“ഒരിക്കല്‍ ഇവന്റെ നാട്ടില്‍ ഞാന്‍ പോയില്ലേ പപ്പാ..അന്ന് അയാളെ കണ്ടു സംസാരിക്കാനായി ഞങ്ങള്‍ സ്റ്റേഷനില്‍ പോയിരുന്നു. ഞാനൊരു പത്രക്കാരിയാണ് എന്ന് പറഞ്ഞതെ ഉള്ളു, അങ്ങേരുടെ ഭാവം മാറി. ദിവ്യയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചവര്‍ ആരാണ് എന്ന് എനിക്കറിയാം എന്ന് പറഞ്ഞിട്ടും നിന്റെ ഒരു സഹായവും വേണ്ട എന്ന് പറഞ്ഞു ഞങ്ങളെ ഇറക്കി വിടുകയാണ് അയാള്‍ ചെയ്തത്. ഇപ്പോള്‍ മീനയുടെ മരണവും അയാളുടെ അന്വേഷണത്തില്‍ എത്തിയിരിക്കുന്നു എന്നാണ് തോന്നുന്നത്. ആരാണ് അതിന്റെ പിന്നിലെന്ന് എനിക്ക് സ്പഷ്ടമായി അറിയാം. അത് പക്ഷെ ആ കാര്‍ക്കോടകനോട് പറയാന്‍ പറ്റുമോ എന്ന ശങ്കയാണ് എനിക്ക്..” ഡോണ നിരാശയോടെ പറഞ്ഞു.
“മോള് എന്തായാലും അയാളെ പോയൊന്നു കാണ്. അയാളുടെ പെരുമാറ്റം മോശമാണ് എങ്കില്‍ എന്നെ വിളിക്കുക. ഞാന്‍ അലിയെ വിളിച്ചു സംസാരിക്കാം.” പുന്നൂസ് അവളെ ആശ്വസിപ്പിച്ചു.
“ഹും..അങ്ങേര്‍ക്ക് കമ്മീഷണറെ പേടിയൊന്നും കാണില്ല പപ്പാ. ഈരണ്ടു മാസം കൂടുമ്പോള്‍ അങ്ങേര്‍ക്ക് ട്രാന്‍സ്ഫര്‍ ആണ്..ഒരിടത്തും മൂന്നു മാസത്തിലധികം ജോലി ചെയ്ത ചരിത്രം പൌലോസിനില്ല എന്നാണ് ഞാന്‍ കേട്ടത്..സീനിയര്‍ ഓഫീസര്‍മാര്‍ പറഞ്ഞാല്‍ പോലും അങ്ങേരു കേള്‍ക്കാറില്ല..തനി തോന്നിവാസി ആണ് അയാള്‍”
“എന്തായാലും നീ ചെല്ല്..അങ്ങനെ ഭയന്നു പിന്മാറാന്‍ പറ്റില്ലല്ലോ. അയാള്‍ക്ക് കേള്‍ക്കാന്‍ മനസില്ല എങ്കില്‍ നിനക്കറിയാവുന്ന വിവരം അയാളുടെ സുപ്പീരിയര്‍ ഓഫീസറെ അറിയിക്കാം”
“ശരി പപ്പാ..വാസൂ വാ..നമുക്ക് പോകാം” ഡോണ പോകാന്‍ തയാറെടുത്തുകൊണ്ട് പോയി മുഖം കഴുകി.
“വാസൂ..ബൈക്കില്‍ പോകുമ്പോള്‍ വളരെ സൂക്ഷിക്കണം. ആപത്ത് നിങ്ങളുടെ ചുറ്റുമുണ്ട്. ആ അധമന്മാര്‍ എന്ത് ചെയ്യാനും മടിക്കാത്തവരാണ്. നിങ്ങള്‍ക്കെതിരെ ഉള്ള അവന്മാരുടെ നിശബ്ദത വളരെ സൂക്ഷിക്കണം..” പുന്നൂസ് വാസുവിനെ ഓര്‍മ്മപ്പെടുത്തി.
“പേടിക്കണ്ട സാറെ..ഞാന്‍ കരുതലോടെ തന്നെയാണ് സഞ്ചരിക്കുന്നത്”
“പപ്പാ..മമ്മീ..ഞങ്ങള്‍ പോയിട്ട് വരാം..വാ വാസൂ..ആദ്യം നമുക്ക് ഹോസ്പിറ്റലില്‍ പോകാം”
ഡോണ ബാഗുമായി പുറത്തേക്ക് ഓടിയിറങ്ങി. ഇരുവരും പടികടന്നു പോകുന്നത് നോക്കി നിന്ന ശേഷം പുന്നൂസും ഭാര്യയും ഉള്ളിലേക്ക് കയറി.
ഡോണയും വാസുവും ആശുപത്രിയില്‍ ചെല്ലുമ്പോള്‍ അസീസ് കട്ടിലില്‍ കിടന്നു കരയുകയായിരുന്നു. അവന്റെ ദേഹത്ത് അവിടവിടെ മരുന്ന് വച്ചു കെട്ടി, കൈയില്‍ പ്ലാസ്റ്റര്‍ ഇട്ട സ്ഥിതിയില്‍ ആയിരുന്നു. ഡോണയെയും വാസുവിനെയും കണ്ടപ്പോള്‍ അവന്‍ ഉറക്കെ കരഞ്ഞു.
“എന്റെ മീനു എന്നെ വിട്ടു പോയി മാഡം..ഞാനവളെ സ്നേഹിച്ചു തുടങ്ങിയപ്പോഴേക്കും, അവളെ മനസിലാക്കി വന്നപ്പോഴേക്കും എന്നെ തനിച്ചാക്കി അവള് പൊയ്ക്കളഞ്ഞു….എന്റെ മീനൂനെ എനിക്ക് നഷ്ടമായി..ഹയ്യോ..”
അവന്‍ കുട്ടികളെപ്പോലെ അലമുറയിട്ടു കരഞ്ഞു. വാതില്‍ക്കല്‍ കാവലുണ്ടായിരുന്ന പോലീസുകാര്‍ ഡോണയുടെ ഐഡി പരിശോധിച്ച ശേഷമാണ് അവളെ ഉള്ളിലേക്ക് കയറാന്‍ അനുവദിച്ചത്. അവള്‍ അസീസിന്റെ അരികിലെത്തി അവന്റെ കൈയില്‍ പിടിച്ചു. അതോടെ അവന്റെ സകല നിയന്ത്രണവും പോയി. അവന്‍ ഉറക്കെയുറക്കെ കരഞ്ഞു. ഡോണയുടെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ ധാരയായി ഒഴുകി. കുറെ നേരം അവന്റെ അരികില്‍ മൌനമായി നിന്ന ശേഷം അവള്‍ വാസുവിനെയും കൂട്ടി പുറത്തിറങ്ങി. ഡ്യൂട്ടി ഡോക്ടര്‍ വരുന്നത് കണ്ടപ്പോള്‍ ഡോണ നിന്നു.
“ഡോക്ടര്‍..അവനു വേറെ കുഴപ്പം ഒന്നുമില്ലല്ലോ?” അവള്‍ ചോദിച്ചു.