ജീവിതത്തില്‍ കുറെ അപകടങ്ങളും പ്രശ്നങ്ങളും ഒക്കെ കണ്ടിട്ടുള്ളവനാണ് ഞാനെങ്കിലും, ഇന്നലെ ഞാന്‍ ആ അപകടസ്ഥലത്ത് വണ്ടി ഇറങ്ങുമ്പോള്‍ കണ്ടത് അരയ്ക്ക് കീഴെ ചതഞ്ഞരഞ്ഞു അര്‍ദ്ധപ്രാണയായി കിടക്കുന്ന ഒരു പെണ്‍കുട്ടിയെ ആണ്. അവള്‍ ആരാണ് എന്നെനിക്ക് അറിയില്ല. അടുത്തുതന്നെ അവളുടെ ഭര്‍ത്താവും പരുക്കുകള്‍ പറ്റി എഴുന്നെല്‍ക്കാനാകാതെ കിടപ്പുണ്ടായിരുന്നു. ആ പെണ്‍കുട്ടിയുടെ പള്‍സ് പരിശോധിച്ച എനിക്ക് അവള്‍ ഏതു നിമിഷവും മരിക്കും എന്ന് മനസിലായി. എത്രയും വേഗം അവരെ രണ്ടുപേരെയും ഏതെങ്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ കൂടി നിന്നവരുടെ സഹായം ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ വെള്ളം ആവശ്യപ്പെട്ടു. ഞാന്‍ എന്റെ വണ്ടിയിലേക്ക് ഓടി അതില്‍ നിന്നും വെള്ളമെടുത്ത് അവളുടെ വായിലേക്ക് ഒഴിച്ചു കൊടുത്തു. ആ വെള്ളം കുടിച്ച ശേഷം ആ പെണ്‍കുട്ടി എന്റെ കണ്ണുകളിലേക്ക് ഒന്ന് നോക്കി..അടുത്ത നിമിഷം അവള്‍ മരിക്കുകയും ചെയ്തു….”
പൌലോസിന്റെ കണ്ണുകള്‍ നിറഞ്ഞത് ഇന്ദുലേഖ കണ്ടു. അവളുടെയും കണ്ണുകളില്‍ ചെറിയ നനവ് പടര്‍ന്നിരുന്നു. അല്‍പനേരം ഇരുവരും ഒന്നും മിണ്ടിയില്ല.
“ഇരുവരെയും ഞാന്‍ ആശുപത്രിയില്‍ ആക്കി. പെണ്‍കുട്ടിയെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവിന്റെ പരുക്ക് ഗുരുതരമല്ല; പക്ഷെ കൈയ്ക്ക് ഒടിവുണ്ട്. ലേക്ക് ഷോര്‍ ഹോസ്പിറ്റലിലാണ് രണ്ടുപേരും. പക്ഷെ മാഡം..ആ അപകടം ഒരു സാദാ അപകടമായിരുന്നില്ല..”
“ങേ? വാട്ട് ടു യു മീന്‍?” ഇന്ദുലേഖ ഞെട്ടലോടെ ചോദിച്ചു.
“യെസ്..ഇറ്റ് വാസ് എ മര്‍ഡര്‍ അറ്റംപ്റ്റ്” പൌലോസ് പറഞ്ഞു.
“എന്ന് നിങ്ങള്‍ക്കെങ്ങനെ മനസിലായി?”
“അവിടെ കൂടി നിന്നവരില്‍ ചിലര്‍ ആ സംഭവം നേരിട്ട് കണ്ടിരുന്നു. ബൈക്കില്‍ തങ്ങളുടെ സൈഡിലൂടെ റോഡിന്റെ ഓരം ചേര്‍ന്നു വന്ന ദമ്പതികളെ എതിരെ വന്ന ലോറി സൈഡ് തെറ്റിച്ചു ചെന്നു കയറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിച്ചു വീഴ്ത്തിയ ശേഷം ലോറി അതിവേഗത്തില്‍ പാഞ്ഞു പോകുകയും ചെയ്തു. അവിടെ നിന്നവരില്‍ ആരോ ഒരാള്‍ ആ ലോറിയുടെ പിന്‍ഭാഗത്തിന്റെ ഫോട്ടോ എടുത്തിട്ടുണ്ട്.”
“ഓ ഗോഡ്..അപകടം പറ്റിയവര്‍ ആരാണെന്നോ മറ്റോ അറിഞ്ഞോ?”
“ഇല്ല മാഡം. അവിടെ കൂടി നിന്നവര്‍ ആരും ആ സ്ത്രീയെയോ അയാളെയോ അറിയുന്നവര്‍ ആയിരുന്നില്ല. ഈ അപകടത്തിനു പിന്നില്‍ ആരാണ് എന്നന്വേഷിക്കാന്‍ മാഡം എനിക്ക് അനുമതി നല്‍കണം. കാരണം ആ പെണ്‍കുട്ടി മരിക്കുന്നതിനു മുന്‍പ് നോക്കിയ ആ നോട്ടം എന്നെ വേട്ടയാടുകയാണ്; അവള്‍ എന്തോ പറയാന്‍ ആഗ്രഹിച്ചിരുന്നു; ഉറപ്പാണത്. അവളുടെ കണ്ണുകളില്‍ ഞാന്‍ കണ്ടത് ജീവിച്ചു കൊതി തീരാത്ത, വിടരും മുന്‍പേ കൊഴിയെണ്ടി വന്ന ഒരു പൂവിന്റെ ദുഃഖം ആയിരുന്നു. എന്റെ കണ്ണിലേക്ക് അവള്‍ നോക്കിയത് നീതി കിട്ടാന്‍ വേണ്ടിയാണ്. അവളുടെ ആത്മാവിന് എനിക്ക് നീതി നേടിക്കൊടുക്കണം. മാഡം ഈ അപകടമരണം അന്വേഷിക്കാനുള്ള സ്പെഷല്‍ പെര്‍മിഷന്‍ എനിക്ക് നല്‍കണം. ഐ വില്‍ ക്യാച്ച് ദാറ്റ് ബാസ്റ്റാഡ്” പൌലോസ് പല്ലുകള്‍ ഞെരിച്ചു.
“പെര്‍മിഷന്‍ ഗ്രാന്റഡ്..നിങ്ങള്‍ അന്വേഷിക്കൂ പൌലോസ്. എന്നിട്ട് അവനെ എന്റെ മുന്‍പില്‍ ഹാജരാക്കൂ. മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് അവനെതിരെ നമ്മള്‍ കേസ് ചാര്‍ജ്ജ് ചെയ്യും. യു പ്രൊസീഡ്..”