ആമി ഉടുപ്പ് നേരെ ആക്കി എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ ഓടിപ്പോയി.
ഞാനും അവളുടെ പുറകെ ക്ലാസ്സിലേക്ക് വെച്ച് പിടിച്ചു. എല്ലാരും ഊണ് കഴിക്കുന്ന തിരക്കിലാണ്. ഞാനും ഫുഡ് കഴിച്ചു. ഇടക്ക് ആമി എന്നെ നോക്കുന്നുണ്ട്, ഞാൻ നോക്കുമ്പോൾ അവൾ തല മാറ്റും പെണ്ണ് നാണം കൊണ്ട് ചുവന്നിരുന്നു.
ചോറ് തിന്നു കഴിഞ്ഞു ഞാൻ ആമിക്ക് എന്റെ ഓട്ടോഗ്രാഫ് ബുക്ക് കൊണ്ടേ കൊടുത്തു, അവൾ അതിൽ എന്തോ എഴുതി കൊണ്ടിരുന്നപ്പോൾ ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ എന്നെ വന്നു വിളിച്ചു.
എന്റെ ഉള്ളൊന്ന് കാളി. ഇനി ഇവർ എങ്ങാനും കണ്ടു കാണുമോ.
“ആരോമലേ, നീ അഭിരാമിയെ കൂട്ടി വീട്ടിലേക്ക് പൊയ്ക്കോ, അവളുടെ മുത്തശ്ശി മരിച്ചു അവളോട് ഇപ്പോ അത് പറയണ്ട “
മിസ്സ് ഇത്രയും പറഞ്ഞതും എന്റെ കാറ്റ് പോയി. അവളുടെ മുത്തശ്ശി എനിക്ക് എന്റെ സ്വന്തം മുത്തശ്ശിയെ പോലെ ആയിരുന്നു. കണ്ണെല്ലാം നിറഞ്ഞു വന്നെങ്കിലും ഞാൻ അത് അടക്കി.
“ആമി “
“എന്താടാ?? “
” ഇനി ഇവിടെ വലിയ പരുപാടി ഒന്നും ഇല്ലല്ലോ, നമുക്ക് വീട്ടിൽ പോവാം?? “
“എന്താ മോന്റെ ഉദ്ദേശം?? ”
കൊഞ്ചുന്നാ പോലെ അവൾ ചോദിച്ചു. എന്നിട്ട് ബാഗ് എടുത്ത് തോളിൽ ഇട്ടു. അവളിൽ ഒരു കള്ള ചിരിഉണ്ടായിരുന്നു. ഞാനും അവളും വീട്ടിലേക്ക് നടന്നു. വഴി നീളെ അവൾ എന്തക്കയോ പറയുന്നുണ്ട്. പക്ഷെ ഒന്നും എന്റെ തലയിൽ കയറുന്നുണ്ടായിരുന്നില്ല.
” ഡാ, എനിക്ക് ഉപ്പിലിട്ട നെല്ലിക്ക വേണം ”
റോഡിന്റെ അപ്പുറത്ത് കണ്ട കടയിലേക്ക് ചൂണ്ടി ആണ് അവൾ പറഞ്ഞത്.
” പെണ്ണേ വെറുതെ കൊഞ്ചാതെ ഇങ്ങ് വന്നേ, വീട്ടിൽ പോവാം ”
ഒരൽപ്പം കലിപ്പിലാണ് ഞാൻ അത് പറഞ്ഞത്.
” നീ എവിടേന്ന് വെച്ചാ പൊക്കോ ഞാൻ ഇല്ല “
ഇത്രയും പറഞ്ഞവൾ എന്റെ കൈ വിടീച് റോഡ് ക്രോസ്സ് ചെയ്തു.
ഞാൻ പിന്നെ കാണുന്നത് ഏതോ ഒരു വണ്ടി തട്ടി റോഡിലേക്ക് വീഴുന്ന എന്റെ ആമിയെ ആണ്. റോഡിൽ കിടന്നു കൊണ്ട് ദയനീയമായി എന്നെ നോക്കുന്ന ആമി. അവളുടെ മുടിയിൽ നനവ് പടർന്നു അത് പിന്നെ റോഡിലും നിറഞ്ഞു. പിന്നെ അവിടെ നടന്നതൊന്നും ഞാൻ അറിഞ്ഞില്ല. ആളുകൾ ഓടിക്കൂടിയതും, ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിയതും ഒന്നും. മൊത്തത്തിൽ ഒരു മങ്ങൽ ആയിരുന്നു, ഒരുതരം നിർവികാരത. പിന്നെ എപ്പോഴോ അവളുടെ പപ്പ വന്നു. അവളെ അവർ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി. ആ സമയത്ത് ഒന്നും ഞാൻ അവളെ കാണാൻ പോയില്ല. അതിനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു. ഞാൻ കാരണം ആണല്ലോ അവൾക് ഇങ്ങനെ ഒക്കെ സംഭവിച്ചത് എന്ന ചിന്ത എന്നെ കൊല്ലാതെ കൊന്നു. ഞാൻ ആ നെല്ലിക്ക വാങ്ങി കൊടുത്തിരുന്നെങ്കിൽ….
അവളുടെ മുറിവ് എല്ലാം ഭേദം ആയി എന്ന് മുത്തശ്ശിയുടെ ചടങ്ങുകൾ ചെയ്യാൻ പിന്നീട് വന്ന പപ്പ പറഞ്ഞറിഞ്ഞു. പക്ഷെ അതിനു ശേഷം അവളെ ഞാൻ കണ്ടിട്ടേ ഇല്ല. ഞങ്ങളും നാട്ടിൽ നിന്ന് ഇങ് പോന്നു.