“നോക്ക്..ഇത് പോലീസ് സ്റ്റേഷന്‍ ആണ്. ഇവിടെ നിങ്ങള്‍ക്ക് പരാതി നല്‍കാം, നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയാം, നിങ്ങള്‍ നല്‍കിയ പരാതിയുടെ പുരോഗതി അന്വേഷിക്കാം അങ്ങനെ പലതും ചെയ്യാം. പക്ഷെ ഒരു കേസിലെ പ്രതി ആരാണ് എന്ന് നിങ്ങള്‍ പറഞ്ഞു തന്നു ഞങ്ങളെ സഹായിക്കാന്‍ വരരുത്; പ്രത്യേകിച്ചും മീഡിയക്കാര്‍. എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു വര്‍ഗ്ഗമാണ് നിന്റെ ലൈനില്‍ ഉള്ളവര്‍. ഇന്ന് ആ പെണ്ണിന്റെ മരണത്തിന്റെ വിഷമത്തിലായത് കൊണ്ടാണ് ഇത്ര മയത്തില്‍ ഞാന്‍ സംസാരിക്കുന്നത്. അവളെ ആരാണ് കൊന്നത് എന്ന് കണ്ടുപിടിക്കാന്‍ എനിക്കറിയാം..മനസ്സിലായോ? അതിനെനിക്ക് ഒരു പത്രക്കാരന്റെയും കാരിയുടെയും ഹെല്‍പ്പ് ആവശ്യമില്ല…നിങ്ങളുടെ കേസന്വേഷണവും ചര്‍ച്ചകളും അങ്ങ് സ്റ്റുഡിയോയുടെ ഉള്ളില്‍ മതി…നൌ യു ക്ലിയര്‍ ഓഫ്”
പൌലോസ് പതിഞ്ഞ, എന്നാല്‍ ഉറച്ച ശബ്ദത്തില്‍ അവളെ നോക്കി പറഞ്ഞു. ഡോണയുടെ കണ്ണുകളിലേക്ക് കോപം ഇരച്ചു കയറിയെങ്കിലും അവള്‍ സ്വയം നിയന്ത്രിച്ചു. പക്ഷെ അവള്‍ പറയാന്‍ വന്നത് തടഞ്ഞു വച്ചില്ല.
“ഓഫീസര്‍..നിങ്ങളെ ഞാന്‍ ആദ്യമായി കണ്ടപ്പോള്‍ത്തന്നെ മനസിലാക്കിയതാണ് നിങ്ങളൊരു അഹങ്കാരിയാണ് എന്നുള്ളത്. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാന്‍ ഇന്നും ഇങ്ങോട്ട് വന്നത്. കാരണം ഇന്നലെ മരിച്ചുപോയ ആ പാവം സ്ത്രീയെ ഞാന്‍ സ്നേഹിച്ചു പോയി..അവളുടെ മരണത്തിന് ഒരു പരിധിവരെ ഞാനും ഉത്തരവാദിയാണ് എന്ന കുറ്റബോധം കൊണ്ടാണ് നിങ്ങളെ കാണാന്‍ വന്നത്. അതല്ലാതെ ഒരു സമാന്തര കേസ് അന്വേഷണം നടത്തി നിങ്ങളുടെ മേല്‍ മീഡിയ പവര്‍ കാണിക്കാനല്ല..ഇനി ഞാന്‍ നിങ്ങളെ കാണാന്‍ വരില്ല; ഒരിക്കലും. മീനയുടെ ഘാതകരെ കണ്ടുപിടിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാലും ഇല്ലെങ്കിലും, അവരെ ഞാന്‍ കണ്ടെത്തും. വിത്ത് കോണ്ക്രീറ്റ് എവിഡന്‍സ്..അത് ഞാന്‍ നിങ്ങള്‍ക്കല്ല, നിങ്ങള്‍ക്ക് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. കേരളാ പോലീസ് എന്നാല്‍ പൌലോസ് എന്ന മൂന്നക്ഷരമല്ല..കമോണ്‍ വാസൂ..ലെറ്റ്സ് ഗോ..”
ഡോണ ചടുലമായി അയാളുടെ മുഖത്ത് നോക്കി സംസാരിച്ചിട്ട് പുറത്തേക്ക് പോകാനായി വെട്ടിത്തിരിഞ്ഞു.
“നില്‍ക്കടി അവിടെ…” പൌലോസിന്റെ സ്വരമുയര്‍ന്നു. ഡോണ നിന്നെങ്കിലും അവള്‍ തിരിഞ്ഞില്ല.
“ശരിയാണ്; കേരള പോലീസ് എന്നാല്‍ പൌലോസ് എന്ന മൂന്നക്ഷരം അല്ല. പക്ഷെ പൌലോസ് ഇരിക്കുന്ന സ്റ്റേഷനതിര്‍ത്തിയില്‍ ആ മൂന്നക്ഷരത്തിന് മേല്‍ ഒരു കേരളാ പോലീസുകാരനും, അവനിനി ഡി ജി പി ആയാലും വാല് പൊക്കില്ല. ഈ കേസിന്റെ അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നീ സാക്ഷികളെയോ മറ്റോ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് ഞാനറിഞ്ഞാല്‍, പിന്നെ നീയും ലോക്കപ്പ് ജീവിതത്തിന്റെ സുഖമറിയും. എന്റെ വഴിയില്‍ നിന്നും മാറി നടന്നോണം. അതാകും നിനക്ക് നല്ലത്”
ഡോണ മറുപടി നല്‍കാതെ പുറത്തേക്ക് പോയി. വാസു പക്ഷെ അവിടെത്തന്നെ നിന്നതെ ഉള്ളു.
“എന്താടാ? നിനക്ക് വല്ലതും പറയാനുണ്ടോ?” പൌലോസ് ചോദിച്ചു.
“സാറേ..ആ കൊച്ച് ഒരു പത്രക്കരിയാണ് എന്ന് കരുതി സാറ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് മോശമാണ്. അവള്‍ വെറും പാവമാണ് സര്‍. സാറ് കണ്ടിട്ടുള്ള ഏതെങ്കിലും പത്രക്കാരോ ടിവിക്കാരോ കാണിച്ചിട്ടുള്ള മോശം പെരുമാറ്റം വച്ച് ഇവളെയും കാണല്ലേ..ഞാന്‍ പറയുന്നത് ശരിയോ തെറ്റോ എന്ന് സാറ് ഇന്നല്ലെങ്കില്‍ നാളെ മനസ്സിലാക്കും..” അവന്‍ പറഞ്ഞു.
“ഹും..നീ ആകെ കണ്ടിട്ടുള്ള പത്രക്കാരി ഇവള്‍ മാത്രമായിരിക്കും; എന്നാല്‍ എന്റെ കാര്യത്തില്‍ അങ്ങനെയല്ല. നാളെ നീയും ഈ വര്‍ഗ്ഗത്തില്‍ പെട്ട കുറെ എണ്ണത്തിനെ അറിയുമ്പോള്‍ ഞാന്‍ എന്തുകൊണ്ട് ഇങ്ങനെ പറയുന്നു എന്ന് മനസിലാക്കും. തല്‍ക്കാലം നീ പോ..”