“ഓ ഗോഡ്..എങ്കിലും സംഗതി എനിക്കിഷ്ടപ്പെട്ടു..ഇങ്ങനെ ആയിരിക്കണം പെണ്‍കുട്ടികള്‍. നീ പേടിക്കണ്ട. അവള്‍ ഒരു മൈനര്‍ സ്കൂള്‍ ഗേള്‍ അല്ലെ. കേസൊന്നും ഉണ്ടാകാന്‍ വഴിയില്ല. എങ്കിലും പോലീസുകാരെ സൂക്ഷിക്കണം. നീ ഒരു കാര്യം ചെയ്യ്. വണ്ടി മട്ടാഞ്ചേരി സ്റ്റെഷനിലേക്ക് വിട്. പൌലോസ് സാറിനെ ഒന്ന് കണ്ടു വിവരം പറയാം”
വാസു വണ്ടി തിരിച്ചു.
“ഡോണ..എനിക്കുടന്‍ നാട്ടിലോട്ടു പോകണം. ഈ സമയത്ത് ഞാനവിടെ ഉണ്ടായേ പറ്റൂ” വാസു വണ്ടി അതിവേഗം മുന്‍പോട്ടു പായിച്ചു പറഞ്ഞു.
“നീ പൊക്കോ. എന്തായാലും ഇച്ചായനെ ഒന്ന് കണ്ടിട്ട് മതി…”
അവര്‍ ചെല്ലുമ്പോള്‍ പൌലോസ് അവിടെ ഉണ്ടായിരുന്നു.
“ഇച്ചായാ..ഒരു പ്രശ്നം ഉണ്ടായി…” ഡോണ വിവരങ്ങള്‍ പൌലോസിനെ ധരിപ്പിച്ചു.
“ഇവന്‍ കല്യാണം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടി ആണ്. അവള്‍ക്കെതിരെ കേസൊന്നും ഉണ്ടാകാതിരിക്കാന്‍ എന്താ വഴി?” ഡോണ ചോദിച്ചു.
പൌലോസിന്റെ നെറ്റിയില്‍ ചുളിവുകള്‍ വീണു. ഏതോ ഒരു ആണ്‍കുട്ടിയുടെ കൂടെ അന്ന് അവളെ താന്‍ കണ്ടതും, തന്നോട് തന്നെ അവള്‍ പ്രേമാഭ്യര്‍ത്ഥന നടത്തിയതും അയാളുടെ മനസ്സില്‍ എത്തിയപ്പോള്‍ പൌലോസ് ലേശം അസ്വസ്ഥതയോടെ വാസുവിനെ നോക്കി.
“നീ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്ണോ? അത് വേണോടാ?” പൌലോസ് ചോദിച്ചു.
“എന്താ സാറെ?”
“ആ പെണ്ണിന്റെ സ്വഭാവം അത്ര ശരിയാണ് എന്നെനിക്ക് തോന്നുന്നില്ല. നിന്നെപ്പോലെ നല്ലവനായ ഒരാള്‍ക്ക് അവളെപ്പോലെ ഒരു പെണ്ണ് ചേരില്ല…”
“എനിക്കറിയാം സാറെ..എല്ലാം അറിയാം. പക്ഷെ ഞാനവള്‍ക്ക് വാക്ക് കൊടുത്തതാണ്..അവളെയല്ലാതെ വേറെ ആരെയും കല്യാണം കഴിക്കില്ലെന്ന്. എന്റെ ഒപ്പം അവള്‍ ജീവിക്കാന്‍ തുടങ്ങുന്നത് മുതലുള്ള കാര്യമേ എനിക്ക് പ്രശ്നം ഉള്ളൂ. അതിനു മുന്‍പ് അവള്‍ ചെയ്തതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. അവള്‍ക്ക് നല്‍കിയ എന്റെ വാക്ക് ഞാന്‍ പാലിക്കും” വാസു പറഞ്ഞു.
പൌലോസ് അഭിമാനത്തോടെ അവനെ നോക്കി.
“വാസൂ..നീയാണ് പുരുഷന്‍. ശരിയാണ്..അവളെപ്പോലെ ഒരു പെണ്ണ് നിന്നെപ്പോലെ ഒരു ആണിന്റെ കൈയിലെ ശരിയാകൂ..നിന്റെ ഈ തീരുമാനത്തെ ഞാന്‍ അഭിനന്ദിക്കുന്നു. സൊ ഇപ്പോള്‍ പ്രശ്നം പോലീസ് ആണ്. ഉം..ഞാന്‍ അങ്ങോട്ട് ഒന്ന് വിളിക്കാം”
പൌലോസ് വേഗം ഫോണ്‍ എടുത്ത് വാസുവിന്റെ നാട്ടിലെ സ്റ്റേഷനിലെ നമ്പര്‍ ഡയല്‍ ചെയ്തു. ഏതോ പോലീസുകാരനാണ് ഫോണ്‍ എടുത്തത്.
“എടൊ ഞാനാ പൌലോസ്. ആരാ പുതിയ എസ് ഐ?”
“സാറെ..രാമദാസ് സാറാണ്. സാറ് അറിയുമോ ആളെ?”
“ഓഹോ അവനാണോ..അവനുണ്ടോ അവിടെ?”
“ഉണ്ട് സാറെ..കൊടുക്കട്ടെ”
“കൊടുക്ക്”
“രാമദാസ്..അവനാണ് അവിടുത്തെ എസ് ഐ. വെറും ചെറ്റയാണ് അവന്‍. പണം വാങ്ങി എന്തും ചെയ്യുന്ന പരനാറി”
ഫോണിന്റെ മൌത്ത്പീസ് പൊത്തിപ്പിടിച്ച് പൌലോസ് ഇരുവരോടുമായി പറഞ്ഞു.
“ഹലോ രാമദാസ് ഹിയര്‍” അപ്പുറത്ത് രാമദാസിന്റെ സ്വരം പൌലോസ് കേട്ടു.
“എടാ ഇത് ഞാനാ പൌലോസ്..”
“ങേ താനോ? തന്നെ ഇവിടുന്നും തട്ടി അല്ലെ..ഹിഹിഹി….”
“അത് വിട്. നീ ഒരു പെണ്‍കുട്ടിയെ ഏതോ കുത്തുകേസില്‍ പിടികൂടിയോ?”
“ഉം..എന്താ?”