..ആ സിം ഞാന്‍ കളഞ്ഞു..”