പേര മരത്തിന്റെ തടിക്ക് അത്യാവശ്യം നല്ല വണ്ണം ഉണ്ട്, ഒരാൾ പൊക്കത്തിന് ഒരു ശിഖരം പോലും ഇല്ല, എന്നാൽ അതിന് ശേഷം ശാഖോപശാഖകളായി പടർന്നു പന്തലിച്ചു നിൽക്കുന്ന പേര. ഒരു പേര മരത്തിന് ഇത്രയും വലിപ്പം വെക്കുമോ. ഒരു മുഷ്ടി വലിപ്പം ഉണ്ട് ഓരോ പേരക്കയ്ക്കും. മുകളിൽ എന്തോരം പേരക്കകളാണ് അണ്ണാൻ കൊത്തിയും മറ്റും ഇട്ടിരിക്കുന്നത്. കൊതി വന്നു പോവും. നിലത്തും ആവിശ്യത്തിന് വീണ് കിടപ്പുണ്ട്. കൊറേ ഒക്കെ ആരും എടുക്കാനില്ലാതെ ചീഞ്ഞു പോയിരിക്കുന്നു.
ഞങ്ങൾ അധികനേരം നോക്കി നിന്ന് വൈകിയില്ല, അവിടെ കിടന്നിരുന്ന പേരക്കകളിൽ നല്ലത് നോക്കി എടുത്തു. പെട്ടന്ന് ഒരു കൊര കേട്ടുവോ?? തല പൊക്കി നോക്കിയപ്പോൾ പേടിച്ചിട്ടു ശ്വാസം പോലും വിടാൻ പറ്റിയില്ല. ഒരു പശുക്കിടാവിന്റെ വലിപ്പം ഉള്ള ഒരു പട്ടി ഞങ്ങളെ ലക്ഷ്യമാക്കി കുതിച്ചു വരുന്നു. പേടിച്ചിട്ടു കയ്യും കാലും പോയിട്ട് നാവു പോലും അനങ്ങുന്നില്ല.
” ഡാ ഓടിക്കോ ഡാ”
എങ്ങനെയോ അത്രയും പറഞ്ഞ് തിരിഞ്ഞുനോക്കിയപ്പോൾ നോക്കിയപ്പോൾ കൂടെ നിന്നവന്മാരുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. അവന്മാരൊക്കെ എപ്പോഴേ ജില്ല വിട്ടു, എനിക്കും ഓടണം എന്നുണ്ട് പക്ഷെ ഒന്ന് അനങ്ങാൻ പോലും സാധിക്കുന്നില്ല. ഞാൻ കണ്ണ് രണ്ടും ഇറുക്കി അടച്ച് അങ്ങനെ നിന്നു.
കുറച്ച് നേരം ആയിട്ടും കോരക്കുന്നതല്ലാതെ കടികിട്ടുന്നില്ല. എന്താണ് സംഭവിച്ചത് എന്നറിയാൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ ഞാൻ ആ പേര മരത്തിന്റെ കൊമ്പിൽ ഇരിക്കുകയാണ്. എന്നെകൊണ്ട് എങ്ങനെ അത്രയും വലിയ മരത്തിൽ കയറാൻ സാധിച്ചു എന്ന ചോദ്യത്തിന് ഇന്നും എനിക്ക് വ്യക്തമായ ഉത്തരം ഇല്ല. ഞാൻ സേഫ് ആണെന്ന ബോധം വന്നതോടെ ഭയം പതിയെ മാറി കൊതി നിറഞ്ഞു. ഞാൻ ഇരുന്നിരുന്ന കൊമ്പിൽ ഉണ്ടായിരുന്ന പേരക്ക ഒരെണ്ണം പറിച്ചു ടേസ്റ്റ് നോക്കി. നല്ല വെള്ള പേര, എന്നാ മധുരം ആയിരുന്നു ഇപ്പോഴും ഞാൻ പേരക്ക കഴിക്കുമ്പോൾ അന്നത്തെ ആ പേരയുടെ രുചി നാവിലേക്ക് ഓടി വരും. ഒന്ന് രണ്ടെണ്ണം പറിച്ചു എന്റെ നിക്കറിന്റെ പോക്കറ്റിൽ തിരുകി. അപ്പോഴാണ് ഞാൻ ഇരിക്കുന്നതിന്റെ അടുത്ത കൊമ്പിൽ നല്ല മുഴുത്ത ഒരു പേരക്ക കണ്ടത് അത് പറിക്കാൻ മുന്നോട്ട് ആഞ്ഞതും ‘പടേ’. ഞാൻ നേരെ താഴെ. കാല് നല്ല വേദന, പൊട്ടിയെന്ന് മനസിലായി. അപ്പോഴാണ് ആ പട്ടിയെ കുറിച്ച് ഓർത്തത്. അതിന്റെ കടി ഇപ്പോ കിട്ടും എന്നോർത്ത് കണ്ണുകൾ ഇറുക്കി അടച്ചു കിടന്നകിടപ്പ് കിടന്നു, ചത്തത് പോലെ, ഇനി എങ്ങാനും ആ പട്ടിക്ക് മല്ലന്റേം മാധേവന്റേം കഥയിലെ പോലെ ദയവു തോന്നി എന്നെ കടിക്കാതെ വിട്ടാലോ.
” മോനെ, വല്ലോം പറ്റിയോ? “
ഞാൻ നോക്കിയപ്പോൾ ആ മുത്തശ്ശി ആണ്. ഒരു മീശക്കാരൻ കഷണ്ടി പട്ടിയുടെ ബെൽറ്റിൽ പിടിച്ച് നിർത്തിയിട്ടുണ്ട്.
മുത്തശ്ശി എന്നെ പിടിച് എഴുന്നെപ്പിച്ചു. കാല് പൊട്ടി ചോര വരുന്നുണ്ട്. മുത്തശ്ശി എന്നെ താങ്ങി, ഞാൻ മുത്തശ്ശിക്ക് ഒപ്പം നടന്നു. ഞങ്ങൾ ആ വലിയ വീടിന്റെ വരാന്തയിൽ ഇരുന്നു.