“ആ പെണ്ണ് സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്ത ആക്രമണം ആണ്. കേസൊന്നും ചാര്‍ജ്ജ് ചെയ്യരുത്.”
“എന്ന് പറഞ്ഞാല്‍ കുത്ത് കൊണ്ടിരിക്കുന്നതില്‍ ഒരാള്‍ ഒരു പോലീസുകാരന്‍ ആണ്. നെഞ്ചില്‍ തന്നെ ആണ് അവള്‍ കുത്തിയിരിക്കുന്നത്. അയാളെങ്ങാനും തട്ടിപ്പോയാല്‍ താന്‍ ഉത്തരം പറയുമോ?”
“അയാള് തട്ടിപ്പോയാലും ഒന്നുമില്ല. പ്രായപൂര്‍ത്തി ആകാത്ത ഒരു പെണ്ണിനെ തട്ടിക്കൊണ്ടു പോകാന്‍ നോക്കിയ അവന്‍ മരിക്കാന്‍ അര്‍ഹാനനാണ്. നീ അവള്‍ക്കെതിരെ യാതൊരു ചാര്‍ജ്ജും ഇടണ്ട. സ്വയരക്ഷയ്ക്ക് ഉള്ള ശ്രമം എന്ന് തന്നെ ആയിരിക്കണം പോലീസിന്റെ ഭാഷ്യം. അതിനപ്പുറം വല്ലതും എഴുതിപ്പിടിപ്പിച്ചാല്‍, എന്നെ അറിയാമല്ലോ? ഞാനങ്ങ് വരും..നേരെ നിന്റെ വീട്ടിലോട്ട്..”
“പൌലോസേ താനെന്നെ പുലിവാല് പിടിപ്പിക്കരുത്…”
“ഒന്നും സംഭവിക്കില്ല. നീ ഞാന്‍ പറയുന്നത് അങ്ങ് കേട്ടാല്‍ മാത്രം മതി. എനിക്ക് വളരെ വേണ്ടപ്പെട്ട വീട്ടുകാരാണ്. മാത്രമല്ല മൈനര്‍ ആയ ആ പെണ്ണിനെ തട്ടിക്കൊണ്ടു പോകാന്‍ നോക്കിയ അവന്മാര്‍ക്ക് എതിരെ നീ കേസെടുക്കുകയും വേണം. അവളെ അവളുടെ വീട്ടുകാരുടെ ജാമ്യത്തില്‍ ഉടന്‍ തന്നെ വിട്ടയയ്ക്കണം”
“ശരി..ഞാന്‍ സി ഐ സാറിനോട് ഒന്ന് സംസാരിച്ചിട്ട് വേണ്ടത് ചെയ്യാം”
“ശരി..”
പൌലോസ് ഫോണ്‍ വച്ചു.
“അവന്‍ ചെറ്റയാണെങ്കിലും എന്നെ പേടിയുണ്ട്. അതുകൊണ്ട് കേസ് ചാര്‍ജ്ജ് ചെയ്യാന്‍ ചാന്‍സില്ല..ഒരാളെക്കൂടി വിളിക്കാനുണ്ട്” അയാള്‍ വാസുവിനെ നോക്കി പറഞ്ഞ ശേഷം അടുത്ത നമ്പര്‍ ഡയല്‍ ചെയ്തു.
“ങാ എടാ മുഹമ്മദേ..ഞാനാ പൌലോസ്…മട്ടാഞ്ചേരി..അതെ..ങാ ടാ ഞാന്‍ വിളിച്ചത് നിന്റെ ഒരു സഹായത്തിനു വേണ്ടി ആണ്. നീ സ്റ്റേഷന്‍ വരെ ഒന്ന് പോയി രാമദാസിനെ ഒന്ന് കാണണം. ഞാനവനെ വിളിച്ചു പറഞ്ഞിട്ടുണ്ട്. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു കുട്ടിയെ രണ്ടുപേരെ കുത്തി പരുക്കേല്‍പ്പിച്ചതിന്റെ പേരില്‍ അയാള്‍ പിടികൂടിയിട്ടുണ്ട്. സംഗതി അവളെ അവന്മാര്‍ തട്ടിക്കൊണ്ടു പോകാന്‍ നോക്കിയതാണ്. സ്വയ രക്ഷയ്ക്ക് വേണ്ടി അവള്‍ അവരെ ആക്രമിച്ചു. അതുകൊണ്ട് അവളെ സ്റ്റേഷനില്‍ ഇരുത്താതെ എത്രയും പെട്ടെന്ന് വിട്ടയയ്ക്കാന്‍ നീ അവനോടു പറയണം. ഇതിന്റെ വകുപ്പും കോപ്പും ഒക്കെ നിനക്ക് അറിയാമല്ലോ..വക്കീല്‍ അല്ലെ..ഓക്കേ..ശരിയടാ..വളരെ നന്ദി” പൌലോസ് ഫോണ്‍ വച്ചു.
“മുഹമ്മദ് അമീര്‍; എന്റെ കൂട്ടുകാരനാണ്. അവന്‍ രാമദാസിനെ കാണും. ആള് വക്കീല്‍ ആണ്. നീ ഒന്നും പേടിക്കണ്ട..അവളെ ഒന്നോ രണ്ടോ മണിക്കൂറിനകം പോലീസ് വിട്ടയയ്ക്കും”
“വളരെ നന്ദി സാറേ. എനിക്കിപ്പോഴാണ് ഒരു സമാധാനം ആയത്. ഞാന്‍ അമ്മയെ വിളിച്ചു വിവരം ഒന്ന് പറയട്ടെ”
വാസു രുക്മിണിയെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞ ശേഷം പൌലോസിനെ നോക്കി.
“സാറേ ഞാന്‍ അങ്ങോട്ട് പോകുകയാണ്. അവര്‍ ആകെ പരിഭ്രാന്തിയില്‍ ആണ്. ഒന്നുരണ്ടു ദിവസം അവിടെ നിന്ന ശേഷം ഞാന്‍ വരാം.”