ചുവന്ന തിളക്കമുള്ള സില്‍ക്ക് ജൂബയും ചന്ദന നിറമുള്ള ജീന്‍സും ആയിരുന്നു അവന്റെ വേഷം. ലേശം നീട്ടി വളര്‍ത്തിയ മുടിയും ഭംഗിയായി വെട്ടി നിര്‍ത്തിയിരുന്ന മീശയും ഒരു സിനിമാതാരത്തിന്റെ ഗ്ലാമര്‍ അവനു സമ്മാനിച്ചിരുന്നു. കഴുത്തില്‍ ചെറിയ ഒരു കയറിന്റെ ഘനമുള്ള സ്വര്‍ണ്ണമാല വെയിലേറ്റു വെട്ടിത്തിളങ്ങി.
“നിങ്ങള്‍ പൊക്കോ..വണ്ടി ഇവിടെ ഇടണ്ട. ഞാന്‍ വിളിക്കുമ്പോള്‍ വന്നാല്‍ മതി”
ഡ്രൈവറെ നോക്കി അങ്ങനെ പറഞ്ഞിട്ട് അവന്‍ നേരെ ചെന്നു ഡോര്‍ബെല്ലിന്റെ സ്വിച്ച് അമര്‍ത്തി.
“ഹല്ലോ കബീര്‍..നൈസ് ടു മീറ്റ് യു എഗൈന്‍” കതക് തുറന്ന മാലിക്ക് വിടര്‍ന്ന ചിരിയോടെ പറഞ്ഞു.
“ഹായ് മാലിക്ക്..എവിടെ മറ്റേ രണ്ട് സാറന്മാര്‍?” കബീര്‍ ചിരിച്ചുകൊണ്ട് തിരക്കി.
“വരൂ..അവര്‍ ഉള്ളിലുണ്ട്”
കതകടച്ച ശേഷം മാലിക്ക് അവനെയും കൂട്ടി ഉള്ളിലേക്ക് നടന്നു.
“ഹായ്..കമോണ്‍ കബീര്‍..ഞങ്ങള്‍ നിനക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. ഇന്നലെ രാത്രി എത്തി അല്ലെ?” സ്റ്റാന്‍ലി ഹസ്തദാനം നല്‍കിക്കൊണ്ട് ചോദിച്ചു. അര്‍ജ്ജുനും അവനു കൈ നല്‍കി.
“അതെ..ഇന്നലെ എത്തി..എത്തിയതല്ല എത്തിച്ചതാണ്..ഏതോ ഒരു വാസു..എന്റെ വീട്ടില്‍ കയറി വാപ്പയെ തല്ലിയ അവനെ നേരില്‍ ഒന്ന് കാണാന്‍ തന്നെയാണ് ഞാന്‍ വന്നത്..നിങ്ങള്‍ അറിയുമോ അവനെ?” കബീറിന്റെ മുഖത്ത് കോപം നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു.
“ഞങ്ങള്‍ അറിയാതെ ഈ കൊച്ചി നഗരത്തില്‍ ഏവനെങ്കിലും കളിക്കുമോ? നീ ഇരി കബീറെ..” സ്റ്റാന്‍ലി സോഫയിലേക്ക് മലര്‍ന്നു കിടന്നുകൊണ്ട് പറഞ്ഞു.
“കബീര്‍..ഓരോ സ്മാള്‍ ആയാലോ” അര്‍ജുന്‍ ചോദിച്ചു.
“ഏയ് നോ..വാപ്പ അറിഞ്ഞാല്‍ പ്രശ്നമാണ്”
“നിനക്ക് ഇപ്പോഴും നിന്റെ വാപ്പയെ പേടിയാണ് അല്ലെ? എന്തോന്നടെ ഇത്?” മാലിക്ക് ചോദിച്ചു.
“പേടി അല്ല.. ഞാന്‍ കുടിക്കുന്ന വിവരം വാപ്പയ്ക്ക് അറിയില്ല..”
“നീ കുടിക്കുമല്ലോ അല്ലെ? എന്നാല്‍ പിന്നെ കുഴപ്പമില്ല. എടുക്കടാ മാലിക്കെ കുപ്പി..” സ്റ്റാന്‍ലി പറഞ്ഞു.
ഗ്ലാസുകള്‍ നിരന്നു.