അസീസ് അവിടെ കിടന്നുകൊണ്ട് അവളെ നോക്കി. അവന്റെ മനസ് പിന്നോക്കം സഞ്ചരിക്കുകയായിരുന്നു.
“എവിടെയോ കണ്ടപോലെ തോന്നുന്നു സാറേ..പക്ഷെ അങ്ങോട്ട് കൃത്യമായി ഓര്‍മ്മ കിട്ടുന്നില്ല” അവന്‍ പറഞ്ഞു.
“സാരമില്ല..നീ ആലോചിക്ക്..ഞാന്‍ പോയിട്ട് വരാം. നിന്നോട് ചിലത് സംസാരിക്കാനാണ് ഞാന്‍ വന്നത്..ഇനി ഇവളെ ചോദ്യം ചെയ്ത ശേഷമാകാം ബാക്കി..”
പോലീസുകാര്‍ രണ്ടുപേരും ആകെ മഞ്ഞളിച്ചു നില്‍ക്കുകയായിരുന്നു.
“ഞാന്‍ പോകുന്നു..ഇനി അബദ്ധമൊന്നും പറ്റരുത്..ബി വെരി കെയര്‍ഫുള്‍” പൌലോസ് അവരെ നോക്കി പറഞ്ഞു.
“സര്‍..”
“ഒകെ..”
“സര്‍ ഒരു കാര്യം ചോദിച്ചോട്ടെ.” ഒരു പോലീസുകാരന്‍ മടിച്ചുമടിച്ച് ചോദിച്ചു. പൌലോസ് മൂളി.
“സാറിന് എങ്ങനെ മനസിലായി ഈ സ്ത്രീ ഇവിടുത്തെ സ്റ്റാഫ് അല്ലെന്ന്?”
പൌലോസ് ഇരുവരെയും നോക്കി പുഞ്ചിരിച്ചു. പിന്നെ ഇങ്ങനെ പറഞ്ഞു.
“അതാണ് നിങ്ങളും ഞാനും തമ്മിലുള്ള വ്യത്യാസം. നിങ്ങള്‍ കുടുംബം പുലര്‍ത്താന്‍ വേണ്ടി ഈ പണി ചെയ്യുന്നു..ഞാന്‍ ഈ പണി ചെയ്യാന്‍ വേണ്ടി മാത്രം ചെയ്യുന്നവനും.. മനസ്സിലായോ?”
അവര്‍ക്ക് ഒന്നും മനസിലായില്ല എങ്കിലും വെറുതെ തലയാട്ടി. പൌലോസ് തൊപ്പി ഇളക്കി വച്ച ശേഷം പുറത്തേക്കിറങ്ങി.