ഫോട്ടോ മാറ്റി വെച്ച് ഞാൻ ഓട്ടോഗ്രാഫ്ന്റെ അവസാന പേജ് എടുത്തു. അതിൽ ചുവന്ന മഷി കൊണ്ട് ഇങ്ങനെ കുറിച്ചിരുന്നു.
” കാലവും ദൂരവും എത്ര അകലേക്ക് കൊണ്ടുപോയാലും, അവസാനം ഞാൻ നിന്നിലേക്ക് തന്നെ എത്തും, കാത്തിരിക്കണം.
രോമന്റെ സ്വന്തം ആമി”
ആ ഓട്ടോഗ്രാഫ് പേജുകൾക്ക് ദ്രവിച്ചു തുടങ്ങിയ പേപ്പറിന്റെ മണമാണ്. എന്റെ ഓർമ്മകൾക്കും അതേ ഗന്ധമാണോ??? പഴയ പല പേജുകളും ചിതലരിച്ചുവോ… മനഃപൂർവം കുഴിച്ചു മൂടിയ ഓർമ്മകൾ.
എന്നാണ് ഞാൻ ആമിയെ ആദ്യമായി കണ്ടത്. അഞ്ചാം ക്ലാസ്സിലെ അല്ല, ആറാം ക്ലാസ്സിലെ വേനലവധി കാലത്താണ്.
എന്റെ സ്കൂൾ ജീവിതം ഒക്കെ ഞങ്ങളുടെ നാട്ടിൽ ആയിരുന്നു. നാടെന്ന് പറഞ്ഞാൽ, അച്ഛൻ അഭിമാന പൂർവ്വം പറയാറുള്ള അച്ഛൻ ജനിച്ചുവളർന്ന നാട്ടിൻപുറം. നയന മനോഹരമായ പുഴകളും അതിൽ നിന്നു ചാലിട്ട് ഒഴുകുന്ന തോടുകളും, ചെറിയ അനേകം തടാകങ്ങളും വിശാലമായ വയലുകളും ഒക്കെയായി ഒരു നാട്ടിൻപുറത്തിന് വേണ്ട എല്ലാ സവിശേഷതകളും ഉള്ള ഒരു സാധാ ടിപ്പിക്കൽ ഗ്രാമം.
അങ്ങനെ ഞങ്ങൾ ആറാം ക്ലാസ്സ് വേനലവധി ആഘോഷിക്കുന്നു എന്ന പേരിൽ കണ്ട മാവിലും മറ്റും കല്ലും എറിഞ്ഞു നടക്കുന്ന സമയം. ക്ലാസ്സ് അടച്ച് ഒരു രണ്ട് ആഴ്ച ആയി കാണും, ഞങ്ങളുടെ സ്കൂളിലേക്ക് പോവുന്ന വഴിക്ക് ഒരു വലിയ വീട് ഉണ്ട്, ചുറ്റും വലിയ മതിൽ ഒക്കെ ഉള്ള ഒരു വലിയ വീട്. അവിടെ ഒരു പ്രായമായ സ്ത്രീയും അവരുടെ ജോലിക്കാരും മാത്രേ താമസം ഉള്ളു. മക്കൾ ഒക്കെ പുറത്ത് എവിടെയോ ആണ്. അത് കൊണ്ട് തന്നെ ഒരു പ്രേതാലയം എഫക്ട് ആയിരുന്നു ഞങ്ങൾക്കിടയിൽ ആ വീടിന്.
ഞങ്ങളുടെ വെക്കേഷൻ അടിപൊളി ആക്കാൻ ഒരു അഡ്വെഞ്ചർ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. കൂട്ടത്തിൽ ധൈര്യം ഉള്ള ആരെങ്കിലും ഒക്കെ ആ മതിൽ കെട്ടിന് ഉള്ളിൽ കയറി അവിടെ തല ഉയർത്തി നിൽക്കുന്ന പേര മരത്തിൽ നിന്ന് പേരക്ക പറിച്ചു കൊണ്ട് വരണം. ഉള്ളിന്റെ ഉള്ളിൽ പേടിത്തൊണ്ടൻ ആണെങ്കിലും കൂട്ടുകാർക്കിടയിൽ എനിക്ക് നല്ല ഒരു ധൈര്യശാലി ഇമേജ് ഉള്ളത് കൊണ്ടും അത് നശിപ്പിക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ടും ഞാൻ രണ്ടും കല്പിച്ചു മുന്നോട്ട് വന്നു. ഞാൻ ഉണ്ടെന്ന ബലത്തിൽ വേറെയും രണ്ടുപേർ എന്റെ കൂടെ കൂടി അങ്ങനെ, ഞങ്ങൾ മൂന്നുപേരും മതിലിന്റെ പുറകുവശത്ത് ഒരു കവിളം മടൽ ചാരി വെച്ച് ആ മതിൽ ചാടി കടന്നു.
ഉള്ളിൽ നുരഞ്ഞു പൊങ്ങിയ ഭയം പുറത്ത് കാണിക്കാതെ ഞാൻ അവരെ പേരമരച്ചോട്ടിലേക്ക് നയിച്ചു. ആ മരത്തിന്റെ അടുത്ത് എത്തിയപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് തള്ളിപ്പോയി.