മൃഗം 22 [Master]

Posted by

“നില്‍ക്കടി അവിടെ”
പോലീസ് വാഹനത്തില്‍ നിന്നും ഇറങ്ങിയ എസ് ഐ രാമദാസ് ദിവ്യയെ നോക്കി അലറി. പോലീസുകാര്‍ വേഗം അവളെ വളഞ്ഞു.
“ഉം ആ കത്തി ഇങ്ങു താടീ” ഒരു കൈലേസ് എടുത്ത് അയാള്‍ കൈ നീട്ടി. ദിവ്യ വിറച്ചുകൊണ്ട് കത്തി അയാള്‍ക്ക് നല്‍കി. കുറെ ആളുകള്‍ അവിടേക്ക് ഓടിയടുത്തു.
“എന്താ..എന്താ സാറെ പ്രശ്നം. അയ്യോ ഈ കൊച്ചിന്റെ ദേഹത്ത് മൊത്തം ചോര ആണല്ലോ” നാട്ടുകാരില്‍ ഒരാള്‍ ചോദിച്ചു.
“രണ്ടുപേരെ കൊല്ലാന്‍ ശ്രമിച്ചിട്ടു രക്ഷപെടുകയായിരുന്നു ഇവള്‍. ഉം..കേറടീ വണ്ടിയേല്‍…” എസ് ഐ ആജ്ഞാപിച്ചു.
“സാറെ ആരെ കുത്തിയെന്നാ നിങ്ങള് പറയുന്നത്. ഈ കൊച്ചു കൊച്ചിനെ എന്തിന്റെ പേരിലാ നിങ്ങള് കൊണ്ട് പോകുന്നത്?” ആദ്യം ചോദിച്ച ആള്‍ എസ് ഐയെ വിടാന്‍ ഭാവമില്ലാതെ തിരക്കി.
‘താന്‍ ആരാ?”
“ഞാന്‍ ഒരു പാര്‍ട്ടിക്കാരന്‍ ആണ്; പേര് ഹമീദ്. ഈ ചെറിയ കുട്ടിയെ എന്തിനാണ് പിടിക്കുന്നത് എന്നറിയാനുള്ള അവകാശം എനിക്കുണ്ട്..”
“ഉം.എങ്കില്‍ താന്‍ കുറച്ച് പൊറകോട്ട് ചെല്ല്..ദോ അവിടെ. രണ്ടുപേരെ ഇവള്‍ കുത്തി പരുക്കേല്‍പ്പിച്ച് ഇട്ടിട്ടുണ്ട്. കൊലപാതകശ്രമം ആണ് നടന്നിരിക്കുന്നത്..”
അയാള്‍ ഞെട്ടലോടെ ദിവ്യയെ നോക്കി. ഒപ്പം അകലെ കണ്ട ആള്‍ക്കൂട്ടത്തിലേക്കും അയാള്‍ നോക്കി.
“ശരിയാണോ കൊച്ചെ?”
“അതെ അങ്കിളേ…എന്നെ അവര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപെടാന്‍ വേണ്ടി ഞാന്‍..” അവള്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു.
“ഉം..കേറടീ വണ്ടിയേല്‍..ബാക്കിയൊക്കെ അങ്ങ് സ്റ്റേഷനില്‍ ചെന്നിട്ട്” രാമദാസ് ആജ്ഞാപിച്ചു. ഒരു ആംബുലന്‍സ് സൈറന്‍ മുഴക്കി അവരുടെ അരികിലൂടെ ദിവാകരനും രവീന്ദ്രനും കിടന്നിരുന്ന ഭാഗത്തേക്ക് പാഞ്ഞുപോയി.
“ഹലോ ഇക്കാ..ഞാനാണ്‌ മാലിക്ക്. ഇന്നും പണി പാളി. നിങ്ങളുടെ കൂട്ടുകാരന്‍ രവീന്ദ്രനെയും ദിവാകരനെയും ആ പെണ്ണ് കുത്തി വീഴ്ത്തി. രണ്ടുംകൂടി അവളെ തട്ടിക്കൊണ്ടു പോകാന്‍ നോക്കിയതാണ്. ഇപ്പോള്‍ അവര് രണ്ടും തട്ടിപ്പോകുമെന്നാണ് തോന്നുന്നത്” കുറെ മാറി പാര്‍ക്ക് ചെയ്തിരുന്ന പജേറോയില്‍ ഇരുന്നു മാലിക്ക് മുസ്തഫയ്ക്ക് ഫോണ്‍ ചെയ്യുകയായിരുന്നു.
“ങേ..സത്യമാണോ? പടച്ചോനെ നിങ്ങള്‍ സംഭവം നേരില്‍ കണ്ടോ?”
“ഞങ്ങള്‍ അവരുടെ തൊട്ടു പിന്നാലെ തന്നെ ഉണ്ടായിരുന്നു. കുത്തിയിട്ട് ഓടിയ അവളെ പിടിച്ചു വണ്ടിയില്‍ കയറ്റാന്‍ തുടങ്ങിയ സമയത്ത് തന്നെ പോലീസും എത്തി. അതുകൊണ്ട് സംഗതി നടന്നില്ല. ഇനി എന്താണിക്കാ ഒരു വഴി? ഞങ്ങള്‍ക്ക് ഇന്നവളെ കിട്ടിയേ തീരൂ…”
“എന്നിട്ട് അവളെ പോലീസ് കൊണ്ടുപോയോ?”
“കൊണ്ടുപോയി..അവളെ അയാളുടെ കൈയില്‍ നിന്നും എങ്ങനെ എങ്കിലും ഞങ്ങളെ ഏല്‍പ്പിക്കാന്‍ ഇക്കയ്ക്ക് പറ്റുമോ?”
“രാമദാസ് സാറ് എന്റെ ആളാണ്‌. പക്ഷെ ഇതിപ്പോള്‍ വലിയ കേസ് ആയിപ്പോയില്ലേ?”
“അവളെ അറസ്റ്റ് ചെയ്യാതെ ഞങ്ങളെ ഏല്‍പ്പിക്കാമോ എന്ന് ഇക്ക ഒന്ന് ചോദിക്ക്. അങ്ങനാണെങ്കില്‍ ഞങ്ങള്‍ അവളെ കൊണ്ടുപോയി പൊന്നുപോലെ നോക്കിക്കോളാം”

Leave a Reply

Your email address will not be published. Required fields are marked *