ദൈവവും ദൈവങ്ങളും ദൈവവും [Master]

Posted by

ദൈവവും ദൈവങ്ങളും ദൈവവും

Daivavum Daivangalum Daivavum | Author : Master

ഈ സൈറ്റുമായി ബന്ധമുള്ള കഥയല്ല ഇത്. പക്ഷെ നമ്മള്‍ ഓരോരുത്തരുമായി വളരെ വളരെ അടുത്ത ബന്ധമുള്ള കഥയാണ്.

ഒരിടത്ത് ഒരു കോടീശ്വരന്‍ ഉണ്ടായിരുന്നു. ഇട്ടുമൂടാനുള്ള പണം എന്നൊക്കെ കേട്ടിട്ടുണ്ടല്ലോ? അതിലേറെ ഉള്ള ഒരു മനുഷ്യന്‍. പണം കൊണ്ട് എന്തും സാധിക്കാന്‍ പ്രാപ്തിയുണ്ടായിരുന്ന അയാള്‍ക്ക്, ചുറ്റുമുള്ള സാധാരണ മനുഷ്യരോട് വലിയ മമത ഒന്നും ഉണ്ടായിരുന്നില്ല. മമത എന്നാല്‍ മമതാ ബാനര്‍ജിയോ കുല്‍ക്കര്‍ണിയോ അല്ല കേട്ടോ.

പണമാണ് പ്രമാണം, പണമില്ലാത്തവന്‍ പിണം എന്ന് അദ്ദേഹം സ്വജീവിതം കൊണ്ട് മനസ്സിലാക്കി. രാവിലെയും വൈകിട്ടും അദ്ദേഹം നടക്കാന്‍ പോകും. പണമില്ലാത്ത പിണങ്ങള്‍ അദ്ദേഹത്തെ വണങ്ങും, നമസ്കാരം പറയും. ബ്ലഡി കണ്ട്രി പ്യൂപ്പിള്‍ ലുക്കിംഗ് ഫോര്‍ മണി എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് അതിയാനവരെ നോക്കി പുച്ഛത്തോടെ ചിരിക്കും.

അവര്‍ നല്‍കുന്ന സ്നേഹത്തിന്റെ വില അതിയാനിട്ടത് പണത്തിന്റെ ബലവും മൂല്യവും നോക്കിയാണ്. തന്റെ പണം, തന്റെ സ്വാധീനം, ഇതൊക്കെയാണ് ഈ ദരിദ്രവാസികള്‍ തന്നോട് കാണിക്കുന്ന ഡ്രാമയുടെ കാരണം. ഇവന്മാരെപ്പോലെ താനുമൊരു ദരിദ്രവാസി ആയിരുന്നെങ്കില്‍, ഇവനൊന്നും തന്നെ ഗൌനിക്കുക പോലും ഇല്ലായിരുന്നു. സോ പണം താന്‍ മുഖ്യം.

അങ്ങനെയിരിക്കെ ഒരു വരള്‍ച്ച ഉണ്ടായി. കിണറായ കിണര്‍ ഒക്കെ വറ്റി. എങ്ങും വെള്ളമില്ല. സര്‍ക്കാര്‍ ഭരണപക്ഷവും പ്രതിപക്ഷവുമായി ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി ജനങ്ങളെ സേവിക്കവേ, ജനം വെള്ളത്തിനു നെട്ടോട്ടമോടി. പത്തു രൂപയുടെ മദ്യത്തിനു നൂറല്ല നൂറ്റിയമ്പത് രൂപ വില ഈടാക്കണം എന്ന് മൊല്ലാക്കയും നമ്പൂരിയും പാതിരിയും പറഞ്ഞതിന് മേലായിരുന്നു പ്രധാന ചര്‍ച്ച. കാരണം കേരളത്തില്‍ മദ്യപാനികള്‍ പാടില്ല. അതിനുള്ള ഏക മാര്‍ഗ്ഗം വില കൂട്ടുക; കൂട്ടിക്കൂട്ടി വിലയ്ക്ക് തന്നെ വില ഇല്ലാതാകണം. അപ്പൊ ലവമാര് പഠിക്കും. ഹിഹിഹി..

ബിവറേജസില്‍ ക്യൂ നിന്ന് വെയില് കൊണ്ട് വാടി ഞെങ്ങി ഞെരുങ്ങിയുള്ള ഇടുക്ക് വഴിയിലൂടെ ചെന്ന് വിഷം മേടിച്ച ശശി മേസ്തിരി, പുറത്ത് വന്നപ്പോള്‍ വെള്ളം നഹി.

