”ഇനി ഇന്ന് ഒരു അടി ഉണ്ടായാൽ അതിൽ ജയിക്കാൻ ഉള്ള ശേഷി എനിക്ക് ഉണ്ടെന്ന് തോന്നുന്നില്ല.” അത്രയും നേരത്തെ സംസാരം കൊണ്ട് അയാളോട് സൗഹൃദ ഭാവത്തിൽ എത്തിയ അരുൺ ചെറിയൊരു നിരാശയോടെ പറഞ്ഞു.
“ശണ്ഡയൊന്നും തേവ ഇല്ലൈ അയ്യാ. അങ്കെ അന്ത ലാറി ഇരുക്കിറതാ എന്ന് തെരിന്തു കൊള്ളാ എങ്ക അള് അങ്കെയിരുക്ക്. അന്ത ആളുടെ കൂടെ ഉന്നെ അണപ്പി വെക്കിറെ.”
അതൊരു ചതിയായിരിക്കുമോ എന്ന് അരുൺ ഒരു വേള സംശയിച്ചു. ഇനി അത് സെൽവരാജന്റെ ചതി ആണെങ്കിലും തൻറെ മുന്നിൽ വേറെ വഴിയൊന്നുമില്ല എന്ന് അരുൺ മനസ്സിലാക്കി. അതു കൊണ്ടു തന്നെ സെൽവരാജൻ ഏർപ്പാടാക്കിയ ആളുടെ കൂടെ അവിടെ വരെ പോകാൻ തീരുമാനം അവൻ എടുത്തു.
ഷണ്മുഖൻ പൊള്ളാച്ചിയിലെ പ്രധാന പണക്കാരനും നാട്ടുപ്രമാണിയും ആണെന്ന് സെൽവരാജനിൽ നിന്ന് അരുൺ മനസ്സിലാക്കി കൃഷി, കച്ചവടം, പണം പലിശയ്ക്ക് കൊടുക്കൽ തുടങ്ങി നിരവധി ജോലികൾ അയാൾക്കുണ്ട്. അതു കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ടതും പോലീസ് കേസുകളിലുൾപ്പെട്ടതുമായ വാഹനങ്ങൾ തുച്ഛമായ വിലയ്ക്ക് വാങ്ങി കൊണ്ടുവന്നു മോഡിഫൈ ചെയ്ത് വ്യാജ ആർസി ഉണ്ടാക്കി നല്ല വിലയ്ക്ക് തന്നെ വിൽക്കുകയും ചെയ്യാറുണ്ടായിരുന്നു.
ശെൽവരാജൻ തിരിച്ച് ഗോഡൗണിലേക്ക് നടക്കുന്നതിനിടയിൽ അരുണിന് ശണ്മുഖനെ കുറിച്ച് നൽകിയ വിവരണങ്ങളുടെ ഉള്ളടക്കം ആയിരുന്നു അത്.
ശണ്മുഖന്റെ അടുത്ത് നിങ്ങളുടെ ആരോ ഉണ്ടെന്ന് പറഞ്ഞല്ലോ.? ആരാണത്.? അരുൺ ജിജ്ഞാസയോടെ ശെൽവരാജിനോട് ചോദിച്ചു.
അത്.. വന്ത്… അന്ത പയ്യൻ എന്നുടെ തമ്പി മാതിരി. കമലേഷ് അതു താൻ അവരുടെ പേർ.. ഞാനും ശുണ്മുഖനും ഒന്രാക നിക്ക കാരണം അവർ താൻ. ശെൽവരാജൻ അരുണിനോടായി പറഞ്ഞു.
എങ്കിൽ അവന് ഫോൺ ചെയ്ത ഇവിടേക്ക് വരാൻ പറയൂ. പോയിട്ട് ഒരു പാട് ജോലി ബാക്കിയുണ്ട്. സമയമാണെങ്കിൽ ഒട്ടുമില്ല. അരുൺ ധ്രുതഗതിയിൽ തന്നെ കാര്യങ്ങൾ മുന്നോട്ട് നീക്കാനുറപ്പിച്ച് കൊണ്ട് പറഞ്ഞു.
ശെൽവരാജൻ മേശപ്പുറത്തിരുന്ന ലാന്റ് ഫോണിൽ നിന്ന് കമലേഷിന് വിളിച്ച് എത്രയും പെട്ടന്ന് എത്തിച്ചേരാൻ ആവശ്യപ്പെട്ടു.
പെട്ടെന്നുതന്നെ എത്തിച്ചേരാം എന്ന് പറഞ്ഞെങ്കിലും കമലേഷ് എത്തിയപ്പോൾ അരമണിക്കൂർ കഴിഞ്ഞു. ഏകദേശം മുപ്പത് വയസ്സ് പ്രായമുള്ള ഒരു യുവാവായിരുന്നു അയാൾ. കമലേഷിന്റെ അച്ഛൻ ഷണ്മുഖന്റെ കാര്യസ്ഥൻ ആയിരുന്നു. അച്ഛന്റെ മരണശേഷം കമലേഷ് ജോലിയിൽ പ്രവേശിച്ച് അയാളുടെ കാര്യസ്ഥനായി തുടർന്നുപോരുന്നു.