“തീർച്ചയായും നന്ദേട്ടൻ പറഞ്ഞതിലും കാര്യമുണ്ട്. പക്ഷേ ഒരാൾ ആത്മഹത്യ ചെയ്യുമ്പോൾ പുഴയുടെ തീരമോ പാലമോ തിരിച്ചെടുക്കുമോ.? ഇനി നന്ദൻ പറഞ്ഞപ്രകാരം ചിന്തിക്കുകയാണെങ്കിൽ, തീകൊളുത്തിയത് ശേഷമാണ് ജീവിക്കണമെന്ന ആഗ്രഹം രശ്മിക്ക് ഉണ്ടാവുന്നത്. അതിനു മുമ്പ് തീർച്ചയായും മരിക്കാനാണ് അവൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ പുഴയരിക് പോലെയുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കാനുള്ള സാധ്യത വളരെ കുറവാണ്.”
“നമ്മൾ ഇനിയും ആ ബോഡിയെ കുറിച്ചുള്ള അന്വേഷണം കൂടുതൽ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ടോ അരുൺ. “
“തീർച്ചയായും ഉണ്ട്. നന്ദേട്ടാ കാരണം ആ ബോഡി രശ്മിയുടെ ആണോ എന്ന് ഉറപ്പു വരുത്തേണ്ടത് നമ്മുടെ കടമയാണ്. പോസ്റ്റുമോർട്ടം ചെയ്യുന്ന ഡോക്ടറുടെ ഒരു അസിസ്റ്റന്റിനെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ ഒരു കോപ്പി അദ്ദേഹം തരാമെന്ന് സമ്മതിച്ചിട്ടുണ്ട്.”
“അതേതായാലും നന്നായി അരുൺ. കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി ഇനി നമുക്ക് പോലീസിനെ കാണേണ്ട ആവശ്യമില്ലല്ലോ.” ലാഘവത്തോടെ നന്ദൻ മേനോൻ മറുപടി നൽകി.
“അതേ നന്ദേട്ടാ.. ഏതായാലും നനഞ്ഞ് ഇറങ്ങി. ഇനി ഇതിന്റെ അവസാനം എന്തെന്ന് അറിഞ്ഞിട്ടേ ഇതിൽനിന്ന് ഒരു വിശ്രമം ഉള്ളൂ..” അരുൺ തന്റെ വാക്കുകൾക്ക് ഊന്നൽ കൊടുത്തുകൊണ്ട് പറഞ്ഞു.
“അതെ അരുൺ. അത് നല്ലൊരു തീരുമാനമാണ്. പിന്നെ രാത്രി ഏറെ വൈകിയത് കൊണ്ട് ഇന്ന് നീ ഒരു മറ്റൊരു സ്ഥലം തിരയേണ്ട. തൽക്കാലം ഇവിടെ കൂടാം. പക്ഷേ നാളെ മുതൽ വേറെ സ്ഥലം നോക്കണം. ഇനി എന്ത് കാര്യം ഉണ്ടെങ്കിലും. നീ എനിക്ക് മെസ്സേജ് അയച്ചാൽ മതി. ഫോണിൽ വിളിക്കാതെ ഇരിക്കുന്നതാണ് നല്ലത്. നന്ദൻ മേനോൻ അരുണിനോടായി പറഞ്ഞു.
തുടർന്ന് അവരിരുവരും ഉറങ്ങാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. യാത്രാക്ഷീണം അലട്ടിയിരുന്നതിനാൽ അരുൺ കിടന്നയുടൻ തന്നെ ഉറക്കമായി.
പതിവിലും വൈകിയാണ് അരുൺ ഉറക്കമുണർന്നത്. അവൻ വേഗം തന്നെ പ്രഭാതകൃത്യങ്ങൾ നടത്തി പോകാൻ റെഡിയായി. നന്ദൻ മേനോനും അവനൊപ്പം തന്നെ പുറത്തേക്കിറങ്ങി. അയാൾ അപ്പോഴും യാചക വേഷത്തിൽ തന്നെയായിരുന്നു.
നന്ദൻ മേനോൻ പോകുന്നത് നോക്കി നിൽക്കുമ്പോഴാണ് അരുണിന്റെ പോക്കറ്റിൽ കിടന്ന ഫോൺ ബെൽ അടിച്ചത്. അവൻ വേഗം ഫോണെടുത്തു നമ്പർ നോക്കി. പ്രേമചന്ദ്രൻ ആണ്. ഇയാൾക്ക് എന്തായിരിക്കും ഇപ്പോൾ പറയാനുള്ളത് എന്ന ചിന്തയോടെ അരുൺ വേഗം കോൾ അറ്റൻഡ് ചെയ്തു “ഹലോ.”
“ഹലോ ഡിറ്റക്ടീവ് അരുൺ അല്ലേ.” പ്രേമചന്ദ്രൻ പരുഷമായ സ്വരമാണ് അരുണിനെ കാതുകളിലേക്ക് എത്തിയത്. അതുകൊണ്ടുതന്നെ പ്രേമചന്ദ്രന് പറയാനുള്ള കാര്യവും ഗൗരവമേറിയതാണെന്ന് അരുണിനെ മനസ്സിലായി.
“അതെ ഡിറ്റക്ടീവ് അരുണാണ്. എന്താണ് സർ രാവിലെ തന്നെ.” അരുൺ ഭാവമാറ്റ മേതുമില്ലാതെ ചോദിച്ചു.