എയർപോർട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ ചാറ്റൽ മഴ കൂടെയുണ്ടായിട്ടും, എസി യുടെ തണുപ്പ് എന്നെ പൊതിഞ്ഞിട്ടും വിയർപ്പുതുള്ളികൾ എന്റെ കഴുത്തിലൂടെ ചാലിട്ട് ഒഴുകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. സന്തോഷവും, പരിഭ്രമവും, ഇടകലർന്നു വിറകൊള്ളുന്ന എന്റെ ശരീരത്തെ മനസ്സ് എത്ര തവണ ശാസിച്ചെന്നോ ! പാർക്കിംഗ് ഏരിയയിൽ നിന്നും പരിഭ്രമം പുറത്തു കാണിക്കാതെ നേർത്ത ചാറ്റൽ മഴയുടെ കയ്യും പിടിച്ചു arrival board നു നേരെ സാവധാനം നടന്നു ഞാൻ. പെട്ടന്നാണ് പുറകിൽ നിന്നൊരു വിളി. ” എന്റെ മൂക്കുത്തിപ്പെണ്ണേ……………. ” ഒരു നിമിഷം എന്റെ ശ്വാസം പോലും നിലച്ചു പോയതു പോലെ. അന്നുവരെ ഫോണിലൂടെ മാത്രം ഞാൻ കേട്ട എന്റെ പ്രാണനെ പോലും തൊട്ടുണർത്തിയ ആ ശബ്ദം എനിക്ക് തൊട്ടു പുറകിൽ. ഓടിവന്നിട്ടെന്നവണ്ണം കിതക്കുന്നുണ്ടായിരുന്നു അവൻ. നേര്യതിന്റെ തുമ്പും ഫോണും കാർ കീ യും ഒരു ബലത്തിനെന്നോണം ഇറുകെ പിടിച്ചു ഞാൻ. തിരിഞ്ഞു നോക്കണമെന്നുണ്ട് എനിക്ക് പക്ഷേ എന്റെ ശരീരം നിശ്ചലമായിപോയ പോലെ. അനങ്ങാൻ പോലും ആവുന്നില്ല. ഒരു നിമിഷം എന്റെ കണ്ണുകൾ ഇറുക്കി അടച്ചു. അവനെ കാണും മുൻപേ ഇന്നുവരെ കണ്ട എല്ലാ കാഴ്ചകളുടെയും അശുദ്ധി കണ്ണുനീരിൽ നിറഞ്ഞു കവിളുകളെ നനച്ചുകൊണ്ടു ഒഴുകിപ്പോയത് ഞാനറിഞ്ഞു. കരയുകയായിരുന്നോ???
ഒരു പെരുമഴ ഇരച്ചാർത്തു വരുന്നത് എന്റെ ഉള്ളിൽ നിന്നാണോ അതോ ആകാശത്തു നിന്നോ എന്നുപോലും തിരിച്ചറിയാനായില്ല. ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസ്സിലായില്ല. സ്നേഹത്തിന്റെ ഇളം ചൂട് എന്റെ കൈത്തണ്ടയിൽ. ശരീരം മുഴുവൻ മിന്നൽ പിണറുകൾ പായുന്ന പോലെ. ആ സ്പർശം പകരുന്ന ഒരുതരം ഊർജ്ജം താങ്ങാനാവാതെ പിടഞ്ഞുപോയി. എന്റെ കയ്യും പിടിച്ചു തണൽ മരത്തിന്റെ ചുവട്ടിലേക്ക് അതിവേഗം നടക്കുന്ന അവനെയാണ് ആദ്യം ഞാൻ കാണുന്നത്. ഉറച്ച കാൽവെപ്പുകളുമായി അധികാരത്തോടെ എന്റെ കയ്യും പിടിച്ചു നടക്കുന്ന എന്റെ അച്ചു. ആ മരത്തിന്റെ ചുവട്ടിൽ എത്തിയതും എനിക്കു നേരെ തിരിഞ്ഞു, ആ കണ്ണുകളാണ് ഞാൻ ആദ്യം കണ്ടത്. കൺപീലികളാൽ സമൃദ്ധമായ കാന്തം പോലുള്ള കണ്ണുകൾ. സ്നേഹം തിങ്ങി വിങ്ങി ആ കണ്ണു നിറയുന്നുണ്ടായിരുന്നു. അവന്റെ ചാര നിറമുള്ള കൃഷ്ണമണിക്കുള്ളിൽ ഒരു സ്വപ്നം പോലെ ഞാൻ എന്നെ കണ്ടു. ഒരു പുരുഷന് ഇത്രമേൽ വശ്യസൗന്ദര്യം ഉണ്ടാകുമോ എന്നൊരു നിമിഷം ചിന്തിച്ചു പോയി. ആ രണ്ടു കൈകൾ കൊണ്ടും അവൻ എന്റെ മുഖം വാരിയെടുത്തു. നെറുകയിൽ വീണു ചിതറുന്ന മഴത്തുള്ളിയെ അവന്റെ ചുണ്ടുകൾ കൊണ്ടു ഒപ്പിയെടുത്തുകൊണ്ടു പതിഞ്ഞ സ്വരത്തിൽ വിളിച്ചു “ഭദ്രാ…. “.
തേങ്ങി കരഞ്ഞു കൊണ്ടു ആ നെഞ്ചിലേക്ക് വീഴാനേ എനിക്കായുള്ളൂ. ചേർത്തു പിടിച്ചു കൊണ്ടു എന്റെ തലമുടിയിൽ സാവധാനം തഴുകിക്കൊണ്ടിരുന്നു അവൻ. അത്രത്തോളം സമാധാനത്തോടെ സന്തോഷത്തോടെ സുരക്ഷിതത്വത്തോടെയുള്ള ഒരു നിമിഷം അതിനും മുന്നേ ഉണ്ടായിട്ടേയില്ല.
“ആളുകൾ നമ്മളെ നോക്കി ചിരിക്കുന്നുണ്ട് പെണ്ണേ” അവൻ മന്ത്രിച്ചു. ഒരുമാത്ര കൊണ്ടു പിടഞ്ഞു മാറി ഞാൻ ചുറ്റും നോക്കി. പലരും നമ്മളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. പരിസരം മറന്നു പോയതോർത്തു ഞാൻ സ്വയം പിറുപിറുത്തപ്പോൾ അവൻ പിന്നെയും എന്നെ നോക്കി ചിരിക്കുകയായിരുന്നു……. ആ ചിരി നേരിടാനാവാതെ, ഞാനും…..
(തുടരും)