“താങ്ക് യു മാം”
പൌലോസ് എഴുന്നേറ്റ് തൊപ്പി ധരിച്ച് ഇന്ദുലേഖയെ വീണ്ടും സല്യൂട്ട് ചെയ്തു. പിന്ന ശക്തമായ കാല്‍ വയ്പ്പുകളോടെ പുറത്തേക്ക് ഇറങ്ങി.
————-
ഡോണ പൊട്ടിക്കരയുകയായിരുന്നു. അടുത്തു തന്നെ പുന്നൂസും റോസ്ലിനും ഉണ്ടായിരുന്നു.
“ഞാന്‍..ഞാനാണ് ആ പാവത്തിനെ മരണത്തിലേക്ക് തള്ളിവിട്ടത്. ഞാനവിടെ അവരെ കാണാന്‍ പോയില്ലായിരുന്നെങ്കില്‍ അവള്‍ ഇപ്പോഴും ജീവിച്ചിരുന്നെനെ..എന്റെ ദൈവമേ എന്തൊരു മഹാപാപിയാണ് ഞാന്‍..”
അവള്‍ അലമുറയിട്ടു കരഞ്ഞു. അസാമാന്യ മനധൈര്യവും ദുര്‍ബ്ബല വികാരങ്ങള്‍ക്ക് ഒരിക്കലും കീഴ്പ്പെടാത്തവളുമായ തങ്ങളുടെ മകളുടെ കരച്ചില്‍ കണ്ടു പുന്നൂസും റോസിലിനും അത്ഭുതത്തോടെ ഇരിക്കുകയായിരുന്നു. ആരാണ് മരിച്ചത് എന്ന് അവര്‍ ഇരുവര്‍ക്കും അറിയില്ലായിരുന്നു.
“മോളെ..നീ എന്തിനാണ് കരയുന്നത്? ആരാണ് മരിച്ചത്?” പുന്നൂസ് അവളുടെ അരികിലെത്തി ഒപ്പം ഇരുന്നുകൊണ്ട് ചോദിച്ചു. ഡോണ മറുപടി പറയാതെ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടേയിരുന്നു.
പുറത്ത് വാസുവിന്റെ ബൈക്ക് വന്നു നില്‍ക്കുന്ന ശബ്ദം കേട്ടപ്പോള്‍ അവര്‍ അങ്ങോട്ട് നോക്കി. ബൈക്ക് സ്റ്റാന്റില്‍ വച്ചിട്ട് വാസു ഉള്ളിലെക്കെത്തി.
“അസീസ് രക്ഷപെടും ഡോണ; അവന്റെ കൈയ്ക്ക് ഒടിവുണ്ടെന്നല്ലാതെ വേറെ കുഴപ്പമൊന്നുമില്ല.” വാസു ഉള്ളിലേക്ക് വന്നു പറഞ്ഞു. ഡോണ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ അവനെ നോക്കി.
“മീനയുടെ ബോഡി മോര്‍ച്ചറിയില്‍ ആണ്. അസീസ് അലമുറയിട്ടു കരയുകയാണ്. എങ്കിലും ഞാന്‍ അവനോടു കാര്യങ്ങള്‍ സംസാരിച്ചറിഞ്ഞു” വാസു പറഞ്ഞു.
“ഹയ്യോ..എന്റെ ദൈവമേ..പാവം..ഞാന്‍ കാരണമാണ് ആ പാവം മരിച്ചത്..എനിക്കീ ദുഃഖം ജീവിതകാലം മൊത്തം പേറേണ്ടി വരുമല്ലോ…” ഡോണ വീണ്ടും ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.
പുന്നൂസ് വാസുവിനെയും കൂട്ടി ഉള്ളിലേക്ക് പോയി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എല്ലാം കേട്ടപ്പോള്‍ അയാളുടെ കണ്ണുകളും നിറഞ്ഞു. അയാള്‍ പുറത്ത് മകളുടെ അരികിലെത്തി ഇരുന്നു. ഡോണ അപ്പോഴും ഏങ്ങലടിച്ചു കരയുകയായിരുന്നു.
“മോളെ..നിന്റെ വിഷമം എനിക്ക് ഇപ്പോഴാണ് മനസിലായത്..ഒരിടത്തും പതറാത്ത നിന്റെ മനസ് സ്നേഹത്തിന്റെ മുന്‍പില്‍ എത്ര ദുര്‍ബ്ബലമാകുന്നു.. സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും മുന്‍പില്‍ മനസ് ദുര്‍ബ്ബലമാകണം. ആയില്ലെങ്കില്‍ പിന്നെ നമ്മള്‍ മനുഷ്യരല്ല. മോള് മനസിന്റെ വിഷമം തീരുന്നത് വരെ കരഞ്ഞോ..പക്ഷെ നീ ഇതില്‍ നിന്നെ കുറ്റക്കാരിയായി മാത്രം കാണരുത്.. ഒരിക്കലും ആ മരണം എന്റെ മോളുടെ കുറ്റം കൊണ്ട് സംഭവിച്ചതല്ല” പുന്നൂസ് അവളുടെ മുടിയിഴകളില്‍ തഴുകിക്കൊണ്ട് പറഞ്ഞു.
“അല്ല പപ്പാ..അല്ല..ഞാനാണ് ആ പാവത്തിന്റെ മരണത്തിനുത്തരവാദി..ഞാനവിടെ ചെന്നത് ആ ദുഷ്ടന്മാര്‍ അറിഞ്ഞു കാണും.. അസീസ് അപ്പോഴേ പറഞ്ഞതായിരുന്നു അവര്‍ ഇതറിഞ്ഞാല്‍ ഉള്ള അപകടം. അപ്പോള്‍ ആ പാവാമാണ് അവനു ധൈര്യം കൊടുത്ത് കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ എന്ന് പറഞ്ഞ് ഒപ്പം നിന്നത്..അത് അവളുടെ അറം പറ്റുന്ന വാക്കുകള്‍ ആയിപ്പോയി….”