“എന്താ നന്ദേട്ടാ മടങ്ങി വരാൻ പറഞ്ഞത്. ആ ലോറി ഓടിച്ച ആളെ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസം വന്ന സമയത്താണ് നന്ദേട്ടൻ എന്നെ വിളിച്ച് അവൻ ആവശ്യപ്പെട്ടത്.” വെറുതെ നന്ദൻ മേനോൻ തന്നെ വിളിക്കില്ലെന്ന് ഉറപ്പു ഉണ്ടായിരുന്ന അരുൺ ചോദിച്ചു.
അപ്പോൾ നീ ഇവിടുത്തെ വിശേഷങ്ങൾ ഒന്നും അറിഞ്ഞില്ലേ. അത്ഭുതത്തോടെ ആയിരുന്നു നന്ദൻ മേനോന്റെ ചോദ്യം.
“ഇല്ല നന്ദേട്ടാ. അറിയുമെങ്കിൽ ഞാൻ ഈ ചോദ്യം ചോദിക്കില്ലായിരുന്നല്ലോ.?”
“ഇന്ന് രാവിലെ രശ്മിയുടെ എന്ന് സംശയിക്കുന്ന ഒരു ഡെഡ്ബോഡി കിട്ടി. മുഖം വ്യക്തമല്ലാത്ത തിനാൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബോഡിയിൽ നിന്ന് കിട്ടിയ ആഭരണങ്ങൾ തിരിച്ചറിയാനായി പ്രേമചന്ദ്രൻ മെഡിക്കൽ കോളേജിലേക്ക് പോയിട്ടുണ്ട്.”
ആ വാക്കുകൾ ഒരു വെള്ളിടി പോലെയാണ് അരുണിന്റെ കാതുകളിൽ മുഴങ്ങിയത്. ഒരു നിമിഷം ഇനി എന്ത് വേണമെന്ന് അറിയാതെ അവൻ സ്തംഭിച്ചു നിന്നു പോയി. ഇങ്ങനെ ഒരു കാര്യത്തിൽ നന്ദൻ മേനോൻ നുണ പറയില്ലെന്ന് അവന് ഉറപ്പായിരുന്നു.
“അല്ല നന്ദേട്ടാ യാചക വേഷത്തിൽ ഒരു സ്ഥലത്ത് കുത്തിയിരിക്കുന്ന നന്ദേട്ടൻ എങ്ങനെയാണ് ഈ കാര്യങ്ങളൊക്കെ അറിഞ്ഞത്.” അരുൺ ജിജ്ഞാസയോടെ ചോദിച്ചു.
“അതിനിന്ന് എന്തെല്ലാം മാർഗ്ഗങ്ങളുണ്ട് അരുൺ. എനിക്ക് വിവരങ്ങൾ ശേഖരിക്കാനായി നീ പോലുമറിയാതെ രണ്ടു മൂന്നു പേരെ ഞാൻ നിർത്തിയിട്ടുണ്ട്. ശമ്പളമൊന്നും കൊടുത്തിട്ടില്ല അവരുടെ സേവനങ്ങൾ മുഴുവനും എനിക്ക് ഫ്രീയാണ്.” നന്ദൻ മേനോൻ അതിനെ നിസ്സാര വൽക്കരിച്ചു കൊണ്ട് പറഞ്ഞു.
”നന്ദേട്ടാ അപ്പോൾ പ്രേമചന്ദ്രൻ അവൻ എപ്പോഴാണ് മെഡിക്കൽ കോളേജിലേക്ക് പോയത് ഈ കാര്യങ്ങളും നന്ദേട്ടൻ നിരീക്ഷിക്കാൻ ആളെ നടത്തിയിട്ടുണ്ടോ.?”
“പ്രേമചന്ദ്രൻ ഇപ്പോൾ ഒരു പക്ഷേ ഹോസ്പിറ്റൽ എത്തിയിട്ടുണ്ടാവും ഞാൻ ഇങ്ങോട്ട് വരാൻ ഒരുങ്ങുമ്പോഴാണ് അയാൾ പോകുന്നത് കണ്ടത് അത് നിരീക്ഷിക്കാൻ ഒന്നും ഞാൻ ആളെ വെച്ചിട്ടില്ല.”
“എങ്കിൽ ചേട്ടാ ഞാനും പോകുന്നുണ്ട്. എനിക്ക് ഒന്നു കാണണമെന്നുണ്ട് രശ്മിയുടെ ബോഡി. പക്ഷേ ഒരു സംശയം കൂടി ഉണ്ട് നന്ദേട്ടാ. പ്രേമചന്ദ്രൻ പോലും ഇപ്പോഴാണ് ബോഡി കാണാൻ പോകുന്നത്. അതിനർത്ഥം അയാൾ ഇതുവരെ ഇക്കാര്യം അറിഞ്ഞിട്ടില്ല. പക്ഷേ നന്ദേട്ടൻ എന്നെ വിളിച്ചു പറയുന്നത് ഒരുപാട് മുമ്പാണ്. ഒരുപക്ഷേ പ്രേമചന്ദ്രൻ പോലും ഇക്കാര്യം അറിഞ്ഞിട്ടുണ്ടാവില്ല ആ സമയത്ത്. എങ്ങനെയാണ് ഇക്കാര്യം പ്രേമചന്ദ്രൻ അറിയുന്നതിനു മുമ്പ് നന്ദേട്ടൻ മനസ്സിലാക്കിയത്.”