കടന്നു അതീന്ദ്രിയ ജ്ഞാനം പോലും വിഷയമാവുന്ന നീണ്ട മെയിലുകൾ, സംഭാഷണങ്ങൾ ഒക്കെ ഏതു വിഷയത്തെയും പ്രതി അവനുള്ള വായനയും, അറിവും, അഭിപ്രായങ്ങളും, നിലപാടുകളുമൊക്കെ അവനെന്ന വ്യക്തിത്വത്തിന്റെ വ്യാപ്തി എനിക്ക് കാട്ടിത്തന്നു. ആ സൗഹൃദം തികച്ചും സ്വാഭാവികമായി ഒഴുകികൊണ്ടേയിരുന്നു. കുറച്ചേറെ നാൾ കഴിഞ്ഞപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ഒരു നിമിഷം അവൻ പറഞ്ഞു “നിന്നെ നഷ്ടപ്പെടാൻ എനിക്കാവില്ല. ആർക്കും വിട്ടു കൊടുക്കാതെ ഞാൻ നിന്നെ സ്വന്തമാക്കി കഴിഞ്ഞെന്നു” എന്നോടൊരു അനുവാദം പോലും ചോദിക്കാതെ തികഞ്ഞ അധികാരത്തോടെ അവനതു പറയുമ്പോൾ എന്റെ ശബ്ദത്തിനും അപ്പുറം ഞാനെന്ന പെണ്ണിനെ അവൻ ഒന്നു നേരിട്ടു കണ്ടിട്ടു പോലും ഇല്ല. ഞാൻ അവനെയും. അതൊരു അനിവാര്യതയായി ഞങ്ങൾക്ക് തോന്നിയില്ല എന്നതാണ് സത്യം. പിന്നെ അവനെ കാണാനായുള്ള നീണ്ട കാത്തിരിപ്പായിരുന്നു.
അവനൊരു ചെറിയ പോറൽ പറ്റുമ്പോൾ പോലും തേടി എത്തുന്ന എന്റെ ഫോൺ കോൾ, “എന്താ പറ്റിയേ” എന്ന വേവലാതി പൂണ്ട ചോദ്യങ്ങളൊക്കെ ആദ്യമാദ്യം അവനിൽ ഒരുപാട് കൗതുകം നിറച്ചു. പതിയെ പതിയെ അവനും മനസിലാക്കി തുടങ്ങുകയായിരുന്നു സൗഹൃദത്തിനും പ്രണയത്തിനും അപ്പുറം അവന്റെ ആത്മാവിനോളം ചേർന്നു കെട്ടുപിണഞ്ഞു കിടക്കുന്ന എന്തോ ഒന്നു ആദൃശ്യമായി നമുക്കിടയിലുണ്ടെന്ന്. ആദ്യം പലതും യാദൃശ്ചികതയുടെ പേരും പറഞ്ഞു ചിരിച്ചു തള്ളി കളഞ്ഞിട്ടുണ്ട്. പക്ഷേ അവനു തന്നെ നിഷേധിക്കാനാവാത്ത വിധം പലതും സംഭവിച്ചതോടെ, ഞങ്ങൾ തീർത്തും മനസ്സിലാക്കുകയായിരുന്നു എനിക്ക് അവനെയോ, അവന് എന്നെയോ സ്നേഹിക്കാതെ അപരിചിതരായി ജീവിച്ചു മരിക്കാൻ ആവുമായിരുന്നില്ല എന്ന സത്യം. ഒരു വ്യാഴവട്ടകാലത്തിനിടവേളകളിൽ ഒരേ ദിവസം ഒരേ സമയത്ത് ഒരു നിമിഷത്തിന്റെ ഇടവേള പോലും തെറ്റാതെ ഒരേ സമയത്തു ജനിച്ചവരാണ് നമ്മൾ രണ്ടുപേരും എന്ന തിരിച്ചറിവ് രണ്ടുപേരെയും വല്ലാതെ വിസ്മയിപ്പിച്ചു. അദൃശ്യമായ എന്തോ ഒന്നു നമുക്കിടയിൽ ഉണ്ടായിരുന്നു. കുരുതിമലക്കാവ് അതിനൊരു നിമിത്തം മാത്രമായിരുന്നു. ഈ ലോകത്തിന്റെ രണ്ടു ധ്രുവങ്ങളിൽ രണ്ടു ലോകങ്ങളിൽ ആയിരുന്ന ഒന്നാവേണ്ടിയിരുന്ന രണ്ടാത്മാക്കളെ പരസ്പരം തിരിച്ചറിയാനുള്ള നിമിത്തം.
ആദ്യമായി കാണുമ്പോൾ എങ്ങനെ പരസ്പരം തിരിച്ചറിയുമെന്ന് ഒരിക്കൽ പോലും ഒരു സംശയം നമുക്കിടയിൽ ഉണ്ടായിട്ടേയില്ല. അല്ലെങ്കിൽ തന്നെ എന്റെ ആത്മാവിനെ ആവാഹിച്ചെടുത്തവന് എന്നെ തിരിച്ചറിയാൻ എന്തിനാണൊരു അടയാളം. അപ്രതീക്ഷിതമായി ഒരു ദിവസം രാവിലെ നാലു മണിയോടെ എനിക്കൊരു കോൾ വന്നു. “നേരം പുലർന്ന ശേഷം എയർപോർട്ടിലേക്കു വാ.” നിമിഷങ്ങൾ കൊണ്ടാണ് ഉറക്കച്ചടവ് മാറിയത്. പിടഞ്ഞെഴുന്നേറ്റു വീണ്ടും ചോദിച്ചു “എന്താ പറഞ്ഞേ…? ” മറുപടി ആയി അവന്റെ ചിരി ആയിരുന്നു, ” എന്നെ കാണാൻ കാത്തിരുന്ന ആൾക്ക് വേണ്ടി പുലരും വരെ ഞാൻ കാത്തിരിക്കാം” വീണ്ടും അവന്റെ കുസൃതി ചിരിയും….