മൃഗം 19 [Master]

Posted by

ഒറ്റ സെക്കന്റ് കൊണ്ട് അയാള്‍ അവളുടെ കൈപിടിച്ച് തിരിച്ച് സിറിഞ്ച് കൈക്കലാക്കി. അടുത്ത നിമിഷം പൌലോസിന്റെ വലംകൈ നാദിയയുടെ വലതുകരണത്ത് ആഞ്ഞുപതിച്ചു. ഒരു ചെറിയ ഞരക്കത്തോടെ അവള്‍ തലകറങ്ങി താഴെ വീണു. പോലീസുകാര്‍ കാര്യം മനസിലാകാതെ ഞെട്ടിത്തരിച്ച്‌ അയാളെ നോക്കി.
“എന്താ എന്ത് പറ്റി സര്‍?” അവര്‍ പരിഭ്രാന്തരായി ചോദിച്ചു.
“ആദ്യം ആ സിറിഞ്ച് അടയ്ക്ക്; എന്നിട്ട് അത് സീല്‍ ചെയ്ത് എനിക്ക് താ” പൌലോസ് പറഞ്ഞു. പോലീസുകാര്‍ കാര്യം മനസിലാകാതെ വേഗം പറഞ്ഞത്പോലെ ചെയ്തു.
“ഐഡി ചോദിക്കാതെ ഒരാളെയും അസീസിനെ കാണാന്‍ അനുവദിക്കരുത് എന്ന് ഞാന്‍ പറഞ്ഞിട്ടും നിങ്ങള്‍ ഇവളെ എന്തിന് അലോ ചെയ്തു?”
“സര്‍..അത് നേഴ്സ് അല്ലെ..അവര്‍ ഐഡി കാണിച്ചിട്ടാണ് ഉള്ളില്‍ കയറിയത്” ഒരു പോലീസുകാരന്‍ പറഞ്ഞു.
“എവിടെയാണ് അത്?”
ഒരു പോലീസുകാരന്‍ ബോധമില്ലാതെ കിടന്ന നാദിയയുടെ കഴുത്തിലിട്ടിരുന്ന ഐഡി എടുത്ത് പൌലോസിനു നല്‍കി. അയാള്‍ അതിലേക്ക് നോക്കി.
“എന്താ..എന്ത് പറ്റി സര്‍?” ഒരു ഡോക്ടര്‍ ഉള്ളിലേക്ക് വന്നു ചോദിച്ചു.
“ഈ ഐഡി ഒന്ന് നോക്കൂ” പൌലോസ് ഐഡി അയാളെ കാണിച്ചു. ഡോക്ടര്‍ അത് പരിശോധിച്ചു നോക്കി.
“എന്താ സര്‍?” അയാള്‍ക്കും കാര്യം മനസിലായില്ല.
“ഐഡി ഒറിജിനല്‍ ആണോ?”
“അതെ”
“ഈ കിടക്കുന്ന സ്ത്രീ ഇവിടുത്തെ നേഴ്സ് ആണോ?”
അപ്പോഴാണ് ഡോക്ടര്‍ നിലത്ത് കിടക്കുന്ന നാദിയയെ കണ്ടത്. അയാള്‍ അടുത്തുചെന്ന് അവളുടെ മുഖം നോക്കി.
“ഇവരെ ഞാന്‍ കണ്ടിട്ടില്ല സര്‍..എങ്കിലും ഓഫീസില്‍ നിന്നും ആരെയെങ്കിലും വിളിച്ചു ചെക്ക് ചെയ്യണം. ഒരുപാടു നേഴ്സുമാര്‍ ഉള്ള ഹോസ്പിറ്റല്‍ അല്ലെ”
“കമോണ്‍..കാള്‍ ദം” പൌലോസ് ആജ്ഞാപിച്ചു. ഡോക്ടര്‍ ഫോണെടുത്ത് ആരോടോ സംസാരിച്ചു.
“ഡോക്ടര്‍..പേഷ്യന്റിന് കുഴപ്പം വല്ലതുമുണ്ടോ എന്ന് നോക്കൂ..അവള്‍ ആ ഇന്‍ജക്ഷന്‍ നല്‍കാന്‍ തുടങ്ങിയ സമയത്താണ് ഞാന്‍ ഉള്ളില്‍ വന്നത്. എന്തോ വിഷമാണ് അതെന്നെനിക്ക് സംശയമുണ്ട്..”
പൌലോസ് പറഞ്ഞു. ഡോക്ടര്‍ ഞെട്ടലോടെ അയാളെ നോക്കിയ ശേഷം ചെന്ന് അസീസിന്റെ പള്‍സും ഹൃദയമിടിപ്പും പരിശോധിച്ചു.
“ഹി ഈസ് ആള്‍ റൈറ്റ്…” ഡോക്ടര്‍ ആശ്വാസത്തോടെ പറഞ്ഞു. ഏതാണ്ട് നാല്‍പ്പത് വയസു പ്രായമുള്ള ഒരു സ്ത്രീ ഉള്ളിലേക്ക് തിടുക്കപ്പെട്ടു കടന്നുവന്നു.
“എന്താ ഡോക്ടര്‍..എന്താണ് പ്രശ്നം?” അവര്‍ ജിജ്ഞാസയോടെ ചോദിച്ചു.
“ദാ ആ കിടക്കുന്ന സ്ത്രീ ഇവിടുത്തെ സ്റ്റാഫ് ആണോ?” ഡോക്ടര്‍ നാദിയയ്ക്ക് നേരെ വിരല്‍ ചൂണ്ടി ചോദിച്ചു. അവര്‍ അവളുടെ അടുത്തെത്തി മുഖം നോക്കിയ ശേഷം പൌലോസിനെ നോക്കി നിഷേധാത്മകമായി തലയാട്ടി.
“അല്ല സര്‍..ഇവര്‍ ഇവിടുത്തെ സ്റ്റാഫ് അല്ല”
പൌലോസിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. മുറിക്കു പുറത്ത് നിന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ മൊബൈലില്‍ ഒരു മെസേജ് ടൈപ് ചെയ്ത് ആര്‍ക്കോ അയച്ച ശേഷം തിടുക്കത്തില്‍ അവിടെ നിന്നും മാറി.
“നൌ..ഇവിടേക്ക് ഈ ഹോസ്പിറ്റലിലെ സ്റ്റാഫിനെ അല്ലാതെ ഒരാളെയും കയറ്റരുത്. ഉടന്‍ വനിതാ പോലീസെത്തി ഇവളെ സ്റ്റെഷനിലേക്ക് കൊണ്ടുപോകും. നല്ല സൂക്ഷ്മത വേണം കേട്ടല്ലോ. എനിക്ക് ഈ സിറിഞ്ചില്‍ എന്താണ് എന്നറിയണം..അതിനു ശേഷം വേണം ഇവളെ ചോദ്യം ചെയ്യേണ്ടത്..ബൈ ദ വേ അസീസ്‌..നിനക്ക് ഈ സ്ത്രീയെ വല്ല പരിചയവും ഉണ്ടോ?”
പൌലോസ് പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ശേഷം അസീസിനോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *