മൃഗം 22 [Master]

Posted by

“എടാ അവള് കുത്തിയിരിക്കുന്നത് സര്‍വീസില്‍ ഇരിക്കുന്ന ഒരു പോലീസുകാരനെ ആണ്. ഈ പറഞ്ഞത് നടക്കുമോ എന്ന് സംശയമാണ്. കാശ് കൊടുത്താല്‍ അയാള്‍ എന്തും ചെയ്യുമെങ്കിലും ഇതിപ്പോള്‍ എന്താകും എന്ന് പറയാന്‍ പറ്റത്തില്ല”
“ഇക്ക അയാളെ വേഗം പോയൊന്നു കാണ്. കാശ് എത്ര വേണേലും കൊടുക്കാം. അവളെ അറസ്റ്റ് ചെയ്യാതെ ഞങ്ങള്‍ക്ക് തന്നേക്കാന്‍ പറ”
“നടക്കുമോ എന്ന് ഉറപ്പൊന്നും പറയാന്‍ പറ്റില്ല. കാരണം ഞാന്‍ പറഞ്ഞല്ലോ. ഈ സ്റ്റേഷനിലെ ഒരു പോലീസുകാരനെ ആണ് അവള്‍ കുത്തിയിരിക്കുന്നത്. അത്ര നിസ്സാരമായി എസ്സ ഐക്ക് ഇത് കൈകാര്യം ചെയ്യാന്‍ പറ്റത്തില്ല. മോളീന്ന് ചോദ്യം വരും”
“അവള്‍ ആരെയും കൊന്നൊന്നും ഇല്ലല്ലോ? സ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടുപേരെ ആക്രമിച്ചു രക്ഷപെട്ടു. രക്ഷപെടുന്നത് ഒരു ക്രൈം ആണോ ഇക്ക? ഇതില്‍ എസ് ഐക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല. പോലീസുകാരന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് വരുത്തുന്നതല്ലേ പൊലീസിന് നല്ലത്? മറ്റേ തെണ്ടിയെ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതി. ഇക്ക അയാളെ കണ്ടൊന്നു സംസാരിക്ക്. ഇന്ന് അവളെ ഞങ്ങള്‍ക്ക് വേണം” മാലിക്ക് തീര്‍ത്ത്‌ പറഞ്ഞു.
“ശരി. ഞാന്‍ സാറിനെ ഒന്ന് കാണട്ടെ”
“കണ്ടിട്ട് വിളിക്കണം. ഞങ്ങള്‍ റോയല്‍ പാലസ് ഹോട്ടലില്‍ കാണും..”
“ഒകെ”
“ഉം വണ്ടി എടുക്ക്. ഇന്ന് അവളെയും കൊണ്ടേ നമ്മള്‍ പോകൂ” മാലിക്ക് ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
ഫോണ്‍ ബെല്ലടിച്ചപ്പോള്‍ വാസു ബൈക്ക് റോഡിന്റെ സൈഡില്‍ നിര്‍ത്തിയിട്ട് എടുത്ത് ചെവിയോടു ചേര്‍ത്തു. അവന്റെ പിന്നില്‍ ഡോണയും ഉണ്ടായിരുന്നു. വൈകിട്ട് വീട്ടിലേക്കുള്ള വഴിയില്‍ ആയിരുന്നു ഇരുവരും.
“ഹലോ..ങാ അമ്മെ..” രുക്മിണിയുടെ ശബ്ദം തിരിച്ചറിഞ്ഞ വാസു പറഞ്ഞു.
“മോനെ..ഇവിടെ ആകെ പ്രശ്നമായിരിക്കുകയാണ്. ദിവ്യയെ പോലീസ് പിടിച്ചു..” രുക്മിണിയുടെ ഭീതി കലര്‍ന്ന ശബ്ദം അവന്റെ കാതിലെത്തി.
“പോലീസ് പിടിച്ചെന്നോ? എന്തിന്?”
“മോനെ..അവളെ രണ്ടുപേര്‍ ചെന്നു ബലമായി വണ്ടിയില്‍ പിടിച്ചു കയറ്റി കൊണ്ടുപോകാന്‍ നോക്കി. രക്ഷപെടാന്‍ വേണ്ടി അവരെ കത്തി കൊണ്ട് കുത്തിയിട്ട് അവള്‍ ഇറങ്ങിയോടി. അങ്ങനെയാണ് പോലീസ് പിടിച്ചത്. ഞാനും ചേട്ടനും ഇപ്പോള്‍ സ്റ്റേഷനില്‍ ആണ്”
വാര്‍ത്ത കേട്ടു വാസു ഞെട്ടി.
“ആരാണ് അവളെ തട്ടിക്കൊണ്ടു പോകാന്‍ നോക്കിയവര്‍?”
‘അറിയില്ല മോനെ. ആരാണെന്ന് പോലീസ് ഞങ്ങളോട് പറഞ്ഞിട്ടില്ല. പക്ഷെ രണ്ടുപേര്‍ ഉണ്ടായിരുന്നു എന്നും അവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണെന്നും മാത്രം പറഞ്ഞു. ഞങ്ങള്‍ക്ക് ആകെ പേടി ആകുന്നു മോനെ. നിനക്ക് ഒന്നിങ്ങോട്ടു വരാന്‍ പറ്റുമോ?”
“ഞാന്‍ വരാം അമ്മെ..അല്‍പം കഴിഞ്ഞു ഞാന്‍ അങ്ങോട്ട്‌ വിളിക്കാം..ഒന്നും പേടിക്കണ്ട…അവളോടും പറഞ്ഞേക്ക്..”
“ശരി മോനെ” വാസു ഫോണ്‍ തിരികെ പോക്കറ്റില്‍ വച്ചു.
“എന്താ വാസൂ..എന്താ പ്രശ്നം?” ഡോണ ചോദിച്ചു. രുക്മിണി പറഞ്ഞത് അവന്‍ അവളെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *