“അസീസ്..മതി..മാറ്..അവര്‍ അവളെ കൊണ്ടുപോകട്ടെ”
ഡോണ അസീസിന്റെ കൈയില്‍ പിടിച്ചുകൊണ്ട് പറഞ്ഞു. അസീസ് മീനയുടെ ദേഹത്ത് നിന്നും മുഖം മാറ്റാന്‍ തയാറായിരുന്നില്ല. അവന്‍ ഉറക്കെയുറക്കെ കരഞ്ഞു. ഒരു വാഹനം വരുന്ന ഇരമ്പല്‍ കേട്ട് ഡോണയും വാസുവും മറ്റുള്ളവരും നോക്കി. അവര്‍ക്ക് സമീപം ഒരു പോലീസ് വാഹനമെത്തി ബ്രേക്കിട്ടു. അതില്‍ നിന്നും യൂണിഫോമില്‍ പൌലോസ് പുറത്തിറങ്ങി. അയാള്‍ കൈയില്‍ കരുതിയിരുന്ന ഒരു പൂവ് കൊണ്ടുവന്ന് മീനയുടെ ദേഹത്ത് വച്ചു. തനിക്ക് വളരെ വേണ്ടപ്പെട്ട ആരോ മരിച്ചുപോയ ഭാവമായിരുന്നു അയാളുടെ മുഖത്ത്. ആ കണ്ണുകളില്‍ നിന്നും രണ്ട് തുള്ളി കണ്ണീര്‍ മീനയുടെ മുഖത്തേക്ക് വീണു. പിന്നെ അയാള്‍ തന്നെ അവളുടെ മുഖം മറച്ചു.
“ഉം..കൊണ്ട് പൊയ്ക്കോ” പൌലോസ് ശ്മശാന നടത്തിപ്പുകാരോട് പറഞ്ഞു. അസീസ് കരഞ്ഞുകൊണ്ട് നിലത്തേക്ക് കുന്തിച്ചിരുന്നു.
“എത്ര ദിവസം കൂടി ഇയാളെ അവിടെ കിടത്തണം എന്നാണ് ഡോക്ടര്‍ പറഞ്ഞത്?” പൌലോസ് പോലീസുകാരോട് ചോദിച്ചു.
“ഒരാഴ്ച”
“ഒകെ; നിങ്ങള്‍ ഇയാളെ ഹോസ്പിറ്റലില്‍ തിരികെ കൊണ്ട് പൊയ്ക്കോ. നിങ്ങളുടെ ഷിഫ്റ്റ് കഴിയാറാകുമ്പോള്‍ വേറെ ആളു വരും. ഒകെ”
“ഒകെ സര്‍”
പൌലോസ് വാസുവിനെയോ ഡോണയെയോ നോക്കാതെ വണ്ടിയില്‍ കയറി ഓടിച്ചു പോയി. ഡോണ ദുഖത്തോടെ മീനയെ കൊണ്ടുപോകുന്നത് നോക്കി നിന്നു.
——————-
“ചേച്ചീ..ചേച്ചിയേ”
ദിവാകരന്‍ പുറത്ത് നിന്ന് രുക്മിണിയെ വിളിച്ചു. രണ്ടാം ശനിയാഴ്ച ദിവസം ദിവ്യ വീട്ടില്‍ കാണും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് അയാള്‍ ചെന്നത്. ചേട്ടന്‍ കടയിലേക്ക് പോകുന്നത് കണ്ട ശേഷമാണ് ദിവാകരന്‍ അവിടേക്ക് ചെന്നത്. ദിവാകരന്റെ ശബ്ദം കേട്ട് രുക്മിണി ഇറങ്ങി വന്നു. അവനെ കണ്ടപ്പോള്‍ അവളുടെ മുഖം കടന്നല്‍ കുത്തേറ്റത് പോലെ ഇരുണ്ടു.
