കോട്ടയം കൊല്ലം പാസഞ്ചർ 11 [ഉർവശി മനോജ്]

Posted by

പെട്ടെന്ന് അറിയാതെ അലറി വിളിക്കാൻ തോന്നിപ്പോയി .. ഇടതു കൈ കൊണ്ട് വായ് പൊത്തി നിയന്ത്രിച്ച് ഭിത്തിയിൽ മുഖം അമർത്തി നിന്നു … ധൈര്യം സംഭരിച്ച്
വീണ്ടും കർട്ടൻ മാറ്റി നോക്കി. അല്പം മുൻപ് കണ്ട ആൾരൂപം ഇപ്പോൾ രണ്ടായി മാറിയിരിക്കുന്നു. കണ്ണുകൾ ഒന്ന് ചിമ്മി മുന്നിലെ കാഴ്ചയ്ക്ക് വ്യക്തത വരുത്തി.
അതേ .. രണ്ട് രൂപങ്ങൾ തന്നെയാണത്..
എമർജൻസി സ്വിച്ച് ഓണാക്കി വീടിന്റെ നാലു ഭാഗത്തും ഉള്ള ലൈറ്റ് തെളിയിക്കണം എന്ന് അവൾക്ക് തോന്നി , പക്ഷേ ഒരടി മുന്നോട്ട് കാലുകൾ ചലിപ്പിക്കുവാൻ ആവാത്ത അവസ്ഥ.

അലറി വിളിച്ച് മകനെ ഉണർത്താൻ മനസ്സ് അനുവദിക്കുന്നില്ല. കള്ളന്മാർ അല്ല എന്ന് ഉറപ്പാണ് .. അങ്ങനെയെങ്കിൽ എന്തിനാണ് തന്നെ ആ രൂപങ്ങൾ കൈ കാട്ടി വിളിക്കുന്നത്.

സർവ്വ ധൈര്യവും സംഭരിച്ച് ഒന്നു കൂടി കർട്ടൻ മാറ്റി നോക്കി .. ഇത്തവണ ജനാലയോട് ചേർന്ന് തന്നെ ആ രൂപം നിൽക്കുന്നത് അവൾ കണ്ടു .. ആ രൂപം വീണ്ടും ഇങ്ങോട്ട് തന്നെ നോക്കി എന്തൊക്കെയോ ആങ്യം കാണിക്കുന്നുണ്ട് .. ഒന്നു കൂടി ശ്രദ്ധിച്ചപ്പോൾ ജനാല തുറക്കുവാൻ ആണ് അത് തന്നോട് ആവശ്യപ്പെടുന്നത് എന്ന് മനസ്സിലായി.

മനസ്സിൽ അപ്പോൾ തോന്നിയ ധൈര്യത്തിന് ആര്യാദേവി പതുക്കെ ജനാലയുടെ കുറ്റി എടുത്തു.

“എത്ര നേരമായി ഞങ്ങൾ ഇവിടെ വന്നു നിൽക്കുന്നു ”
അടക്കിയ ശബ്ദത്തിൽ ആ രൂപം പറഞ്ഞു.

ഒരു ഞൊടിയിട അവൾ ആ ശബ്ദത്തെ തിരിച്ചറിഞ്ഞു .. ഇത്രയും നേരം മനസ്സു കൊണ്ട് ആഗ്രഹിച്ചതും പ്രാർഥിച്ചതും എന്തായിരുന്നു അത് ഇതാ കൺ മുന്നിൽ.

ആവേശത്താൽ അല്പം ഉച്ചത്തിൽ തന്നെ ആര്യാദേവി പറഞ്ഞു.

“ജിജോ .. നീ .. നീ ആരുന്നോ .. പ്രാർത്ഥിക്കുക ആയിരുന്നു ഞാൻ നിന്നെ ഒന്ന് …”
അവളുടെ ശബ്ദത്തെ വിലക്കിക്കൊണ്ട് അവൻ പറഞ്ഞു .

“ശ്ശ് .. പതുക്കെ .. ആരെങ്കിലും കേൾക്കും .. ഞങ്ങൾ കുറച്ച് ദിവസത്തേക്ക് നാട്ടിൽ നിന്ന് വിട്ടു നിൽക്കാം എന്ന് തീരുമാനിച്ചു .. പോകുന്നതിനു മുൻപ് ഒന്ന് കാണാൻ വന്നതാണ് “

“വിട്ടു നിൽക്കാനോ എങ്ങോട്ട് .. ?”

അതിൻറെ ഉത്തരം നൽകിയത് ജിജോ യ്ക്ക് അടുത്തേക്ക് വന്ന മുരളിച്ചേട്ടൻ ആയിരുന്നു ,

“കേസ് അന്വേഷണം കഴിയുന്നതു വരെ ഒന്നു മാറി നിൽക്കാം എന്ന് ഞാനാണ് പറഞ്ഞത് .. കാസർഗോഡ് കുള്ളൻ പശുവിനെ മേടിക്കാൻ എന്ന വ്യാജേന ഞങ്ങൾ ഒന്ന് മുങ്ങുകയാണ് ആർക്കും സംശയം തോന്നാത്ത വിധത്തിൽ “

“നിങ്ങൾ .. നിങ്ങൾ രണ്ടു പേരെ .. പെട്ടെന്ന് എനിക്ക് ഇരുട്ടത്ത് കണ്ടപ്പോൾ മനസ്സിലായില്ല .. ഞാൻ പുറത്തേക്ക് വരാം ”
ആര്യാദേവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *