വനിതാ പോലീസുകാര്‍ നാദിയയെ ഹാജരാക്കി. അവള്‍ തല കുനിച്ച് ആരെയും നോക്കാതെ ഒതുങ്ങി നിന്നു.
“ഇവനാണോ നിന്നെ ആശുപത്രിയിലേക്ക് അയച്ചത്”
അവളെ നോക്കി കരണ്ടിയെ ചൂണ്ടി ഇന്ദുലേഖ ചോദിച്ചു.
“അതെ”
“അയ്യോ കള്ളമാ സാറേ..ഞാന്‍ ഇവളെ ആദ്യം കാണുന്നത് തന്നെ അന്നാ ആശൂത്രീ വച്ചാ..അതിനു മുന്‍പ് ഞാനിവളെ കണ്ടിട്ട് പോലുമില്ല”
കരണ്ടി വേഗം പറഞ്ഞു. ഇന്ദുലേഖ നാദിയയെ നോക്കി. അവളുടെ മുഖം വിളറുന്നത് കണ്ട ഇന്ദുലേഖ എഴുന്നേറ്റ് അവള്‍ക്ക് സമീപമെത്തി. നാദിയ ചെറുതായി വിറയ്ക്കാന്‍ തുടങ്ങിയിരുന്നു.
“നേരെ നോക്കടി..എന്നിട്ട് ഒന്ന് കൂടി പറ..ഇയാള്‍ ആണോ നിന്നെ അയച്ചതെന്ന്..” ഇന്ദുലേഖ അവളുടെ നേരെ മുന്‍പില്‍ നിന്നുകൊണ്ട് കനത്ത ശബ്ദത്തില്‍ ചോദിച്ചു.
നാദിയ മടിച്ചുമടിച്ച് മുഖമുയര്‍ത്തി അവളെ നോക്കി. മറുപടി പറയാന്‍ വൈകിയപ്പോള്‍, ഇന്ദുലേഖ അവളുടെ കരണം തീര്‍ത്ത് പ്രഹരിച്ചു. നാദിയ തല കറങ്ങി നിലത്തേക്ക് വീണു.
“എഴുന്നേല്‍പ്പിക്ക് അവളെ..” ഇന്ദുലേഖ കൈ ചുരുട്ടിക്കൊണ്ട് മുരണ്ടു. പോലീസുകാര്‍ അവളെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി.
“പറയടി..പറഞ്ഞില്ലെങ്കില്‍ നിന്റെ ശവം മാത്രമേ ഇവിടുന്നു പുറത്ത് പോകുകയുള്ളൂ..നിന്നെ അങ്ങോട്ടയച്ചു എന്ന് നീ പറഞ്ഞ ആളാണ് ഇത്. ഇയാളുടെ മൊഴി മാത്രം മതി ഞങ്ങള്‍ക്ക് നിന്നെ ജയിലില്‍ അടയ്ക്കാന്‍..പക്ഷെ ഞങ്ങള്‍ക്ക് വേണ്ടത് നിന്നെയല്ല.നിന്നെ അയച്ചവരെ ആണ്. അത് നിന്റെ നാവുകൊണ്ട് നീ പറയും..ഇപ്പോള്‍..” ഇന്ദുലേഖ അവളുടെ കഴുത്തിനു പിടിച്ച് കൈ ചുരുട്ടി മൂക്കിനു നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
“എന്നെ തല്ലല്ലേ മാഡം..ഞാന്‍ പറയാം..പക്ഷെ പറഞ്ഞാല്‍ എന്നെ അവര്‍….” നാദിയ കൈകള്‍ കൂപ്പി കരഞ്ഞപ്പോള്‍ ഇന്ദു അവളുടെ കഴുത്തില്‍ നിന്നും കൈ മാറ്റി.
“നിന്നെ ആരും ഒരു പുല്ലും ചെയ്യില്ല..ഉം പറ..ആരാണ് നിന്നെ അയച്ചത്?”
“മാ…മാലിക്ക്….” നാദിയ വിക്കിവിക്കി പറഞ്ഞു.
“ഗുഡ്..ഇവളെ കൊണ്ട് പോ..പൌലോസ്..ഇയാളെയും വിട്ടേക്ക്..മൊഴി എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ അല്ലെ” കസേരയിലേക്ക് ഇരുന്നുകൊണ്ട് ഇന്ദു ചോദിച്ചു.
“ഉണ്ട് മാഡം..ഇവനെന്നല്ല ആരു വിചാരിച്ചാലും എതിര്‍ക്കാന്‍ പറ്റാത്ത വിധം ഇവന്റെ മൊഴി എല്ല തെളിവുകളും സഹിതം ഞാന്‍ റിക്കോഡ് ആക്കിയിട്ടുണ്ട്” പൌലോസ് പറഞ്ഞു.