ആമി മുത്തശ്ശിയെ തിരുത്തി കൊണ്ട് പൊട്ടിച്ചിരിച്ചു.
” ഓ അവിടെ എങ്കിൽ അവിടെ. കേട്ടോ ആരോമലേ ഇവൾക്ക് ഇവിടെ നിന്നിട്ട് മടുപ്പ് ആണെന്ന്, കൂട്ടുകാർ ഒന്നും ഇല്ലാത്തതു കൊണ്ടാ. നീ ഇവളെ നിങ്ങളുടെ കൂട്ടത്തിൽ കൂട്ട്”
ഞാൻ മറുപടി എന്നോണം ഒന്ന് മൂളി. എന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പേരക്ക അവളുടെ നേർക്ക് നീട്ടി. അവൾ അത് വാങ്ങി എന്നെ നോക്കി ചിരിച്ചു. എന്തായാലും അവൾ ഞങ്ങളുടെ കൂട്ടത്തിൽ ചേർന്നില്ല, പക്ഷെ ഞാനും അവളും അതോടെ നല്ല കൂട്ടുകാരായി മാറി. ഞാൻ ആ വീട്ടിലെ നിത്യ സന്ദർശകൻ ആയി. അവൾ എനിക്ക് അവളുടെ കൂട്ടുകാരെ കുറിച്ചും നാടിനെ കുറിച്ചും ഉള്ള കഥകൾ ഒക്കെ പറഞ്ഞ് തന്നു. ഞാൻ അവളെ നമ്മുടെ പുഴയും കുളവും എല്ലാം കൊണ്ട് നടന്ന് കാണിച്ച് കൊടുത്തു. എല്ലാവർക്കും ‘ആരോ’ ആയിരുന്ന ഞാൻ അവളുടെ മാത്രം ‘രോമൻ’ ആയി. ആ രണ്ടു മാസം പോയത് അറിഞ്ഞതെ ഇല്ല. ക്ലാസ്സ് തുടങ്ങാൻ ഒരാഴ്ച മാത്രേ ഉള്ളു. അന്ന് അവിടെ ചെല്ലുമ്പോൾ സങ്കടത്തിൽ ഇരിക്കുന്നവളെയാണ് ഞാൻ കണ്ടത്.
“എന്താ ആമി വിഷമിച്ചിരിക്കുന്നെ?? “
“രോമാ നാളെ എന്റെ പപ്പേം മമ്മേം വരും എന്നെ കൊടുപോവാൻ “
” അതിനാണോ വിഷമിക്കുന്നെ, നിനക്ക് നിന്റെ കൂട്ടുകാരെ കാണാല്ലോ, ട്രെയിനിൽ കയറാല്ലോ”
“എടാ പൊട്ടാ, ഞാൻ പോയാൽ ഇനി എപ്പോഴാ വരുന്നേ, നമ്മൾ ഇനി എങ്ങനെ കാണും?? “
അവൾ അത് ചോദിച്ചപ്പോൾ ആണ് ഞാനും അതിനെ പറ്റി ഓർത്തത്. അതോടെ എന്റെ അവസ്ഥയും കാറ്റ് പോയ ബലൂൺ പോലെ ആയി. ആ രണ്ടു മാസം കൊണ്ട് ഞങ്ങൾ അത്രയേറെ അടുത്തിരുന്നു.
എന്തായാലും അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ എനിക്ക് അവളുടെ വീട്ടിൽ പോകാൻ പറ്റിയില്ല. ഞങ്ങൾ അമ്മയുടെ വീട്ടിൽ പോയി. തിരികെ വരും വഴി പുതിയ കുടയും ബാഗും ഒക്കെ വാങ്ങി.
അങ്ങനെ ആ ദിവസം വന്നു. ഞാൻ ഏഴാം ക്ലാസ്സിലേക്ക് മാറിയ ദിവസം. യൂണിഫോം നിക്കറിൽ നിന്ന് പാന്റിലേക്ക് പ്രെമോഷൻ കിട്ടി. പുതിയ ബാഗ് കുട ഉടുപ്പ്, എല്ലാം അടിപൊളി പക്ഷെ പോകേണ്ടത് സ്കൂളിലെക്ക് തന്നെ ആണെല്ലോ എന്നോർക്കുമ്പോൾ ഒരു മടി. പോകാതെ പറ്റില്ലല്ലോ, വിധി എന്നോർത്ത് ഞാൻ സ്കൂളിലേക്ക് വെച്ച് പിടിച്ചു. കൂടെ എന്റെ കൂട്ടുകാർ ഒക്കെ ഉണ്ട്. അവളുടെ വീടിന്റെ മുന്നിൽ എത്തിയപ്പോൾ അകത്തേക്ക് ഒന്ന് പാളി നോക്കി. ഇല്ല അവൾ അവിടെ ഒന്നും ഇല്ല, പോയിക്കാണും. കൂടെ അവന്മാർ ഒക്കെ ഉള്ളത് കൊണ്ടും നടന്ന് സ്കൂളിൽ എത്തുമ്പോൾ ഒരു നേരം പിടിക്കും എന്നതിനാലും ഞാൻ അവിടെ കയറാൻ നിന്നില്ല.