“ഉം എന്താ..എന്ത് വേണം?” പരുഷമായി അവള്‍ ചോദിച്ചു. ദിവാകരന്റെ വൃത്തികെട്ട കണ്ണുകള്‍ തന്റെ ശരീരഭാഗങ്ങളില്‍ പതിയുന്നത് കണ്ടപ്പോള്‍ അവള്‍ സാരി നീക്കിയിട്ട് ബ്ലൌസും വയറും മറച്ചു.
“ചേച്ചിക്ക് എന്നോട് ദേഷ്യമാണ് എന്നറിയാം. എനിക്ക് ഓരോ അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്. ചേച്ചി അതൊക്കെ മനസ്സില്‍ വച്ചോണ്ടിരിക്കരുത്. നമ്മളൊക്കെ ഇന്നല്ലെങ്കില്‍ നാളെ ചത്തുപോകുന്ന മനുഷ്യരല്യോ..തെറ്റും കുറ്റോം ഒക്കെ പറ്റാത്ത ആരേലും ഉണ്ടോ ഈ ഭൂമീല്‍. ഞാനിപ്പോള്‍ ആ പഴയ ആളല്ല. ഇവിടെ ഉണ്ടായ പ്രശ്നങ്ങള്‍ ഒക്കെ ഞാന്‍ അറിഞ്ഞിട്ടും വരാഞ്ഞത് ചേച്ചിക്ക് ഇഷ്ടമാകത്തില്ലല്ലോ എന്ന് കരുതിയാ”
ദിവാകരന്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ച് അഭിനയിച്ചു. രുക്മിണി പുച്ഛത്തോടെ അവനെ നോക്കി. അവന്‍ എത്രവലിയ വക്രബുദ്ധിയാണ് എന്നവള്‍ക്ക് നന്നായി അറിയാമായിരുന്നു.
“എനിക്ക് ആരോടും ഇഷ്ടക്കേടൊന്നുമില്ല. വന്ന കാര്യം പറ” അവള്‍ താല്‍പര്യമില്ലാത്ത മട്ടില്‍ പറഞ്ഞു.
“കണ്ടോ കണ്ടോ..ചേച്ചിക്ക് ഇപ്പോഴും എന്നോട് വിരോധമാ; എന്റെ ചേട്ടനെയും ചേച്ചിയെയും മോളെയും വന്നു കാണാന്‍ എനിക്ക് അവകാശമില്യോ..ചേച്ചീടെ പിണക്കമൊക്കെ മാറിക്കാണും എന്ന് കരുതിയാ ഞാന്‍ വന്നത്. ചേട്ടന്‍ പോയോ?”
“പോയി”
“മോള് സ്കൂളില്‍ പോയിക്കാണും”
ഉള്ളിലേക്ക് നോക്കി അയാള്‍ പറഞ്ഞു. ദിവ്യ സംസാരം കേട്ട് ഇറങ്ങി വന്നു. ഒരു ചുവന്ന ബ്ലൌസും ചുവപ്പ് പ്രിന്റ് അരപ്പാവാടയും ധരിച്ചിരുന്ന അവളെ കണ്ടപ്പോള്‍ ദിവാകരന്റെ ശരീരം തളര്‍ന്നു. അവളുടെ ജ്വലിക്കുന്ന സൌന്ദര്യം അയാളെ മയക്കിക്കളഞ്ഞു. പക്ഷെ ദിവ്യയുടെ മുഖം നിര്‍വികാരമായിരുന്നു. അവള്‍ മുടി പോലും നേരെ ചൊവ്വേ കെട്ടിയിരുന്നില്ല. മുന്‍പൊക്കെ സദാ കണ്ണെഴുതി പൊട്ടും തൊട്ട് ചമഞ്ഞൊരുങ്ങി നടന്നിരുന്ന അവള്‍ക്ക് യാതൊരു മേക്കപ്പും ഇല്ലാതിരുന്നിട്ടും ഭ്രമിപ്പിക്കുന്ന സൌന്ദര്യമായിരുന്നു. ദിവാകരന്റെ ആര്‍ത്തിപെരുത്ത നോട്ടം രുക്മിണി ശ്രദ്ധിച്ചു.