“ഇല്ല. കൈയുടെ ഒടിവ് ശരിയാകാന്‍ രണ്ട് മൂന്നു മാസങ്ങള്‍ എടുക്കും. അതല്ലാതെ ഗുരുതരമായ മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ല” ഡോക്ടര്‍ പറഞ്ഞു.
“അവന്‍ പരോളില്‍ ഉള്ള ഒരു ജയില്‍പ്പുള്ളി ആണ്. ഈ അപകടകാരണം വച്ച് അവന്റെ പരോള്‍ നീട്ടിക്കിട്ടാന്‍ വല്ല മാര്‍ഗ്ഗവും കാണുമോ ഡോക്ടര്‍?”
“എനിക്ക് അതെപ്പറ്റി അറിയില്ല. നിങ്ങള്‍ പോലീസിനോട് ചോദിക്കുക. അവനുവേണ്ടി എന്തെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ എന്നോട് പറഞ്ഞാല്‍ മതി” ഡോക്ടര്‍ പറഞ്ഞു.
“ഓകെ ഡോക്ടര്‍; പിന്നെ ഡോക്ടര്‍, മോര്‍ച്ചറിയില്‍ ഉള്ള ഭാര്യയുടെ ശവദാഹത്തെപ്പറ്റി അവന്‍ വല്ലതും പറഞ്ഞോ?” കണ്ണുകള്‍ തുടച്ചുകൊണ്ട് അവള്‍ ചോദിച്ചു.
“ഉവ്വ്..അവനോ അവള്‍ക്കോ ബന്ധുക്കളായി ആരുമില്ല. നിങ്ങള്‍ ആലോചിച്ച് വേണ്ടത് ചെയ്യ്..അവന്‍ മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലാണ്”
“ശരി ഡോക്ടര്‍”
ഡോക്ടര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഡോണ വാസുവിനെ നോക്കി.
“നമുക്ക് പൌലോസിനെ ഒന്ന് കാണാം. അതിനു ശേഷം അസീസിനെ കണ്ട് മീനയുടെ ശവദാഹം നടത്താന്‍ വേണ്ടത് ചെയ്യണം. അവള്‍ക്ക് നല്ലൊരു അന്ത്യയാത്ര നല്‍കണം. പാവം..ജീവിച്ചു തുടങ്ങിയപ്പോഴേക്കും വിധി….അല്ല വിധിയല്ല…അവളെ മരണത്തിലേക്ക് തള്ളി വിട്ടതാണ്. വാ..അയാളെ കണ്ടിട്ട് വരാം..” പകയോടെ ഡോണ പറഞ്ഞു.
അവര്‍ മട്ടാഞ്ചേരി പോലീസ് സ്റ്റെഷനിലേക്ക് യാത്ര തിരിച്ചു.
“സര്‍..രണ്ട് പേര്‍ കാണാന്‍ വന്നിരിക്കുന്നു”
ഒരു പോലീസുകാരന്‍ എത്തി പൌലോസിനോട് പറഞ്ഞു. അയാള്‍ അപകടം നടന്ന സ്ഥലത്ത് പോലീസ് തയാറാക്കിയ റിപ്പോര്‍ട്ട് വായിക്കുകയായിരുന്നു.
“യെസ്..പറഞ്ഞു വിട്” മുഖമുയര്‍ത്താതെ പൌലോസ് പറഞ്ഞു.
“ഗുഡ് മോണിംഗ്” ഡോണ വാസുവിന്റെ ഒപ്പം ഉള്ളിലേക്ക് കയറി പറഞ്ഞു.
“മോണിംഗ്” പൌലോസ് മുഖമുയര്‍ത്തി. അവളെ കണ്ടപ്പോള്‍ അയാളുടെ നെറ്റിയില്‍ ചുളിവുകള്‍ വീണു.
“നിങ്ങളെ എനിക്ക് മുഖപരിചയം ഉണ്ടല്ലോ..” അവളുടെ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ട് പൌലോസ് പറഞ്ഞു.
“ഞങ്ങള്‍ ഒരിക്കല്‍ സാറിനെ ഇതിനു മുന്‍പിരുന്ന സ്റ്റേഷനില്‍ കാണാന്‍ വന്നിരുന്നു” വാസുവാണ് അത് പറഞ്ഞത്.
“ഓ…ഓര്‍മ്മ വന്നു..നീ വാസു..ഇവള്‍ ആ പത്രക്കാരി..അല്ലെ?”
“അതെ സര്‍. ഒരു പ്രധാനപ്പെട്ട കാര്യം പറയാന്‍ ആണ് ഞങ്ങള്‍ വന്നത്” വാസുവാണ് ഇത്തവണ ഡോണയ്ക്ക് പകരം സംസാരിച്ചത്.
“പറയൂ..”
“ഇന്നലെ അപകടത്തില്‍ മരണപ്പെട്ട മീനയുടെ കാര്യമാണ് സര്‍..” ഡോണ പറഞ്ഞു.
“പറ..എന്താണ് വിവരം” പൌലോസ് ഇരുവരെയും നോക്കി.
“അവളുടെ മരണത്തിനു പിന്നില്‍ ആരാണ് എന്ന് എനിക്കറിയാം. അത് താങ്കളോട് പറയാനാണ് ഞാന്‍ വന്നത്” ഡോണ കരുതലോടെ പറഞ്ഞു.
പൌലോസ് എഴുന്നേറ്റു. അയാളുടെ മുഖത്ത് പുച്ഛം കലര്‍ന്ന ഒരു ചിരി വിടരുന്നത് അവള്‍ കണ്ടു.