ഡിറ്റക്ടീവ് അരുൺ 6
Detective Part 6 | Author : Yaser | Previous Part
കഥയിലേക്ക് കടക്കും മുമ്പ് രണ്ടു വാക്ക്. ഇതിന്റെ മുൻ ഭാഗത്തേക്കാൾ മികച്ചതാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം വിജയിച്ചിട്ടുണ്ടെന്നറിയില്ല. നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ് ഇവിടെയുള്ള ഓരോ എഴുത്തുകാരന്റെയും പ്രതിഫലം. പ്ലീസ് സപ്പോർട്ട്. എഴുതുന്നതിന്റെയും വായിക്കുന്നതിന്റെയും പത്തിലൊന്ന് സമയം പോലും വേണ്ടല്ലോ ഒരു നിർദ്ദേശം, അല്ലെങ്കിൽ അഭിപ്രായം പറയാൻ പ്രതീക്ഷയോടെ അടുത്തഭാഗം നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.

തന്റെ മുന്നിൽ ആയുധങ്ങളുമായി നിൽക്കുന്ന മല്ലന്മാരെ അരുൺ ഒന്ന് നോക്കി. അവരുടെ കയ്യിലുള്ള ഇരുമ്പ് ആയുധങ്ങൾ കൊണ്ട് അടി കിട്ടിയാൽ പിന്നെ അവരോട് പിടിച്ചുനിൽക്കാൻ അസാധ്യമാണ് എന്ന് അവന് മനസ്സിലായി അതുപോലെ തന്നെ മൂന്നുപേരും ഒരുമിച്ചു വന്നാലും പിടിച്ചുനിൽക്കാൻ സാധിക്കില്ല തനിക്കും ആയുധം കിട്ടിയേ തീരൂ.
അരുണിന്റെ മിഴികൾ ചുറ്റും പരതി. കുറച്ചപ്പുറത്തായി ചുമരിൽ ചാരി വച്ചിരിക്കുന്ന ഒരു ഇരുമ്പ് റോട് അവന്റെ ശ്രദ്ധയിൽപ്പെട്ടു. അത് കൈക്കലാക്കാനായി അവന്റെ ഉള്ളം വെമ്പൽ കൊണ്ടു.
“ഉനക്ക് അന്ത ലാറിയെ കാണണമാ.” കൂട്ടത്തിലൊരുത്തൻ അരുണിന്റെ അരികിലേക്ക് നടന്നടുത്തുകൊണ്ട് അരുണിനോട് ചോദിച്ചു. അരുൺ വേണമെന്ന അർത്ഥത്തിൽ പതിയെ തലകുലുക്കി.
“താങ്ക മുടിയാത്.” അയാൾ കൈയിലിരുന്ന ആയുധം അരുണിന് നേരെ ആഞ്ഞുവീശി.
അത് പ്രതീക്ഷിച്ച് കരുതലോടെ തന്നെയായിരുന്നു അരുൺ നിന്നത്. നൊടിയിടയിൽ അരുൺ അതിൽ നിന്നും ഒഴിഞ്ഞു മാറി. താൻ നേരത്തെ കണ്ടു വെച്ച റോടിനരികിലേക്ക് അവൻ കുതിച്ചു.
“പുടിങ്കെടാ അവനെ.”അരുണിന് നേരെ റോട് ആഞ്ഞുവീശിയ ആൾ ഉറക്കെ അലറി. അതുകേട്ട മറ്റു രണ്ടുപേർ കയ്യിലെടുത്ത ആയുധങ്ങളുമായി അരുണിന് നേരെ കുതിച്ചു.
അരുൺ താൻ കണ്ടുവച്ച ഇരുമ്പ് റോട് കയ്യിലെടുത്തപ്പോഴേക്കും മറ്റു രണ്ടുപേർ അവൻ അരികിലേക്ക് എത്തിയിരുന്നു. അവരിലൊരാൾ കയ്യിലിരുന്ന റോട് അരുണിനു നേരെ വീശി.