വെള്ളം എവിടെ? വെള്ളം കടലിലുണ്ട്, കായലിലുണ്ട്, കുളത്തിലുണ്ട്, പക്ഷെ കിണറ്റില്‍ ഇല്ല.

ജപ്പാന്‍ കുടിവെള്ള പദ്ധതി എവിടെ? ആരോ ആരോടോ ചോദിച്ചു. കായലില്‍ വെള്ളം ഉണ്ടല്ലോ? ഇത് ശുദ്ധീകരിച്ചു കൊടുത്തുകൂടെ?

അച്ചോ, വെള്ളമില്ല. മോല്ലാക്കെ വെള്ളം നഹി. തിരുമേനി വാട്ടര്‍ കേലിയെ ക്യാ പണ്ണും?

ജനം അതാതു മതനേതാക്കളെ കണ്ടു പരാതി പറഞ്ഞു. എല്ലാം ഭഗവാന്റെ, അള്ളാന്റെ, കര്‍ത്താവിന്റെ ലീലാവിലാസം..

അപ്പൊ വെള്ളമില്ല, കള്ളുണ്ട്. കള്ളിന് പത്തിരട്ടി വില. വെള്ളത്തിനു വിലയില്ല, അതുകൊണ്ട് വെള്ളം നല്‍കാന്‍ സര്‍ക്കാരിനും താല്‍പ്പര്യമില്ല.

കോടീശ്വരന്‍ നടക്കാനിറങ്ങി. വെള്ളം കുടിക്കാനില്ലാത്ത പാവങ്ങള്‍ മലിനജലം കുടിച്ച് ദാഹം തീര്‍ക്കുമ്പോള്‍ മിനറല്‍ വാട്ടര്‍ പരസ്യമായി കുടിച്ച് അതിയാന്‍ നടന്നു. കോരന്റെ കുഞ്ഞ് കുളവെള്ളം കുടിച്ചു വയറിളകി ആശുപത്രിയിലാണ്. പലരും പല അസുഖങ്ങള്‍ മൂലം ഞരങ്ങി ഞരങ്ങി ജീവിക്കുന്നു.

കോടീശ്വരന്‍ നടന്നുവരവേ മിനറല്‍ വാട്ടര്‍ കുടിച്ചു, അനന്തരം കുഴഞ്ഞു വീണു. കോരനാണ് ആദ്യം കണ്ടത്. അവന്‍ ഓടിച്ചെന്ന് അയാളെ നോക്കി. തുടര്‍ന്ന് വിളിച്ചുകൂവി. ബഹളം; ജനക്കൂട്ടം.

കോടീശ്വരനെ ജനക്കൂട്ടം ആശുപത്രിയില്‍ എത്തിക്കുന്നു. കോരന്റെ അസുഖം മാറിയ കുഞ്ഞ് തനിയെ എഴുന്നേറ്റ് വന്നു കോടീശ്വരനെ കണ്ടു ദുഖിക്കുന്നു; അയാള്‍ ആരെന്നറിയാതെ കരയുന്നു. അയാളെ രക്ഷിക്കാന്‍ രക്തം ഉള്‍പ്പെടെ വേണ്ടതെല്ലാം നല്‍കാന്‍ അവര്‍ ഓരോരുത്തരും തയ്യാറാകുന്നു..

ജീവിതത്തിലേക്ക് തിരികെ നടന്നു കയറുന്ന കോടീശ്വരന്‍ മുകളിലേക്ക് നോക്കി ദൈവത്തിനു നന്ദി പറയുന്നു; കോരിച്ചൊരിയുന്ന പേമാരി.. മഴ മഴ..ദൈവമേ ഈ പാവങ്ങള്‍ക്ക് എല്ലാം നല്‍കണേ..എന്നെപ്പോലെ അവര്‍ക്കും നല്‍കണേ..അവരാണ് അങ്ങയുടെ പ്രതിനിധികള്‍..ഞാനൊക്കെ അവരെക്കൊണ്ടു ഉപജീവിക്കുന്ന, ജീവിക്കുന്ന ഒരു കൃമി.. ദൈവമേ അവര്‍ക്ക് എല്ലാം നല്‍കണേ..

കുട ചൂടി കോടീശ്വരന്‍ നടന്നു.. അവരുടെ പുഞ്ചിരി ഇപ്പോള്‍ ദൈവത്തിന്റെ പുഞ്ചിരിയാണ് അയാള്‍ക്ക്.. അയാള്‍ അവര്‍ക്ക് ഇപ്പോഴും അവരുടെ ദൈവവും…

Leave a Reply

Your email address will not be published. Required fields are marked *