അവസാനം ഇനിയും കാണാൻ പറ്റാതിരിക്കാനാകില്ല എന്നുറപ്പായപ്പോൾ അവളെ നിർബന്ദിപ്പിച്ചു.. ഒരു ദിവസം എന്തായാലും കാണണമെന്ന് പറഞ്ഞു… അവൾ ഒരാഴ്ചക്കുള്ളിൽ പറയാമെന്ന് പറഞ്ഞു.. അങ്ങനെ ഇരിക്കെ ആണ് അവളുടെ നാട്ടിലെ പള്ളിയിലെ പെരുന്നാള് വന്നത്… പെരുന്നാളിന് എല്ലാവരും പള്ളിയിൽ പോകും അവളും പോകും, പക്ഷെ അവൾ അവിടെ വരെ പോയിട്ട് എന്തെങ്കിലും പറഞ്ഞ് തിരികെ വരാമെന്ന് പറഞ്ഞു വീട്ടിലേക്ക്… എന്നോട് വീടിന്റെ പരിസരത്ത് നിൽക്കാനും പറഞ്ഞു…ആളുകളുണ്ടാകില്ലേ എന്ന് ചോദിച്ചു ഞാൻ…
അത് സാരമില്ല അവിടെ ഒരുപാട് പേരുണ്ടാകും റോഡിൽ പള്ളിപ്പെരുന്നാളിന് വന്നതാണെന്ന് കരുതിക്കോളുമെന്നവള് പറഞ്ഞു…. ഒടുവിൽ സമ്മതിച്ചു.. അവളുടെ വീട്ടിലെ പള്ളിപ്പെരുന്നാളിനന്ന് തന്നെ പോകാൻ ഉറപ്പിച്ചു.. പക്ഷെ അന്ന് തന്നെയാണ് എനിക്ക് ഹോസ്റ്റലിലേക്ക് മാറേണ്ട ദിവസവും.. ഹോസ്റ്റൽ കാസറഗോഡാണ്,ഞാൻ തൃശൂരും… മാത്രമല്ല പിറ്റേന്ന് പരീക്ഷ… എന്ത് വന്നാലും വേണ്ടില്ല ഇനി ഇവളെ കണ്ടിട്ടേ പോകുന്നുള്ളൂ എന്നുറപ്പിച്ചു… കാത്തിരുന്ന ദിവസം വന്നു… ബസ് കേറി ടിക്കറ്റെടുത്തു നേരെ അവിടെ ചെന്നിറങ്ങി… നെഞ്ചില് മുളക്പൊടി വാരി വിതറിയ കണക്കെ ഒരു നീറ്റല് പോലെ എന്തൊക്കെയോ തോന്നുന്നുണ്ട്… കൈ വിറക്കുന്നുണ്ടോ എന്നൊരു സംശയം… കുടിയും വലിയും ഒന്നും ഇല്ലാത്തത് കൊണ്ട് ധൈര്യം പകരാൻ മനസ്സുറപ്പല്ലാതെ വേറൊന്നുമില്ല…. വരുന്നിടത്ത് വെച്ച് കാണാം എന്ന് മനസ്സിലുറപ്പിച്ച് അവളുടെ വീടിന് പരിസരത്ത് വട്ടമിട്ട് നടക്കാൻ തുടങ്ങി…കൊച്ചു പിള്ളേര് വരെ പീപ്പിയും വിളിച്ച് സുഖമായി സന്തോഷിച്ചോടിച്ചാടി നടക്കുന്നു.. ഇവിടെ ഖൽബില് കൊലവിളിയാണ്… ആദ്യത്തേതായതുകൊണ്ട് എന്റെ മുഖത്ത് നോക്കിയാ അറിയാ ആള് വശപ്പെശകാണല്ലോ എന്ന്.. രാത്രി അയതുകൊണ്ട് ആർക്കും മുഖം കൊടുക്കാതെ നടക്കാം….
കീശയിലെ മൊബൈൽ റിങ് ചെയ്യുന്നു… ഞാനെടുത്തു..അവളാണ്.. ന്റെ മൊഞ്ചത്തി….
`ഞാൻ എത്തി..നീ എവിടെ?` അവള് ചോദിച്ചു
ആ ചോദ്യത്തില് തന്നെ എന്റെ പാതി ജീവൻ പോയ പോലെ തോന്നി… കാലൊക്കെ വിറച്ച് തുടങ്ങി…
എങ്കിലും കാണാനുള്ള കൊതി ഖൽബിനെ കൊത്തിവലിക്കുന്നത്കൊണ്ട് എന്തൊക്കെ നേരിടാനും തയ്യാറായിരുന്നു..
`ഞാനിവിടുണ്ട്,വീട്ടിലേക്ക് കേറട്ടെ?` ഞാൻ പറഞ്ഞു
`ഉം..` അവള് മൂളി
ഞാൻ ഫോൺ വെച്ചു.. ചുറ്റും വെറുതെ ഒന്ന് കണ്ണോടിച്ചു….