“പോവാം, ഇപ്പോ പുറപ്പെട്ടാലേ ട്രെയിൻ വരുന്നതിനു മുൻപ് അവിടെ എത്താൻ പറ്റു.”
അത് പറയുമ്പോഴും ആമിയുടെ മുഖത്ത് ദുഃഖം തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു. കരഞ്ഞത് മൂലം കണ്മഷി എല്ലാം പടർന്നു. എനിക്ക് അവളുടെ മുഖത്തു നോക്കി നിൽക്കാൻ ആയില്ല. ഒന്നും മിണ്ടാതെ പുറത്തേക്കു നടന്നു. ബൈക്കിൽ കയറിയപ്പോഴും തിരികെ പോന്നപ്പോഴും ഞാനും ആമിയും ഒന്നും സംസാരിച്ചില്ല. ബൈക്കിൽ ഇരുന്നപ്പോൾ അവൾ പാലിച്ച ദൂരം ഞങ്ങളുടെ മനസ്സുകൾക്ക് ഇടയിലും വന്നോ???.
റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ആമിക്ക് പോവേണ്ട ട്രെയിൻ വന്നിരുന്നു. അവൾ അതിൽ കയറി വിൻഡോയ്ക്ക് അരികിൽ ഇരുന്നു. ട്രെയിൻ എടുക്കാൻ ഇനിയും 15 മിനിറ്റോളം ഉണ്ട്. അവളോട് എന്താ പറയേണ്ടത് എന്ന് അറിയാതെ ഞാൻ കുഴങ്ങി.
” ആമി… നിന്നോട് എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല, ഞാൻ ചെയ്തത് തെറ്റാണ്. നിന്നോട് എന്റെ പ്രണയം തുറന്ന് പറയുന്നതിന് മുന്നേ തന്നെ നിന്റെ ശരീരം സ്വന്തമാക്കാൻ ശ്രമിച്ച ഒരു…… “
ഞാൻ അത് പറഞ്ഞു പൂർത്തി ആക്കും മുന്നേ അവൾ ആ ജനൽ കമ്പികൾക്ക് ഇടയിലൂടെ എന്റെ വാ പൊത്തിപ്പിടിച്ചു. അടക്കി വെച്ചിരുന്ന ഒരു തേങ്ങൽ അണപൊട്ടി ഒഴുകി. ഒന്ന് റിലാക്സ് ആയപ്പോൾ അവൾ പറഞ്ഞു തുടങ്ങി.
” രോമാ, നിനക്കറിയാമോ എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷിച്ചിരുന്ന കാലം ഏതായിരുന്നു എന്ന്???, നീ എന്റെ കൂടെ ഉണ്ടായിരുന്ന സമയത്തായിരുന്നു…
നിന്നെ വീണ്ടും കാണണം, ഒരു ദിവസം എങ്കിലും പണ്ടത്തെ പോലെ സന്തോഷിക്കണം, എന്ന് മാത്രമേ ഞാൻ ഇവിടേക്ക് വരുമ്പോൾ ആഗ്രഹിച്ചിരുന്നുള്ളൂ. പക്ഷെ….. ഞാൻ കൊതിച്ചതിനെക്കാളും അർഹിക്കുന്നതിനേക്കാളും ഒരുപാട് മേലെ ഉള്ള ഓർമ്മകൾ ഇന്ന് നീ എനിക്ക് സമ്മാനിച്ചു. ഇനിയുള്ള എന്റെ ചുരുങ്ങിയ കാലയളവിൽ ഓർമ്മിക്കാനും ഓർത്ത് സന്തോഷിക്കാനും ഉള്ള ഓർമ്മകൾ…. “
തൊണ്ട ഇടറി വാക്കുകൾ കിട്ടാതെ ഒരുനിമിഷം അവൾ നിന്നു, അവൾ എന്താണ് പറയുന്നത് എന്ന് മനസ്സിലാകാതെ ഞാനും.
” എനിക്കറിയാം രോമാ നീ എന്നെ പ്രണയിക്കുന്നുണ്ട് എന്ന്. അത് ഇന്ന് മനസ്സിലാക്കിയതല്ല, നമ്മുടെ സൗഹൃദം പ്രണയമായി മാറിയ അന്നേ തിരിച്ചറിഞ്ഞതാണ്… പക്ഷെ ഞാൻ ഇന്ന് നിന്റെ പഴയ ആമി അല്ല ഡാ. എന്നെ നിനക്ക് സമ്മാനിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്, എനിക്ക് അതിനു കഴിയില്ല. ഇതൊന്നും നിന്നോട് പറയണം എന്ന് വിചാരിച്ചതല്ല. പക്ഷെ ഇപ്പൊ നീ എല്ലാം അറിയണം. “
ഒരു ദീർഘ നിശ്വാസം വിട്ട ശേഷം അവൾ കണ്ണീരോടെ തുടർന്നു.
“നാട്ടിൽ നിന്ന് ബാംഗ്ലൂരിലേക്ക് പറിച്ചു നട്ട ശേഷം എന്നിൽ ഒരു ശൂന്യത പടർന്നിരുന്നു. അത് ഒരു പക്ഷെ നീ അടുത്ത് ഇല്ലാതിരുന്നത് കൊണ്ടാവാം, അല്ല അത് കൊണ്ട് തന്നെ ആണ്. നമ്മുടെ നാട്ടിൽ വളർന്നത് കൊണ്ടാവാം അവിടത്തെ കൂട്ടുകാർക്ക് ഇടയിൽ ഞാൻ ഒന്നും അല്ലാത്ത പൊട്ടിപ്പെണ്ണ് ആയിരുന്നു. നിന്നെ മറക്കാനും അവർക്കിടയിൽ ആരൊക്കെയോ എന്തൊക്കെയോ ആവാനും ഞാൻ പലതും ചെയ്തു. ഞാൻ തിരഞ്ഞെടുത്ത പാത തെറ്റ് ആയിരുന്നുഎന്ന് തിരിച്ചറിഞ്ഞപ്പൊഴേക്കും ഒരുപാട് വൈകി പ്പോയി. ഒരു തിരിച്ചു വരവ് ഇല്ലാത്ത വിധം എന്റെ ജീവിതം എന്റെ മുന്നിൽ കൊട്ടി അടച്ചു.