കോട്ടയം കൊല്ലം പാസഞ്ചർ 11 [ഉർവശി മനോജ്]

Posted by

ബെഡിൽ കിടന്നു കൊണ്ട് ആര്യാദേവി യുടെ ചിന്തകൾ കാടു കയറി ..

‘തെറ്റാണ് എന്ന് അറിയാമെങ്കിലും ഇപ്പോൾ ഈ നിമിഷം ജിജോ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒന്നിനുമല്ല അവനെ ഒന്ന് കാണണം .. നെഞ്ചിലെ ഭാരം ഇറക്കി വെക്കണം.. അവന്റെ മുൻപിൽ ഒന്ന് പൊട്ടി കരയണം. പല തവണ ഫോണെടുത്ത് വിളിച്ചാലോ എന്ന് ആലോചിച്ചു .. പക്ഷേ ഒരു കാരണവശാലും തന്നെ വിളിക്കരുത് എന്ന് പിരിയുന്നതിനു തൊട്ടു മുൻപ് ജിജോ പറഞ്ഞ വാക്കുകൾ .. ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ‘

പുറത്ത് ഒരു ബൈക്ക് ഗേറ്റ് കടന്നു വരുന്ന ശബ്ദം …. ചുവരിലെ ക്ലോക്കിൽ മണി പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. തന്റെ മകൻ വിനീഷ് ആണത് എന്ന് മനസ്സിലാക്കിയ നിമിഷം ആര്യദേവി അവനു മുഖം നൽകാൻ മനസ്സ് അനുവദിക്കാതെ ചുവരിന് അഭിമുഖമായി തിരിഞ്ഞു കിടന്നു. കാർ പോർച്ചിനോട് ചേർന്ന ജനാല വഴി ബൈക്കിന്റെ വെളിച്ചം മുറിയിലേക്ക് എത്തി. മകന്റെ ഓരോ കാൽ ഒച്ചയ്ക്കും കാതോർത്തു കൊണ്ട് ആര്യാദേവി കിടന്നു .. ബൈക്ക് പാർക്ക് ചെയ്ത മകന്റെ മൊബൈൽ ശബ്ദിക്കുന്നത് അവർ കേട്ടു .. ഈ സമയത്ത് ഇവൻ ഇത് ആരോടാണ് സംസാരിക്കുന്നത് … അവർ സ്വയം ചോദിച്ചു.

“ആടാ … ഒരു വൻ അടിയാണ് നമുക്ക് കിട്ടിയത് .. എന്നാലും ശശിയേട്ടനെ കൊന്നത് ആരായിരിക്കും ?”

അമ്മ ഉറങ്ങി എന്ന് കരുതി അല്പം ഉച്ചത്തിൽ തന്നെയാണ് വിനീഷ് ഫോണിൽ സംസാരിച്ചത്.

“നീ വിഷമിക്കാതെ … ഇപ്പോൾ കിട്ടാനുള്ള പൈസ മാത്രമല്ലേ പോയുള്ളൂ പോലീസ് അന്വേഷണം എങ്കിലും നമുക്ക് നേരെ വരാതിരിക്കട്ടെ …”

വിനീഷ് ആരെയോ ഫോണിൽ കൂടി സാന്ത്വനിപ്പിക്കുകയാണ് … ഒരു പക്ഷേ കഞ്ചാവ് കച്ചവടത്തിൽ അവന്റെ പങ്കാളിയായ സുഹൃത്തിനെ ആയിരിക്കാം.

‘ഇല്ല മോനേ വിഷമം മുഴുവൻ അമ്മയ്ക്കാണ് തെറ്റുകാരിയും അമ്മയാണ് ‘
ഫോൺ സംഭാഷണത്തിന് കാതോർത്തു കിടന്ന ആര്യാദേവി സ്വയം പറഞ്ഞു.

മകൻ വീടിന്റെ അകത്തേക്ക് കയറുന്നതും തന്റെ മുറിയുടെ ഡോർ തുറന്ന് അമ്മ ഉറങ്ങിയോ എന്ന് നോക്കുന്നതും ടേബിളിൽ വിളമ്പി വച്ച ആഹാരം കഴിച്ചു കൊണ്ട് ബെഡ് റൂമിലേക്ക് പോകുന്നതും എല്ലാം ആര്യ ദേവി അറിയുന്നുണ്ടായിരുന്നു.

ലൈറ്റുകൾ എല്ലാം അണഞ്ഞപ്പോൾ ചുറ്റിലും ഉണ്ടായ നിശബ്ദതയിൽ ഫാനിന്റെ ചെറു ശബ്ദം പോലും അവളെ ഭയപ്പെടുത്തി.

പെട്ടെന്നാണ് കാർ പോർച്ചിന്റെ ജനാലയോട് ചേർന്ന് ഒരു ചെറിയ അനക്കം ആര്യാദേവി കേട്ടത്. ഒന്ന് ചെവിയോർത്തപ്പോൾ ആരോ ജനാലയിൽ മുട്ടുന്നത് പോലെ അവൾക്ക് തോന്നി. കിടക്കയിൽ നിന്നും പെട്ടെന്ന് ചാടി എഴുന്നേറ്റു ജനൽ കർട്ടൻ മാറ്റി നോക്കിയപ്പോൾ ഇരുട്ടത്ത് ഒരു നിഴൽ രൂപം കണ്ട് അവർ ഭയന്നു .. മുറിക്കുള്ളിൽ കർട്ടന് പിന്നിൽ തന്റെ ചലനം കണ്ടിട്ട് എന്നോണം ആ നിഴൽ രൂപം കൈ ഉയർത്തി കാണിക്കുന്നതായി തോനുന്നു ..

Leave a Reply

Your email address will not be published. Required fields are marked *