കോട്ടയം കൊല്ലം പാസഞ്ചർ 11 [ഉർവശി മനോജ്]

Posted by

“ഫോറൻസിക് സർജനെ കണ്ടിട്ട് പോസ്റ്റ് മോർട്ടം റിപ്പോർട്ട് മേടിക്കണം .. എന്നിട്ട് ബാക്കി കാര്യങ്ങൾ ആലോചിക്കാം “

അശോക് പറഞ്ഞു.

ഫോറൻസിക് സർജന്റെ ഓഫീസ് ലക്ഷ്യമാക്കി ജോണി ജീപ്പ് വിട്ടു.

“നെഞ്ചിന്റെ തൊട്ട് താഴെ ഭാഗത്ത് രണ്ട് സെൻറീമീറ്റർ ആഴത്തിലുള്ള മുറിവ് .. അതാണ് മരണ കാരണം. രാത്രി 12 നും ഒരു മണിക്കും ഇടയിൽ ആണ് കൊലപാതകം നടന്നിരിക്കുന്നത് “

പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈമാറി ഫോറൻസിക് സർജൻ പറഞ്ഞു.

“ഡോക്ടർ മറ്റെന്തെങ്കിലും കണ്ടെത്തലുകൾ ..?”

അശോക് ചോദിച്ചു.

“സംശയാസ്പദമായ മറ്റ് കണ്ടെത്തലുകൾ ഒന്നും തന്നെയില്ല .. പക്ഷേ മരിച്ചയാളുടെ വലതു കയ്യിലെ നഖത്തിൽ കൊരുത്ത നിലയിൽ ഏകദേശം എട്ടു സെൻറീമീറ്റർ വലുപ്പമുള്ള ഒരു മുടി ലഭിച്ചിട്ടുണ്ട് , അത് സ്ത്രീയുടെ ആണോ പുരുഷന്റെ ആണോ എന്ന് വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ പറയുവാൻ സാധിക്കുകയുള്ളൂ .. കൂടാതെ ശ്വാസകോശത്തിൽ അല്പം ഉപ്പു രസം കലർന്ന ചെളി കണ്ടെത്തിയിട്ടുണ്ട് “

ഡോക്ടർ പറഞ്ഞു.

ഡോക്ടർക്ക് നന്ദി പറഞ്ഞ് അവിടെ നിന്നും തിരികെ യാത്രയാകുമ്പോൾ അശോകിന്റെ മനസ്സിൽ സംശയങ്ങൾ ഇരട്ടിക്കുക ആയിരുന്നു.

“കില്ലർ .. ഒരു സ്ത്രീ ആയിരിക്കുമോ ?”

ഒരു സിഗരറ്റിന് തീ കൊളുത്തുന്നതിനിടയിൽ അശോക് ജോണിയോട് ചോദിച്ചു.

“ആറടിയിൽ അധികം ഉയരമുള്ള ഉള്ള അയാളെ കൊല്ലുവാൻ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് സാധിക്കുമോ ..?”

ജോണി സംശയം പ്രകടിപ്പിച്ചു.

“ശരിയാണ് പക്ഷേ ആ സ്ത്രീയ്ക്ക് സഹായികൾ ഉണ്ടെങ്കിൽ .. ജോണി .. നീ ഒരു കാര്യം ശ്രദ്ധിച്ചോ .. അയാളുടെ ശ്വാസകോശത്തിൽ ഉപ്പു രസം കലർന്ന ചെളി ഉണ്ടായിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത് .. ഓട്ടോയിൽ മരിച്ചു കിടക്കുന്ന ആളുടെ ശ്വാസകോശത്തിൽ ചെളി എത്തിയെങ്കിൽ മറ്റേതെങ്കിലും സ്ഥലത്തു വച്ച് കൊല നടത്തി പാലത്തിൻറെ അടുത്ത് ഉപേക്ഷിച്ചത് ആകാനും സാധ്യതയുണ്ട് “

“ആയിരിക്കാം സാർ .. പക്ഷേ റിപ്പോർട്ടിൽ കത്തിയിൽ നിന്ന് ഫിംഗർ പ്രിൻറ് ഒന്നും ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത് .. അതെങ്ങനെ സംഭവിക്കും ?”

ജോണി വീണ്ടും സംശയം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *