ചുറ്റും നിരീക്ഷിച്ച ശേഷം അവള്‍ മെല്ലെ മുന്‍പോട്ടു നീങ്ങി. തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്നു കണ്ട അവള്‍ക്ക് ധൈര്യം വര്‍ദ്ധിച്ചു. റൂം നമ്പരുകള്‍ നോക്കിനോക്കി അവസാനം അവള്‍ അസീസിന്റെ മുറിയുടെ വാതില്‍ക്കല്‍ എത്തി. മുറി തുറന്ന് കിടക്കുന്നതും രണ്ട് പോലീസുകാര്‍ പരസ്പരം സംസാരിച്ചുകൊണ്ട് അവിടെ ഇരിക്കുന്നതും അവള്‍ കണ്ടു. പോലീസിനെ കണ്ടപ്പോള്‍ അവള്‍ ഒന്ന് ഭയന്നെങ്കിലും ധൈര്യം സംഭരിച്ച് മുറിയുടെ ഉള്ളിലേക്ക് കയറി. അസീസ് കടുത്ത മനോ ദുഖത്തോടെ കട്ടിലില്‍ത്തന്നെ ഉണ്ടായിരുന്നു. നാദിയ ഉള്ളിലേക്ക് കയറിയപ്പോള്‍ പോലീസുകാരില്‍ ഒരാള്‍ അവളെ നോക്കി.
“യെസ്?” അയാള്‍ ചോദിച്ചു.
“പേഷ്യന്റിന് ഒരു ഇന്‍ജക്ഷന്‍ നല്‍കാന്‍ വന്നതാണ് സര്‍..”
പോലീസുകാര്‍ അവളെ സംശയത്തോടെ നോക്കി. ആ നോട്ടം കണ്ടപ്പോള്‍ നാദിയയുടെ ചങ്കിടിപ്പ് പൊടുന്നനെ വര്‍ദ്ധിച്ചു.
“നിങ്ങളെ ഇതിനു മുന്‍പ് കണ്ടിട്ടില്ലല്ലോ?” ഒരു പോലീസുകാരന്‍ സംശയത്തോടെ ചോദിച്ചു.
“ഞാന്‍ അവധിയിലായിരുന്നു സര്‍. ഇന്നാണ് ഡ്യൂട്ടിക്ക് കയറിയത്” അവള്‍ മുഖത്തൊരു പുഞ്ചിരി വരുത്തി പറഞ്ഞു.
“ഐഡി..” അയാള്‍ കൈ നീട്ടി.
അവള്‍ തന്റെ കൈയില്‍ ഉണ്ടായിരുന്ന വ്യാജ ഐഡി അവരെ കാണിച്ചു. പോലീസുകാരന്‍ അത് വാങ്ങി പരിശോധിച്ച ശേഷം അവള്‍ക്ക് അനുമതി നല്‍കി. നാദിയ അസീസിന്റെ സമീപത്തേക്ക് ഒരു ക്രൂരമായ പുഞ്ചിരിയോടെ നടന്നു ചെന്നു. അവളുടെ കൈ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സിറിഞ്ചില്‍ മെല്ലെ സ്പര്‍ശിച്ചു.
ഈ സമയത്ത് ഹോസ്പിറ്റലിനു വെളിയില്‍ ഒരു പോലീസ് ജീപ്പെത്തി ബ്രേക്കിട്ടു. പൌലോസ് അതില്‍ നിന്നും ഇറങ്ങി ഉള്ളിലേക്ക് കയറി.
മരണം തന്റെ തൊട്ടടുത്ത് എത്തിയതറിയാതെ അസീസ് നാദിയയുടെ മുഖത്തേക്ക് നോക്കി. അവള്‍ തന്റെ പൈശാചിക മുഖം മറച്ചുവച്ച് പുഞ്ചിരിച്ചു.
“എങ്ങനെയുണ്ട് അസീസ്..വേദനയ്ക്ക് കുറവുണ്ടോ?” അവന്റെ കൈയില്‍ പിടിച്ചുകൊണ്ട് അവള്‍ ചോദിച്ചു.
“നല്ല വേദനയുണ്ട്..ശരീരം അനക്കാന്‍ പറ്റുന്നില്ല” അസീസ് പറഞ്ഞു.
“സാരമില്ല..ഈ ഇന്‍ജക്ഷന്‍ ചെയ്ത് കഴിഞ്ഞാല്‍ വേദന മാറും. പക്ഷെ ചെറുതായി ഒന്ന് മയങ്ങും കേട്ടോ..” പോലീസുകാര് കേള്‍ക്കാന്‍ വേണ്ടി അല്‍പ്പം ഉറക്കെ അവള്‍ പറഞ്ഞു.
അവന്റെ കൈ പിടിച്ച് ഞരമ്പ് കണ്ടു പിടിച്ച ശേഷം അവള്‍ സിറിഞ്ച് എടുത്ത് അതിന്റെ അടപ്പ് തുറന്നു.
‘ഗുഡ് ബൈ അസീസ്..ഇനി നിനക്ക് ഒരു വേദനയും അനുഭവിക്കേണ്ടി വരില്ല’ മനസ്സില്‍ അങ്ങനെ പറഞ്ഞുകൊണ്ട് അവള്‍ സൂചി അവന്റെ ഞരമ്പിലേക്ക് കുത്താനായി അടുപ്പിച്ചു. തന്റെ ഇരയുടെ മുഖത്തേക്ക് നാദിയ ക്രൂരമായ ചിരിയോടെ ഒരിക്കല്‍ക്കൂടി നോക്കി. അസീസ് മെല്ലെ കണ്ണുകള്‍ അടച്ചു. പോലീസുകാരെ ഒന്ന് നോക്കിയ ശേഷം അവള്‍ സൂചിയുടെ അഗ്രം അവന്റെ ചര്‍മ്മത്തില്‍ മുട്ടിച്ചു.
“സര്‍..”
പോലീസുകാരുടെ ശബ്ദവും ആരോ ഉള്ളിലേക്ക് കയറി വന്നതും കണ്ടു പെട്ടെന്ന് നാദിയ ഞെട്ടിത്തിരിഞ്ഞു നോക്കി. ഉള്ളിലേക്ക് വന്ന പൌലോസിനെ പോലീസുകാര്‍ എഴുന്നേറ്റ് സല്യൂട്ട് നല്‍കുന്നത് കണ്ടപ്പോള്‍ അവളുടെ ശരീരം വിറച്ചു. ഇന്‍ജക്ഷന്‍ നല്‍കാനായി അമര്‍ത്തിയ അവളുടെ വിരല്‍ തെന്നിമാറി. അവളുടെ കണ്ണുകളിലെ പരിഭ്രാന്തിയും കൈ വിറയ്ക്കുന്നതും ശ്രദ്ധിച്ച പൌലോസ് പുലിയെപ്പോലെ മുന്‍പോട്ടു കുതിച്ചു.