“വേണ്ട സർ. ഞങ്ങൾക്ക് ഒന്നും വേണ്ട. ഞങ്ങളുടെ ഇതുവരെയുള്ള അന്വേഷണം പരാജയമായിരുന്നു എന്ന് ഞങ്ങൾക്ക് ഇതുവരെ തോന്നിയിട്ടില്ല. അതു കൊണ്ടു തന്നെ ഈ കേസിന്റെ അന്വേഷണം തുടരാനാണ് ഞാൻ താൽപര്യപ്പെടുന്നത്.
“അങ്ങനെ പറഞ്ഞാൽ പറ്റില്ല. ഇത് പിടിക്കൂ.. ഇതിൽ ഞാൻ എഴുതിയത് ഒരു ലക്ഷം രൂപയാണ്. കൂടുതൽ എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി.” പ്രേമചന്ദ്രൻ പോക്കറ്റിൽ നിന്നും ഒരു ചെക്ക് എടുത്തു അരുണിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
അരുണിന് അത് വാങ്ങാതെ നിവൃത്തിയുണ്ടായിരുന്നില്ല. അത് അവൻ മടക്കി തന്റെ പോക്കറ്റിൽ നിക്ഷേപിച്ചു.
“അപ്പോൾ പറഞ്ഞതുപോലെ. നിങ്ങൾ ഇനി ഈ കേസിൽ ഇതിൽ ഇടപെടരുത്” എനിക്ക് നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. എൻറെ മകളുടെ ഡെഡ്ബോഡി കണ്ടെത്തിയ പോലീസ് തന്നെ അന്വേഷിക്കട്ടെ ഇതിൻറെ ബാക്കി. ഇപ്പോൾ നിന്നെക്കാൾ വിശ്വാസം എനിക്കവരെയാണ്.” പ്രേമചന്ദ്രൻ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
അരുണിനും മറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. കുറെ നേരം അവിടെ നിശ്ചലമായി ഇരുന്ന ശേഷം അവൻ യാന്ത്രികമായി പോർച്ചിൽ നിർത്തിയിരുന്ന തന്റെ ബൈക്ക് എടുത്തു പുറത്തേക്കു പോയി.
വൈകുന്നേരം വരെ പല സ്ഥലങ്ങളിൽ കറങ്ങി നടന്ന ശേഷം രാത്രിയോടെ അവൻ നന്ദൻ മേനോന്റെ താമസ സ്ഥലത്തെത്തി.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
വൈകുന്നേരമാണ് തങ്ങളുടെ ഫ്ലാറ്റിന്റെ കോമ്പൗണ്ടിലേക്ക് ഒരു ചെറുപ്പക്കാരൻ ഫോൺ ചെയ്തു കൊണ്ട് കയറി പോകുന്നത് യാചക വേഷത്തിൽ ഇരിക്കുന്ന നന്ദൻ മേനോന്റെ ശ്രദ്ധയിൽപ്പെട്ടത്. അയാൾ സ്റ്റെപ്പ് കയറി തങ്ങളുടെ ഓഫീസിൻറെ വാതിൽക്കൽ പോയി നോക്കുന്നതും, അതിനുശേഷം സെക്യൂരിറ്റിക്കാരന്റെ അടുത്തു പോയി എന്തോ ചോദിക്കുന്നതും നന്ദൻ മേനോൻ ശ്രദ്ധിച്ചു.
അയാൾ ഫ്ലാറ്റിൽ നിന്ന് ഇറങ്ങി വരുന്ന വഴിയിലേക്ക് നന്ദൻ മേനോൻ തൻറെ ചക്രങ്ങളുള്ള വണ്ടി നീക്കിയിരുന്നു.
“സാറെ അവിടെ രണ്ടുമൂന്നു ദിവസമായിട്ട് ആരുമില്ല. സെക്യൂരിറ്റിക്കാരന് അവർ എങ്ങോട്ട് പോയതാണെന്ന് അറിയുകയുമില്ല. ഞാനെന്താ ചെയ്യേണ്ടത്.” അയാൾ തിരിച്ചു വരുമ്പോൾ ഫോണിൽ ആരോടോ സംസാരിക്കുന്നത് നന്ദൻ മേനോൻ കേട്ടു
നന്ദൻ മേനോന് മനസ്സിലായി താൻ തിരയുന്ന ആൾ ഇതുതന്നെയാണെന്ന്. നന്ദൻ മേനോൻ അയാളുടെ മുഖത്തേക്ക് പല തവണ സൂക്ഷിച്ചു നോക്കി. ആ മുഖം നന്നായി മനസ്സിൽ പതിപ്പിച്ചു.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️