മൃഗം 22 [Master]

Posted by

“എന്നാല്‍ നീ ഉടന്‍ തന്നെ പൊക്കോ. എന്നെ ഇച്ചായന്‍ വിട്ടോളും വീട്ടിലോട്ട്” ഡോണ ഇടം കണ്ണിട്ടു പൌലോസിനെ നോക്കി പറഞ്ഞു.
“എന്തോ..ഇച്ചായന്‍ കുറെ വിടും. നീ ഇവളെ വീട്ടില്‍ ആക്കിയിട്ടു പോയാല്‍ മതി..” പൌലോസ് പറഞ്ഞു.
“ഹും..ഇങ്ങേരു കല്യാണം കഴിഞ്ഞാലും എന്നെ വേറെ വല്ലോന്റേം കൂടെ പറഞ്ഞു വിടുമെന്നാ തോന്നുന്നത്” ഡോണ സ്വയമെന്നപോലെ പറഞ്ഞു.
“നിന്നെ ഞാന്‍ വേറെ വല്ലോന്റേം കൂടെ വിടില്ല. വാസുവിന്റെ കൂടെയേ നിന്നെ വിടൂ”
“നാളെ അവന്‍ അവന്റെ പാട്ടിനു പോയാല്‍ പിന്നെ ഞാനെന്ത് ചെയ്യും? എന്നെ കെട്ടാന്‍ പോകുന്നത് ഈ മുരട്ടുകാള അല്ലെ”
“അതോര്‍ത്ത് നീ വിഷമിക്കണ്ട. ദേ ഇങ്ങോട്ട് നോക്യേ..ഒരു സെക്കന്റ് ഹാന്‍ഡ്‌ ആക്ടീവ ഞാനങ്ങോട്ടു വാങ്ങി തരും. മോള് അതില്‍ കേറി എവിടാണെന്ന് വച്ചാല്‍ പൊക്കോണം..ങാ പിന്നെ മുരട്ടുകാള നിന്റെ തന്ത…”
“ദേ മനുഷ്യാ എന്റെ അപ്പനെ പറഞ്ഞാല്‍ ഉണ്ടല്ലോ..കൊന്നുകളയും ഞാന്‍. നിങ്ങള്‍ടെ തുരുമ്പെടുത്ത ആക്ടീവ എനിക്ക് വേണ്ട. ഞാന്‍ ജോലി ചെയ്യുന്ന കാശുമുടക്കി ഞാന്‍ തന്നെ വാങ്ങിക്കോളാം എന്റെ വണ്ടി..”
“ഓ..അത് നന്നായി. അത്രേം കാശ് ലാഭാമായല്ലോ..”
“ഹോ..ഇങ്ങനൊരു പിശുക്കന്‍..’
വാസു അല്‍പം മാനസിക പിരിമുറുക്കം ഉള്ള സമയം ആയിട്ടും അവരുടെ കലഹം കണ്ടപ്പോള്‍ ചിരിച്ചു.
“അല്ല സാറേ..സാധാരണ ആളുകള്‍ പ്രേമിച്ചു നടക്കുന്ന സമയത്ത് തേനെ പാലെ ചക്കരെ എന്നൊക്കെ പറയുകയും കല്യാണം കഴിഞ്ഞ ശേഷം അടിപിടി തുടങ്ങുകയുമാണ് പതിവ്. നിങ്ങള്‍ ഇപ്പോഴേ അടി തുടങ്ങിയാല്‍, കല്യാണം കഴിഞ്ഞാല്‍ നടക്കാന്‍ പോകുന്നത് ലോകമഹായുദ്ധം ആയിരിക്കുമല്ലോ..”
“നീ തൃശ്ശൂര്‍ പൂരം കണ്ടിട്ടുണ്ടോ? ങാ എന്നാല്‍ അതായിരിക്കും നടക്കുന്നത്” പൌലോസ് ഡോണയെ നോക്കി പറഞ്ഞു.
“നീ വാടാ..നമുക്ക് പോകാം..ഹും..” അവള്‍ കപട ഗൌരവത്തോടെ വാസുവിനെ നോക്കി പറഞ്ഞു.
“സാറേ എന്നാല്‍ ഞാനിവളെ അങ്ങോട്ട്‌ വിട്ടിട്ടു സാവകാശം പോകാം. ഒന്ന് രണ്ട് ദിവസം ഞാനിവിടെ ഉണ്ടാകില്ല…”
“ഡോണ്ട് വറി. എന്റെ പെമ്പ്രന്നോത്തിയുടെ സെക്യൂരിറ്റി ഞാന്‍ നോക്കിക്കോളാം നീ വരുന്നത് വരെ”
“ഈ….” ഡോണ പൌലോസിനെ ഇളിച്ചു കാണിച്ചു.
“ഒന്ന് പോടീ.. അവളുടെ ഒരു ഇളി..”
വാസു കാണാതെ ഡോണ അയാള്‍ക്കൊരു ഫ്ലയിംഗ് കിസ് നല്‍കി.
“ഓ..വരവ് വച്ചിരിക്കുന്നു..മോള് വേഗം ചെല്ല്..അവനു നാട്ടില്‍ പോകാനുള്ളതാ”
“ബൈ..”
“ബൈ..”
ബൈക്കില്‍ അവര്‍ ഇരുവരും പുറത്തേക്ക് പോകുന്നത് നോക്കി നിന്ന ശേഷം പൌലോസ് സീറ്റിലേക്ക് ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *