“മോളെ ജനനമരണങ്ങളുടെ നിയന്ത്രണം നമ്മുടെ കൈയിലല്ല; അത് സംഭവിക്കെണ്ടപ്പോള്‍ സംഭവിക്കും. പക്ഷെ നീ ആ മരിച്ചുപോയ പെണ്‍കുട്ടിക്ക് അവളുടെ ജീവിതത്തില്‍ കുറെ നല്ല നിമിഷങ്ങള്‍ സമ്മാനിച്ചു. അവള്‍ വളരെ സന്തോഷവതിയായിരുന്നു മരിക്കുമ്പോള്‍ എന്നാണ് എന്റെ അനുമാനം. കാരണം വാസു പറഞ്ഞത് വച്ചു നോക്കുമ്പോള്‍, ഒരു വഴിവിട്ട ജീവിതം നയിച്ചിരുന്ന അവള്‍ക്ക് പ്രത്യേകിച്ച് ജീവിത ലക്ഷ്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. വല്ലവര്‍ക്കും വേണ്ടി ജീവിതം തുലയ്ക്കുന്ന ബോധമില്ലാത്ത ഭര്‍ത്താവ്. അവന്റെ മനസ് മാറ്റിയത് നീയാണ്. അത് ആ പെണ്ണിന് നല്ല സന്തോഷം നല്‍കി എന്നതിന്റെ തെളിവാണ് അവര്‍ രണ്ടുപേരും ഒരുമിച്ച് പുറത്തേക്ക് പോയി എന്നുള്ളത്. മരിക്കുമ്പോള്‍ അവള്‍ നല്ല സന്തോഷത്തിലായിരുന്നു..ഒരുപക്ഷെ നിന്റെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഒരിക്കലും അവള്‍ക്ക് ലഭിക്കാന്‍ ഇടയില്ലയിരുന്ന ഒന്ന്..അവള്‍ മനസ് ശുദ്ധമാക്കി ഈ ലോകം വിട്ടതുകൊണ്ട്, ഇന്നവള്‍ ദൈവസന്നിധിയില്‍ സന്തോഷിക്കുകയാണ്..അവളൊരു പാപിയയിട്ടല്ല മരിച്ചത്..അതില്‍ നീ സന്തോഷിക്കുകയാണ് മോളെ വേണ്ടത്..”
“എന്നാലും..എന്നാലും…” ഡോണ വിതുമ്പി.
“അതെ മോളെ..അവള്‍ നീലാകാശത്ത് ഒരു നക്ഷത്രമായി മാറിക്കഴിഞ്ഞു. ഈ ലോകത്തിന്റെ എല്ലാ അഴുക്കില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും മോചിതയയിക്കഴിഞ്ഞു. ഇനി നമ്മുടെ കടമ, അവളെ കൊന്നവരെ കണ്ടുപിടിക്കുക..അവരെ നിയമത്തിന്റെ മുന്‍പില്‍ എത്തിക്കുക എന്നതാണ്. മുംതാസിനു നീതി വാങ്ങിക്കൊടുക്കാന്‍ ശ്രമിക്കുന്ന നീ മീനയ്ക്കും നീതി വാങ്ങി കൊടുക്കണം. അവളുടെ മരണത്തിനു പിന്നിലുള്ളവര്‍ ആരായാലും അവരെ നീ വെളിച്ചത്തു കൊണ്ടുവരണം..”
പുന്നൂസിന്റെ വാക്കുകള്‍ ഡോണയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. അവള്‍ കണ്ണുകള്‍ തുടച്ചിട്ട് അയാളെ നോക്കി.
“അതെ പപ്പാ..ഞാനത് ചെയ്യും. വാസൂ..വാ നമുക്ക് ഹോസ്പിറ്റല്‍ വരെ ഒന്ന് പോകാം. എനിക്ക് അസീസിനെ ഉടന്‍ കാണണം. അവനു സുരക്ഷ ഒരുക്കണം. കാരണം അവന്‍ രക്ഷപെട്ടു അന്ന് ആ നീചന്മാര്‍ അറിഞ്ഞാല്‍, അവന്റെ ജീവന്‍ അപകടത്തിലാകും” ഡോണ വാസുവിനെ നോക്കി പറഞ്ഞു.
“ഡോണ..മറ്റൊരു പ്രധാനപ്പെട്ട വിവരം കൂടി നീ അറിയണം”
വാസു പറഞ്ഞു. മൂവരും ചോദ്യഭാവത്തില്‍ അവനെ നോക്കി.
“അന്ന് നമ്മള്‍ കാണാന്‍ പോയ എസ് ഐ പൌലോസ് ഇല്ലേ? എന്റെ നാട്ടിലെ സ്റ്റേഷനിലെ എസ് ഐ? അങ്ങേരാണ് അവരെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ട് പോലീസുകാരെ അവിടെ അസീസിന് കാവലും ഇട്ടിട്ടുണ്ട്. അങ്ങേര്‍ക്ക് അത് അപകടമല്ല എന്ന് സംശയം ഉണ്ടെന്നാണ് പോലീസുകാര് പറഞ്ഞത്.. മട്ടാഞ്ചേരി സ്റ്റേഷനില്‍ അങ്ങേരു ചാര്‍ജ്ജ് എടുത്തു” വാസു പറഞ്ഞു.
പൌലോസിന്റെ പേര് കേട്ടപ്പോള്‍ ഡോണയുടെ മുഖം ഇരുണ്ടു.
“ഛെ..അയാളൊരു ചെകുത്താനാണ്.” അവള്‍ നിരാശയോടെ പറഞ്ഞു.
“ആരാ മോളെ ഈ പൌലോസ്? നിനക്ക് അയാളെ മുന്‍പരിചയം ഉണ്ടോ?” പുന്നൂസ് ചോദിച്ചു.